പി ജെ ജോസഫിനെ നേരില്‍ കണ്ടില്ല; സ്ഥാനാര്‍ത്ഥി തിരക്കിലെന്ന് ജോസ് കെ മാണി

Web Desk
Posted on September 15, 2019, 10:38 pm

സരിത കൃഷ്ണന്‍

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പി ജെ ജോസഫിനെ നേരില്‍ സന്ദര്‍ശിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് അതൃപ്തി. യുഡിഎഫ് ഇടപെട്ട് ജോസ്-ജോസഫ് വിഭാഗം തമ്മിലുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും സ്ഥാനാര്‍ത്ഥി ജോസഫിനെ നേരില്‍ കാണാന്‍ ഇതുവരെ തയ്യാറായിട്ടില്ല. വരുന്ന പതിനെട്ടാം തീയതി പാലയില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പി ജെ ജോസഫ് പങ്കെടുക്കുമെന്ന് അറിയിച്ച സാഹചര്യത്തിലും ജോസ് കെ മാണി വിഭാഗം കടുംപിടുത്തം തുടരുന്നതില്‍ ജോസഫ് വിഭാഗത്തിന് അമര്‍ഷമുണ്ട്.

പി ജെ ജോസഫിനെ കാണാന്‍ സ്ഥാനാര്‍ഥി എത്താത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു. ജോസഫിനെ കണ്ടാല്‍ വോട്ട് കുറയുമെന്നാണോ ചിലരുടെ പേടിയെന്നും സജി ചോദിച്ചു. പാലായിലെ കണ്‍വെന്‍ഷനിലെ കൂവലും പ്രതിഛായയിലെ ലേഖനവും മൂലം പ്രചാരണത്തില്‍ നിന്നും ഇടഞ്ഞു നിന്ന ജോസഫിനെ കോണ്‍ഗ്രസ് നേതാക്കളാണ് അനുനയിപ്പിച്ച് വീണ്ടും പാലായിലെത്തിച്ചത്. തെരഞ്ഞെടുപ്പ് വരെ തര്‍ക്ക വിഷയങ്ങള്‍ സംസാരിക്കരുതെന്ന് യുഡിഎഫ് ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജോസഫിനെ കാണാന്‍ അനുവാദം ചോദിച്ച ജോസ് ടോമിനെ ജോസ് കെ മാണി ഇടപെട്ട് വിലക്കിയതായി ആ സമയത്തുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജോസഫ് പ്രചാരണത്തില്‍ സജീവമാകാനൊരുങ്ങുമ്പോഴും ജോസ് കെ മാണിയുടെ ഇടപെടല്‍ കല്ലുകടിയാവുന്നുണ്ട്. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കായതിനാലാണ് ജോസഫിനെ സന്ദര്‍ശിക്കാത്തതെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.