June 29, 2022 Wednesday

കൊറോണ വൈറസ് മനുഷ്യരിലെത്തിയത് പാമ്പുകൾ വഴിയോ? വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

By Janayugom Webdesk
January 23, 2020

ചൈനയിൽ പതിനേഴ് പേരുടെ ജീവനെടുത്ത നോവൽ കൊറോണ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്നതെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. തുടർന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പടരുമെന്നും സ്ഥിരീകരിച്ചു. എന്നാല്‍ ഇവ മനുഷ്യരിലേയ്ക്കെത്തിയത് പാമ്പില്‍ നിന്നാണെന്നാണ് പുതിയ കണ്ടെത്തല്‍.

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ഇവിടെ രോഗബാധ കണ്ടെത്തിയവര്‍ക്കെല്ലാം ഹോള്‍സെയ്ല്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച കടല്‍മീനുകള്‍, കോഴി, പാമ്പ്, വവ്വാല്‍ തുടങ്ങിയവയുമായി സമ്പർക്കമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അവലോകനം ചെയ്ത് ചൈനയിലെ പീക്കിങ് സര്‍വകലാശാല ആരോഗ്യശാസ്ത്ര വിഭാഗം നടത്തിയ നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍.

you may also like this video;

പല ഭാഗങ്ങളിലുണ്ടായ കൊറോണ വൈറസ് ബാധയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തില്‍ വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസും കണ്ടെത്താനാകാത്ത മറ്റൊരു ശ്രോതസ്സുമാണ് നോവല്‍ കൊറോണ പരത്തുന്നതെന്നായിരുന്നു ഗവേഷകരുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വൈറസ് മനുഷ്യരിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് പാമ്പുകളിലായിരിക്കാം അധിവസിച്ചിരുന്നത് എന്ന് കണ്ടെത്തി.

ഇപ്പോള്‍ പടരുന്ന വൈറസിന് 2002–2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുണ്ട്. ഇതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും വൈകാതെ രോഗിയുടെ ആരോഗ്യനില സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നതായിരുന്നു ‘സാര്‍സ്‘ന്റെ രീതി. അതിന് സമാനമായാണ് ‘കൊറോണ’യും പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.