മഴ ചതിച്ചു; ഡാമുകളിൽ ജലനിരപ്പ് ഉയർന്നില്ല

എവിൻ പോൾ

തൊടുപുഴ:

Posted on July 01, 2020, 8:16 pm

എവിൻ പോൾ

മൺസൂൺ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ജലനിരപ്പ് 22 ശതമാനം മാത്രം. ജൂൺ 1 മുതൽ 30 വരെ 843 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുമെന്നായിരുന്നു കെ എസ് ഇ ബിയുടെ കണക്കുകൂട്ടൽ. എന്നാൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് പോലും മഴയെത്തിയില്ല. ജൂൺ 30 വരെയുള്ള കാലയളവിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 313.474 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള ജലമാണ്.

പ്രതീക്ഷിച്ച നീരൊഴുക്കിന്റെ പകുതി പോലും ഒരു മാസം പിന്നിട്ടിട്ടും ഡാമുകളിലേക്കെത്താത്തത് കെ എസ് ഇബിക്ക് തെല്ല് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജൂൺ 1ന് 26 ശതമാനം ജലം സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി ഉണ്ടായിരുന്നു. 1076.262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമുകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും ഉയർന്ന ജലനിരപ്പുമായിരുന്നു ഇത്. എന്നാൽ മൺസൂൺ ആരംഭിച്ചിട്ടും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കാത്തതും നീരൊഴുക്ക് കുറഞ്ഞതും ജലനിരപ്പ് കുറയാൻ കാരണമായി.

വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കിയിൽ 2328.68 അടിയാണ് ഇന്നലത്തെ ജലനരിപ്പ്. ഇത് ഡാമിന്റെ സംഭരണ ശേഷിയുടെ 29 ശതമാനം വരും. കഴിഞ്ഞ വർഷം ഇതേസമയം 2304.72 അടിയായിരുന്നു ജലനിരപ്പ്. ജൂൺ 1ന് ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 36 ശതമാനം ജലമുണ്ടായിരുന്നതായിട്ടാണ് കണക്ക്.

പമ്പ 15ശതമാനം,ഷോലയാർ12,ഇടമലയാർ13,കുണ്ടള13,മാട്ടുപ്പെട്ടി8,കുറ്റ്യാടി23,ആനയിറങ്കൽ6,പോന്മുടി15,നേര്യമംഗലം33,ലോവർ പെരിയാർ 38 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജലാശയങ്ങളിലെ ജലനിരപ്പ്. മഴ പ്രതീക്ഷിച്ചത്ര ലഭിക്കാത്തതിനാൽ ഇടുക്കി പദ്ധതിയിൽ ഉൾപ്പെടെ വൈദ്യുതോൽപ്പാദനം കുറയ്ക്കുമെന്നാണ് കെഎസ്ഇബി അധികൃതർ നൽകുന്ന സൂചന. സംസ്ഥാനത്ത് ഇന്നലെ 21.3972 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. നിലവിൽ മൂലമറ്റത്ത് മാത്രം ശരാശരി 9.7935 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്.ഇന്നലെ മാത്രം 9.573 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉൽപ്പാദിപ്പിച്ചു. സംസ്ഥാനത്ത് ഇന്നലെ വൈദ്യുതോപഭോഗം 64.4323 ദശലക്ഷം യൂണിറ്റായിരുന്നു. 21.3972 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉൽപ്പാദനം.43.0351 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഇന്നലെ പുറത്ത് നിന്നാണെത്തിച്ചത്.

ENGLISH SUMMARY: did­n’t increase water lev­el in dams

YOU MAY ALSO LIKE THIS VIDEO