ഡീസല്‍, പെട്രോള്‍ വിലവര്‍ധന, പ്രതിഷേധം ശക്തം

Web Desk
Posted on January 18, 2018, 10:46 pm

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തില്‍ ഈ മാസം 24 ന് വാഹന പണിമുടക്ക് നടക്കും. സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ജനുവരി 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
പ്രതിദിനം വില കൂട്ടുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനാല്‍ ആഗോളവിപണിവില പരിഗണിക്കാതെ വില വര്‍ധിപ്പിക്കുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എഐവൈഎഫ് നേതൃത്വത്തില്‍ യുവജനങ്ങളും ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ച് നടത്തി.
പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളുടെയും യോഗം വിലയിരുത്തി. ദിവസംതോറും വിലയില്‍ ചെറിയ വര്‍ദ്ധന വരുത്തി മാസാമാസം വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഫലമായുണ്ടായതാണ് ഈ കെടുതി. മോട്ടോര്‍ തൊഴിലാളികളും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്. വലിയ വിലക്കയറ്റത്തിനാണ് ഈ വര്‍ദ്ധന ഇടയാക്കുക. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും നേരത്തെ വര്‍ദ്ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കുകയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും ചെയ്യണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. അതോടൊപ്പം റോഡ്ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജനറല്‍ കണ്‍വീനര്‍ കെ കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ ജെ ഉദയഭാനു (എഐടിയുസി), പി നന്ദകുമാര്‍ (സിഐടിയു), അഡ്വ. ഇ നാരായണന്‍ നായര്‍, വി ആര്‍ പ്രതാപന്‍(ഐഎന്‍ടിയുസി), അഡ്വ. ടി സി വിജയന്‍ (യുടിയുസി), മനയത്ത് ചന്ദ്രന്‍, മനോജ് ഗോപി(എച്ച്എംഎസ്), വി കെ എ തങ്ങള്‍ (എസ്ടിയു), മനോജ് പെരുമ്പള്ളി (ജനതാ ട്രേഡ് യൂണിയന്‍), സലിം ബാബു (ടിയുസിഐ) തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, ടി ഗോപിനാഥന്‍, വിജെ സെബാസ്റ്റ്യന്‍, പി കെ മൂസ, എം ബി സത്യന്‍, ജോണ്‍സണ്‍ പയ്യപ്പള്ളി, ജോസ് കുഴിപ്പില്‍, നൗഷാദ് ആറ്റുപറമ്പത്ത്, ആര്‍ പ്രസാദ്, എം കെ ബാബുരാജ്, എ ഐ ഷംസുദ്ദീന്‍, (ബസ്) കെ കെ ഹംസ, കെ ബാലചന്ദ്രന്‍, (ലോറി), പി പി ചാക്കോ (ടാങ്കര്‍), എം കെ വിജയന്‍, കെ ജി ഗോപകുമാര്‍(വര്‍ക്ക് ഷോപ്പ്) എന്‍ എച്ച് കാജാഹുസൈന്‍ (യൂസ്ഡ് വെഹിക്കിള്‍) കെ രാജഗോപാല്‍ (സ്‌പെയര്‍ പാര്‍ട്‌സ്), എറ്റിസി കുഞ്ഞുമോന്‍ (പാഴ്‌സല്‍ സര്‍വ്വീസ്) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.