നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ എന്ന് കേട്ടപ്പോൾ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നാണ് രാജ്യം ഒന്നടങ്കം ഒരേസ്വരത്തിൽ പറഞ്ഞത്. ഇന്ത്യയിൽ ഓരോദിവസവും ശരാശരി 92 ബലാത്സംഗങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. അതായത് ഓരോ മണിക്കൂറിലും മൂന്നു സ്ത്രീകൾ വീതം ബലാത്സംഗം ചെയ്യപ്പെടുന്നു എന്നർത്ഥം. പുറംരാജ്യങ്ങളിലേതുപോലെ കർക്കശമായ നിയമങ്ങൾ ഇല്ലാത്തതാണ് ബലാത്സംഗങ്ങളിൽ കുറവുണ്ടാകാത്തതിന് കാരണം എന്ന അഭിപ്രായമുള്ളവരും ഏറെയാണ്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബലാത്സംഗക്കേസുകളിൽ പ്രതികളാവുന്നവർക്ക് നൽകുന്നത്.
ഇന്ത്യ
ഇന്ത്യയിൽ ബലാത്സംഗവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും പുതിയ നിയമനിർമാണമാണ്, ഏപ്രിൽ 2013 ‑ലെ ആന്റി റേപ്പ് ബിൽ. അതിൻപ്രകാരം കുറ്റക്കാർ എന്ന് കണ്ടെത്തുന്നവർ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെടാൻ അർഹരാണ്. അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതിക്ക് തോന്നുന്ന ചില കേസുകളിലെങ്കിലും വധശിക്ഷയ്ക്കും. പ്രായപൂർത്തിയാകാത്തവർക്ക് എതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് പോക്സോ അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫെൻസസ് എന്ന പ്രത്യേക വകുപ്പ് നിയമങ്ങളുമുണ്ട് ഇന്ത്യയില്.
സൗദി അറേബ്യ
സൗദി അറേബ്യയാണ് ബലാത്സംഗത്തോട് ഏറ്റവും കടുത്ത നിലപാടെടുക്കുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. ചെറുതായി ഒന്ന് മയക്കിയശേഷം പരസ്യമായി തലവെട്ടുകയാണ് പതിവ്. കുറ്റകൃത്യം നടന്ന്, പ്രതി പൊലീസ് പിടിയിലായിക്കഴിഞ്ഞാൽ ദിവസങ്ങൾക്കകം ശിരച്ഛേദം നടക്കും
ചൈന
ചൈനയിൽ ബലാത്സംഗികൾക്കുള്ള ശിക്ഷ മരണമാണ്. ചില കേസുകളിൽ, പ്രതികളെ വധിക്കുന്നതിനു മുമ്പ് അവരുടെ ലൈംഗികാവയവങ്ങൾ ഛേദിച്ചു കളയുക എന്ന രീതിയും നിലവിലുണ്ട്. 2015 വരെ ചൈനയിൽ സ്വവർഗ ബലാത്സംഗം ക്രിമിനൽ കുറ്റമല്ലായിരുന്നു.
ഫ്രാൻസ്
ഫ്രാൻസിൽ ബലാത്സംഗക്കുറ്റം തെളിയിക്കപ്പെട്ടാൽ 15 മുതൽ 30 വർഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടാം. എത്രമാത്രം ക്രൂരമായിട്ടാണ് ബലാത്സംഗത്തിനിടെ പ്രതി പ്രവർത്തിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും ശിക്ഷയുടെ കാഠിന്യം.
ഈറാൻ
ഇറാനിൽ ബലാത്സംഗക്കുറ്റം തെളിഞ്ഞാൽ പ്രതിയെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് ശിക്ഷ. ചില കേസുകളിൽ തൂക്കിക്കൊല്ലലും നടപ്പിലാക്കാറുണ്ട്. ഇവിടെയും വളരെ പരസ്യമായിട്ടാണ് ശിക്ഷ നടപ്പിലാക്കാറുള്ളത്. മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഈ പരസ്യമായ നടപടി. ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സമ്മതമുണ്ടെങ്കിൽ, കനത്ത ഒരു തുക നഷ്ടപരിഹാരമായി നൽകി നൂറു ചാട്ടയടി മാത്രം ഏറ്റുവാങ്ങിയും, കേസിൽ നിന്ന് ഒഴിവാകാനുള്ള വ്യവസ്ഥയുണ്ട് ഇവിടത്തെ നിയമത്തിൽ.
അഫ്ഗാനിസ്
അഫ്ഗാനിസ്ഥാനിലും കടുത്ത ശിക്ഷകളാണ് ബലാത്സംഗം ചെയ്യുന്നവരെ കാത്തിരിക്കുന്നത്. ഒന്നുകിൽ നെറ്റിയിൽ വെടിവെച്ചു കൊല്ലുക, അല്ലെങ്കിൽ തൂക്കിലേറ്റുക, ഇവയാണ് ശിക്ഷകൾ. ശിക്ഷ വിധിച്ചാൽ നാലു ദിവസത്തിനകമാണ് നടപ്പാക്കുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ബലാത്സംഗത്തിന് യുഎയിൽ നൽകപ്പെടുന്ന ശിക്ഷ കഴുമരമാണ്. ഇതിനുമാത്രം നഷ്ടപരിഹാരം നൽകി രക്ഷപ്പെടാനാവില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരാഴ്ചക്കകം പ്രതി തൂക്കിലേറ്റപ്പെടും.
നെതർലൻഡ്സ്
ഒരു പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ ഒന്നുമ്മവെച്ചാൽ മതി, അത് ബലാത്സംഗമായാണ് നെതർലൻഡ്സ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് നാല് വർഷം വരെ ജയിൽ കിടക്കാനുള്ള വകുപ്പുണ്ട്. പരമാവധി ശിക്ഷ പതിനഞ്ചു വർഷമാണ്. ഇവിടെ ലൈംഗിക തൊഴിലാളിയ്ക്ക് നേരെ പ്രവർത്തിക്കുന്ന ലൈംഗിക അതിക്രമത്തിന് നാല് വർഷത്തെ കഠിനതടവ് വരെ ലഭിച്ചേക്കാം.
ഇങ്ങനെ വിവിധ രീതിയിൽ ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് ശിക്ഷ നിലനിൽക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്ത് നിരവധി കേസുകളിൽ ഇത്തരം പ്രതികൾ രക്ഷപ്പെടുന്നു എന്നത് നിരാശാജനകമായ കാര്യമാണ്.
English summary: Punishment for rape case accused in different countries
You may also like this video