ഭിന്നശേഷി പരീക്ഷാനുകൂല്യം ദുരുപയോഗം ചെയ്യല്‍, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Web Desk
Posted on March 20, 2018, 10:56 am

സുരേഷ് എടപ്പാള്‍
മലപ്പുറം: ഭിന്നശേഷിക്കാരുടെ പരീക്ഷാനുകൂല്യം വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്ന പ്രശ്‌നത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസെടുത്തു. ജനയുഗത്തില്‍ വന്ന വാര്‍ത്താപരമ്പരയുടെ അടിസ്ഥാനത്തിലാണ് വിഷയം ഗൗരവതരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി ജെ ആന്റണി കേസെടുക്കാന്‍ തീരുമാനിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമള്ളവര്‍ക്ക് നോട്ടീസയക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ഭിന്നശേഷിക്കാരുടെ ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്നതായി ജനയുഗം വാര്‍ത്ത കമ്മിഷന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഇതുസംബന്ധിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു.
പത്താം ക്ലാസ് പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍വര്‍ധനവും ഭിന്നശേഷി പരീക്ഷാനുകൂല്യം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഗൗരവമേറിയതാണെന്നും ചില സ്‌കൂളുകളില്‍ മനുഷ്യനെ ശേഷിയില്ലാത്തവരാക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മനസ്സിലാക്കുന്നതായും കമ്മിഷന്‍ പ്രതികരിക്കുകയുണ്ടായി. കപ്പാസിറ്റി ബില്‍ഡിംഗ് ജീവിതാനുഭവങ്ങളിലൂടെ ഉണ്ടാക്കപ്പെടുന്നത്. കേരളത്തിന്റെ ഭാവി തലമുറയെ ആത്മവിശ്വാസമുള്ളവരാക്കാനുള്ള കച്ചവടതന്ത്രമാണിത്. കുട്ടിയല്ല പ്രശ്‌നം സ്‌കൂളിന്റെ വിജയശതമാനമാണ് വലുത്. ഭിന്നശേഷിക്കാരെ സൃഷ്ടിച്ചെടുക്കാനാണ് ഇക്കൂട്ടര്‍ മത്സരിക്കുന്നത്. കച്ചവടത്തിന് ഭിന്നശേഷി ആവുന്നതാണ് ലാഭകരമെങ്കില്‍ അവരെ അത്തരക്കാരാക്കുന്നു. മത്സരാടിസ്ഥാനത്തിലും കച്ചവടതാല്‍പര്യത്തിലൂടെയും മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയാല്‍ ഇതൊക്കെ സംഭവിക്കും. ഭിന്നശേഷിക്കാരുടെ ആനുകൂല്യത്തോടെ പത്താക്ലാസ്സ് പരീക്ഷ എഴുതി കൂട്ടികളുടെ കണക്കുകള്‍ കമ്മീഷന്‍ കൃത്യമായി ശേഖരിക്കും. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പരിശോധിക്കും. വസ്തുതകള്‍ പരിശോധിച്ച് നടപടിയെടുക്കും.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കേസ്സെടുത്തതോടെ നിലവിലുള്ള രീതിയില്‍ പരീക്ഷാതട്ടിപ്പും വിജയം കൊയ്യലും അവസാനിക്കാന്‍ സാധ്യത തെളിയുന്നുണ്ട്. മാത്രമല്ല നിയമസഭയില്‍ ഇതു സംബന്ധിച്ച് ഇ കെ വിജയന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് 23ന് വിദ്യാഭ്യാസമന്ത്രി തന്നെ മറുപടി പറയാനിരിക്കെ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ നിലവിലെ സംവിധാനത്തിന്റെ പഴുതടക്കണമെന്ന പൊതു ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.