കൊറോണാ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ജനങ്ങൾക്ക് നൽകുന്നുണ്ട്. അത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ചിത്രങ്ങളിലും പാട്ടുകളിലുമാക്കി പല കലാകാരന്മാരും അവരുടേതായ ശൈലിയിൽ ബോധവത്ക്കരണം നടത്തുന്നുണ്ട്. അങ്ങനെ വ്യത്യസ്തമായ രീതിയിൽ ഓൺലൈൻ ക്യാരിക്കേച്ചർ ബോധവത്ക്കരണ ക്യാമ്പയിൻ നടത്തുകയാണ് പ്രശസ്ത കാർട്ടൂണിസ്റ്റ് ‘കാർട്ടൂൺമാൻ’ എന്നറിയപ്പെടുന്ന ഇബ്രാഹിം ബാദുഷ. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഓരോരുത്തർക്കും പ്രൊഫൈൽ ചിത്രങ്ങളായി ക്യാരിക്കേച്ചർ വരച്ചു നൽകുകയാണ് കാർട്ടൂൺമാൻ.
സാധാരണ ക്യാരിക്കേച്ചറുകളിൽ നിന്നും വ്യത്യസ്തമായി ഓരോ ചിത്രങ്ങളും ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്നവയാണ്. മാസ്ക് ധരിക്കുക, സാനിറ്റൈസർ — സോപ്പ് എന്നിവ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ബോധവത്ക്കരണ സന്ദേശങ്ങളാണ് പ്രൊഫൈൽ ചിത്രങ്ങളിലൂടെ ബാദുഷ നൽകുന്നത്. ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ മറ്റ് പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ക്വാറന്റൈൻ ദിനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചവർ തുടങ്ങിയവരുടെ ബോധവത്ക്കരണ ക്യാരിക്കേച്ചറുകൾ വരച്ചു തുടങ്ങിയ ക്യാമ്പയിന് പ്രവാസികളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നൂറോളം കോവിഡ് ബോധവത്കരണ പ്രൊഫൈൽ ചിത്ര ക്യാരിക്കേച്ചറുകൾ വരച്ച ഇദ്ദേഹം ഡിജിറ്റൽ ബോധവത്കരണം തുടരുകയാണ്. ചെറിയ തുക നൽകിയാണ് ആളുകൾ അവരുടെ ബോധവത്കരണ ക്യാരിക്കേച്ചറുകൾ കൈക്കലാക്കുന്നത്.
ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ചിത്രകലാ ക്ലാസുകൾ സംഘടിപ്പിക്കുകയും അന്താരാഷ്ട്ര ഓൺലൈൻ കാർട്ടൂൺ എക്സിബിഷനുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് ഈ യുവ കാർട്ടൂണിസ്റ്റ്.
പ്രളയകാലത്തെ അതിജീവനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാർട്ടൂൺ ക്ലബ് ഓഫ് കേരള ലൈവ് ക്യാരിക്കേച്ചർ ഷോ സംഘടിപ്പിച്ചപ്പോൾ സ്ഥിര സാന്നിദ്ധ്യമായിരുന്നു കാർട്ടൂൺമാൻ.
ENGLISH SUMMARY: digital awareness through cartoon campaign
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.