March 21, 2023 Tuesday

കറൻസി തന്നെ രാജാവെന്ന് ആർബിഐ; ഡിജിറ്റൽ ഇന്ത്യ ഫലംകണ്ടില്ല

Janayugom Webdesk
മുംബൈ
February 25, 2020 9:46 pm

നോട്ട് നിരോധനത്തിന് മൂന്ന് വർഷത്തിനിപ്പുറവും പണം തന്നെയാണ് വിപണിയിലെ താരമെന്ന് റിസർവ് ബാങ്ക്. 2016 നവംബർ എട്ടിനാണ് അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ കേന്ദ്രസര്‍ക്കാർ നിരോധിച്ചത്. കള്ളനോട്ടുകൾ ഇല്ലാതാക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു നടപടി. ഇത് വേണ്ടത്ര ഫലംകണ്ടിട്ടില്ലെന്നാണ് പുതിയ വിലയിരുത്തലു സൂചിപ്പിക്കുന്നത്.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായതോടെ കറൻസിയുടെ വ്യാപനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്നും റിസർവ് ബാങ്ക് വെളിപ്പെടുത്തി. മൂന്നരലക്ഷം കോടി രൂപയുടെ കറൻസി ഇടപാടുകളാണ് കുറഞ്ഞിട്ടുള്ളത്. രാജ്യത്തെ ഡിജിറ്റൽ ഇടപാടിന്റെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ 61 ശതമാനം വർദ്ധനയും മൂല്യത്തിൽ പത്തൊൻപത് ശതമാനം വർദ്ധനയും ഉണ്ടായെന്ന് ആർബിഎ പറയുന്നു. എന്നാൽ പണമായി തന്നെ ഇടപാടുകൾ നടത്താനാണ് കൂടുതൽ പേരും താല്പര്യപ്പെടുന്നതെന്നും ഡിജിറ്റൈസേഷൻ പ്രക്രിയ എങ്ങനെ നടക്കുന്നുവെന്നതിനെ സംബന്ധിച്ച് ആർബിഐ നടത്തിയ നിരീക്ഷണം വ്യക്തമാക്കുന്നു.

നോട്ടുകളുടെ വിനിമയത്തിൽ 2014 ഒക്ടോബറിനും 2016 ഒക്ടോബറിനും ഇടയിൽ പതിനാല് ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. ഇതേ വളർച്ചാനിരക്ക് തന്നെയാണ് 2019 ഒക്ടോബർ വരെയുള്ളതും. കറൻസിയുടെ വ്യാപനം 26,04,953 കോടിയുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നോട്ട് നിരോധനത്തോടെ ഡിജിറ്റൽ ഇടപാടുകൽ വർദ്ധിച്ചിട്ടുണ്ട്. 2016–17ൽ 8.7 ശതമാനമായിരുന്ന ഇടപാട് 2017–18ൽ 10.70ശതമാനമായി ഉയർന്നു. 2018–19ൽ ഇത് 11.2 ശതമാനമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് നോട്ട് നിരോധനത്തിന് മുമ്പ് 2015–16ൽ നടന്ന 12.1 ശതമാനം ഡിജിറ്റൽ ഇടപാടുകളെക്കാൾ ഏറെ കുറവാണെന്നും ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്കും ബാങ്ക് അക്കൗണ്ടില്ല. അത് കൊണ്ടുതന്നെ ഡിജിറ്റൽ ഇടപാടുകൾ ഇവർക്ക് അപ്രാപ്യവുമാണ്. എന്നാൽ വേഗതയും സൗകര്യവും മത്സരവും ആകും ഭാവി ഇടപാടുകളെ സ്വാധീനിക്കുകയെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. ചില്ലറ ഇടപാടുകളിലും ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടിന്റെ സൗകര്യവും സ്വീകാര്യതയുമാണ് ഇത് വ്യക്തമാക്കുന്നതെന്നും ആർബിഐ അവകാശപ്പെടുന്നു.

ENGLISH SUMMARY:Digital india is unsuccessful

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.