December 1, 2022 Thursday

ഡിജിറ്റൽ റീസർവേ: വിജയം കാണേണ്ട മഹത് യത്നം

Janayugom Webdesk
November 2, 2022 5:00 am

കേരളപ്പിറവിയുടെ വാർഷിക ദിനത്തിൽ ഇന്നലെ സംസ്ഥാനത്ത് നവീനമായ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കുകയും പൂർത്തീകരണമുണ്ടാവുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം ശ്രദ്ധേയമാണെങ്കിലും എടുത്തു പറയേണ്ടതാണ് റീസർവേയിലെ ഡിജിറ്റൽ വിപ്ലവം എന്ന പേരിട്ട് ആരംഭിക്കുന്ന ഭൂസർവേ പ്രവർത്തനം. ആധുനിക സാങ്കേതിക വിദ്യയെ പൂർണമായും ആശ്രയിച്ചുകൊണ്ട് മുഴുവൻ ഭൂപ്രദേശങ്ങളും അളന്നു തിട്ടപ്പെടുത്തുകയും സമഗ്രമായ ഭൂരേഖ തയാറാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയായിരുന്ന കാലത്ത് അതാത് പ്രദേശങ്ങളിലെ രാജാക്കന്മാരും അധികാരികളും സർവേ നടത്തി തയാറാക്കിയ ഭൂരേഖകളാണ് ഇന്നും അടിസ്ഥാനപ്രമാണങ്ങളായി നിലനില്ക്കുന്നത്. അവയ്ക്കാകട്ടെ നൂറ്റാണ്ടിലധികം പഴക്കവുമുണ്ട്. ഐക്യകേരളപ്പിറവിക്കു ശേഷം 1966ൽ സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്തുന്നതിനും കാലാനുസൃതമായ ഭൂരേഖകൾ തയാറാക്കുന്നതിനുമുള്ള റീസർവേ നടപടികൾ ആരംഭിച്ചുവെങ്കിലും നാളിതുവരെയായി അത് പൂർത്തീകരിക്കുവാനായില്ല. 56 വർഷം പിന്നിടുമ്പോഴും ഔദ്യോഗിക കണക്കുകൾ പ്രകാരം 1666ൽ 911 വില്ലേജുകളിൽ മാത്രമാണ് റീ സർവേ നടന്നത്. അതിൽ പല വില്ലേജുകളിലും വിവിധ തരത്തിലുള്ള പരാതികളുടെ പ്രവാഹമുണ്ടായതിനാൽ രേഖകൾ പൂർണമാക്കുവാൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. 1966ൽ ആരംഭിച്ച റീസർവേ പ്രവർത്തനങ്ങളുടെ ഭാഗമായി പിന്നീടുവന്ന സർക്കാരുകൾ അതാതു കാലത്ത് ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുള്ള റീസർവേ പ്രവർത്തനങ്ങൾക്ക് രൂപം നല്കിയെങ്കിലും അതും പൂർണമായ ഫലംകണ്ടില്ല. 91 വില്ലേജുകളിൽ മാത്രമാണ് ഈ പ്രവർത്തനങ്ങൾ പൂർണാർത്ഥത്തിൽ നടന്നത്. ഇതെല്ലാംകൊണ്ടുതന്നെ ഭൂരിഭാഗം വില്ലേജുകളിലും നൂറ്റാണ്ടുപഴക്കമുള്ള പഴയ സർവേ രേഖകളെ തന്നെ ആശ്രയിക്കേണ്ട സ്ഥിതി ഇപ്പോഴും നിലനില്ക്കുകയാണ്.


ഇതുകൂടി വായിക്കൂ: സേവനങ്ങളുടെ ഡിജിറ്റൽ കാലം വരവായി


സർവേ നടന്ന് ഒരുനൂറ്റാണ്ടു പിന്നിടുമ്പോൾ നമ്മുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വലിയ മാറ്റം സംഭവിക്കുകയും തുണ്ടുവല്ക്കരണം വ്യാപകമാകുകയും ചെയ്തു. കേരള രൂപീകരണത്തിനുശേഷം ആരംഭിച്ച റീസർവേയാകട്ടെ പല കാരണങ്ങളാൽ നീണ്ടുപോയി. ഈ പശ്ചാത്തലത്തിലാണ് ‘എന്റെ ഭൂമി’ എന്ന പേരിൽ ലഭ്യമായ എല്ലാ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് നാലുവർഷത്തിനകം റീസർവേ പൂർത്തീകരിക്കുന്നതിനുള്ള പദ്ധതിക്ക് റവന്യുവകുപ്പ് രൂപം നല്കിയത്. ഡിജിറ്റലായി സർവേ നടന്ന 91,ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്ന 25 വില്ലേജുകളിലൊഴികെ 1550 വില്ലേജുകളിലും ഇക്കാലയളവിനിടയിൽ സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക ഉപകരണങ്ങളായ സിഒആർഎസ്, ആർടികെ-റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും സർവേ നടത്തുന്നത്. കൂടാതെ പത്തു ശതമാനം വരുന്ന തുറസായ പ്രദേശങ്ങളിൽ ഡ്രോൺ അധിഷ്ഠിത സർവേ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഭരണ നിർവഹണത്തിന്റെ പുതുവഴി


വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു യത്നത്തിനാണ് റവന്യു വകുപ്പ് ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങളിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. ഭൂമി ഇന്ന് കൃഷിക്കും വാസത്തിനും ഉപജീവനത്തിനുമായി ഉപയോഗിക്കുന്ന ഒന്നുമാത്രമല്ല എന്നതാണ് പ്രധാന വെല്ലുവിളി. മറിച്ച് വിപണിമൂല്യമുള്ള വിനിമയോപാധി കൂടിയാണിന്ന്. ഭൂമിയുമായി ബന്ധപ്പെട്ട് ശക്തമായ മാഫിയാവല്ക്കരണംതന്നെ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ അളവ് തിട്ടപ്പെടുത്തി രേഖകളുണ്ടാക്കുകയോ വ്യക്തികളുടെ ഉടമസ്ഥത തീരുമാനിക്കുകയോ ചെയ്യുന്നതിനപ്പുറം കയ്യേറ്റങ്ങൾ, കുടിയേറ്റങ്ങൾ, പരമ്പരാഗതമായി ലഭ്യമായ ഉടമസ്ഥത എന്നിങ്ങനെയുള്ള വിഷയങ്ങളെ സുതാര്യമായും നിയമപരമായും നിഷ്പക്ഷമായും സമീപിക്കുകയെന്നത് പ്രധാനമാണ്. ഭൂമിയുടെ തുണ്ടുവല്ക്കരണം മറ്റൊരു പ്രധാന പ്രശ്നമാണ്. 1966ൽ റീസർവേ നടപടികൾ ആരംഭിക്കുമ്പോൾ ഉള്ള ഭൂവുടമസ്ഥത ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെങ്കിലും സർവേ നടപടി നിശ്ചിത സമയവും അഞ്ചുദശകങ്ങളും പിന്നിട്ടിട്ടും പൂർത്തീകരിക്കുവാനായില്ല. 1970ൽ സി അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സമഗ്രമായ ഭൂപരിഷ്കരണ നിയമം ഭൂബന്ധങ്ങളിലും ഉടമസ്ഥതയിലും വലിയ മാറ്റങ്ങളുണ്ടാക്കി. ഉടമസ്ഥത ജന്മിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും കൈകളിൽ നിന്ന് കുടിയാന്മാരിലേയ്ക്കും ഭൂരഹിതരിലേയ്ക്കും മാറ്റപ്പെട്ടു. അവിടെ നിന്ന് കുറേകാലം കൂടി നാം മുന്നോട്ടുപോയപ്പോൾ ഭൂമിയുടെ അവകാശം അടുത്ത തലമുറയിലേയ്ക്കും തൊട്ടടുത്ത തലമുറയിലേയ്ക്കും മാറ്റപ്പെടുകയും തുണ്ടുഭൂമികളുടെ ഉടമസ്ഥത വർധിക്കുകയും ചെയ്തു. ഇത് വെല്ലുവിളികളിൽ മറ്റൊന്നാണ്. നിശ്ചിത വർഷങ്ങൾക്കകം പൂർത്തീകരിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച് 56 വർഷം മുമ്പ് ആരംഭിച്ച റീസർവേ നടപടികൾ അനന്തമായി നീണ്ടുപോയതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്നതും പുതിയ റീസർവേ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അനിവാര്യമാണ്. എങ്കിലും ഈ പ്രയത്നം ജീവനക്കാരുടെയും ജനങ്ങളുടെയുമാകെ സഹകരണത്തോടെ വിജയം കാണുകയും വിപ്ലവകരമെന്ന വാക്കിനെ അന്വർത്ഥമാക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.