അജേഷ് പുതിയാത്ത്

June 19, 2020, 4:45 am

കോവിഡ് കാലത്ത് ഡിജിറ്റൽ അവകാശങ്ങളിലും കടന്നുകയറ്റം

Janayugom Online

കോവിഡ് മഹാമാരി ലോകജീവിതത്തിന്റെ സർവതലങ്ങളെയും സ്പർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതം പാടേ മാറിമറിഞ്ഞു. മാസ്കും സാമൂഹിക അകലവും ക്വാറന്റൈനും ലോക്ഡൗണും നിത്യജീവിതത്തിന്റെ ഭാഗമായി. ഡിജിറ്റൽ ജീവിതത്തിലും കോവിഡ് ഏൽപ്പിച്ച നിയന്ത്രണങ്ങൾ പ്രതിഫലിക്കുന്നു. മഹാമാരി ഭരണകൂടങ്ങൾക്ക് ജനങ്ങള്‍ക്ക് മേൽ കൂടുതൽ നിരീക്ഷണ ശക്തി പകർന്നുനൽകി. പുതിയ നിയന്ത്രണങ്ങളും നിരീക്ഷണവും സ്ഥാപനങ്ങളും പുതിയ രീതിയിലുള്ള വിവരങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നു. ഇത്തരത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഭരണകൂടങ്ങൾ നേടിയെടുക്കുന്ന പ്രത്യേക അധികാരങ്ങൾ പിന്നീട് ഇല്ലാതാകുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്.

ഭരണകൂടങ്ങൾ കോവിഡ് വ്യാപനം തടയാനെന്ന പേരിൽ കൂടുതൽ നിരീക്ഷണ ശക്തി ആവശ്യപ്പെടുമ്പോൾ ഇല്ലാതാകുന്ന ഡിജിറ്റൽ സുരക്ഷിതത്വവും, അരങ്ങേറുന്ന ഡിജിറ്റൽ അവകാശലംഘനങ്ങളും വെല്ലുവിളിയായി മാറുന്നു. കൂടാതെ പല പുതിയ പരിഷ്ക്കാരങ്ങളും ജനങ്ങളിൽ പുതിയ ഒരു തരംതിരിവിനും കൂടി കാരണമാകുന്നു. പുതിയ നിരീക്ഷണസംവിധാനങ്ങൾ നടപ്പിലായിക്കൊണ്ടിരിക്കുമ്പോൾ ഇതിനായി ശേഖരിക്കപ്പെടുന്ന ഡാറ്റാ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടേണ്ടതിനെക്കുറിച്ചുള്ള ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ ഇതുവരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടപ്പാക്കിയ നിരീക്ഷണ സംവിധാനങ്ങൾ വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ ഹനിക്കുന്നതായും അതേസമയം ദുർബല വിഭാഗങ്ങൾക്കുമേൽ കൂടുതൽ ഭാരമേൽപ്പിക്കുന്നതായും കണ്ടെത്താനാകും. ഫോൺ ലൊക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിരീക്ഷണ ആപ്പുകളാണ് ഇതുവരെ പുറത്തിറക്കിയവയിൽ ഏറെയും.

രണ്ട് വ്യക്തികൾ തമ്മിൽ വൈറസ് പകരുന്നത്ര രീതിയിലുള്ള സാമീപ്യം കണ്ടെത്താൻ ജിപിഎസ്, ബ്ലൂടൂത്ത് അടിസ്ഥാനപ്പെടുത്തിയാണ് ഇവ പ്രവർത്തിക്കുക. ഇത്തരം നിരീക്ഷണത്തിലൂടെ ഒരു വ്യക്തിയുടെ സാമൂഹികചിത്രം തയ്യാറാക്കാനും അത് പിന്നീട് ഉപയോഗപ്പെടുത്താനും കഴിയും. ഇന്ത്യയുടെ ആരോഗ്യസേതു ആപ്പ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായി സൈബർ സുരക്ഷാ സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. ഫേസ് റെക്കഗ്നിഷൻ, തെർമൽ ഇമേജിങ് സാങ്കേതികവിദ്യകളെ അടിസ്ഥാനപ്പെടുത്തിയ ഡ്രാഗ്‌നെറ്റ് രീതിയിലുള്ള നിരീക്ഷണ സംവിധാനങ്ങൾ നിലവിലെ ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്ന് ഡിജിറ്റൽ അവകാശരംഗത്ത് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷൻ (ഇഎഫ്എഫ്) ചൂണ്ടിക്കാട്ടുന്നു. പല നിരീക്ഷണ സംവിധാനങ്ങളും കോർപറേറ്റ് കമ്പനികളുമായുള്ള പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ സാഹചര്യത്തിൽ യുഎസും ഇന്ത്യയും ഉൾപ്പെടെയുള്ള മുൻനിര രാജ്യങ്ങളിൽപോലും ഫലപ്രദമായ ഡാറ്റാ സുരക്ഷാ നിയമം നിലവിലില്ലാത്തത് അവകാശസംരക്ഷണം ദുഷ്ക്കരമാക്കുന്നുണ്ട്. വലിയ അളവിൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് പല നിരീക്ഷണ ആപ്പുകളും പ്രവർത്തിക്കുന്നത്. ആരോഗ്യവിവരങ്ങൾ, ലൊക്കേഷൻ, മറ്റുള്ളവരുമായുള്ള സഹവർത്തിത്വം തുടങ്ങി ബയോമെട്രിക് വിവരങ്ങൾ വരെ ഇവയിൽ ഉൾപ്പെടുന്നു. ഈ പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമഗ്ര ഡാറ്റാ സുരക്ഷാനിയമത്തിന്റെ ആവശ്യകതയാണ് രാജ്യത്ത് ഉയർന്നുകൊണ്ടിരിക്കുന്നത്. കൃത്യതയും കുറഞ്ഞതരത്തിലുള്ള വിവരശേഖരണവും പിൻവലിക്കാൻ കഴിയുന്ന അനുമതിയും വിവരങ്ങൾ പരിഷ്ക്കരിക്കാനുള്ള സൗകര്യങ്ങളും അനുമതി പിൻവലിച്ചാൽ വിവരങ്ങൾ സുരക്ഷിതമായി മായ്ക്കപ്പെടുകയും ഉറപ്പുനൽകുന്ന നിയമത്തിന് മാത്രമേ ഡാറ്റാസുരക്ഷ നൽകാനാകൂ. കഴിഞ്ഞവർഷം സിംഗപ്പൂരിൽ എയ്ഡ്സ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നതിലൂടെ 14,000 പേരുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിനായി ശേഖരിക്കപ്പെടുന്ന ഡാറ്റ മറ്റ് സർക്കാർ വകുപ്പുകൾക്കായി പങ്കിടുന്നത് തടയുന്നതും അനിവാര്യമാണ്. യുഎസിൽ കോവിഡിന് ശേഷം പാർലമെന്റ് കൊണ്ടുവന്ന പബ്ലിക് ഹെൽത്ത് എമർജൻസി പ്രൈവസി ആക്ട് നിരീക്ഷണത്തിനായി ശേഖരിക്കുന്ന ഡാറ്റ പരിമിതമാക്കാൻ ആവശ്യപ്പെടുന്നതാണ്. നിരീക്ഷണ ആപ്പുകൾ ഉപയോഗിക്കാത്തവർക്ക് മേലുള്ള വേർതിരിവ് ഇല്ലാതാക്കാനും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്. സർക്കാരിന്റെ നിരീക്ഷണ ആപ്പുകൾ ഡൗൺലോഡ് ചെയ്യാത്തവർക്ക് മേൽ വിവേചനം ഉണ്ടാകാൻ പാടില്ല. നിലവിലെ സാഹചര്യത്തിൽ നിരീക്ഷണ ആപ്പുകൾ ഉപയോഗിക്കാത്തവർക്ക് തൊഴിൽ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവേശനം നിഷേധിക്കുക, സർക്കാർ ഏജൻസികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയ നടപടികൾ വിദേശരാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലും സർക്കാർ, സ്വകാര്യ ജീവനക്കാർക്കും വിമാന, ട്രെയിൻ യാത്ര നടത്തുന്നവർക്കും ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി നരേന്ദ്ര മോഡി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനോടകം ഇറ്റലി, ചിലി, ജർമ്മനി, യു കെ തുടങ്ങിയ രാജ്യങ്ങൾ ഇമ്യൂണിറ്റി പാസ്പോർട്ട് എന്ന സംവിധാനം ഒരുക്കുന്നതിന് നീക്കം തുടങ്ങി. ഡിജിറ്റൽ ടോക്കൺ എന്ന രീതിയിൽ മൊബൈൽ ഫോണുകളിൽ സൂക്ഷിക്കുന്ന ഒരു രേഖയായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പൊതുസ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ തുടങ്ങിയവയിലേക്ക് പ്രവേശിക്കാൻ ഇമ്യൂണിറ്റി പാസ്പോർട്ട് വേണ്ടിവരും.

കോവിഡിന് ഇമ്യൂണിറ്റി എന്ന സങ്കല്പംതന്നെ നിലവിലെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. രക്തത്തിലെ ആന്റിബോഡികൾ ഒന്നുംതന്നെ കോവിഡിൽ നിന്ന് പ്രതിരോധം നൽകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ ഇത് ഒരു വരേണ്യവർഗത്തെ സൃഷ്ടിച്ചേക്കും. ഇമ്യൂണിറ്റി പാസ്പോർട്ടിനായി കൃത്രിമ മാർഗങ്ങൾ അവലംബിക്കുന്നതിലേക്ക് ഇത് നയിക്കും. സ്മാർട്ട്ഫോൺ അടിസ്ഥാനമാക്കിയുള്ള ഇത്തരം സംവിധാനം സമൂഹത്തിലെ അസന്തുലിതാവസ്ഥ വർധിപ്പിക്കുകയാവും ആത്യന്തികഫലം. യുഎസിൽ ഗൂഗിൾ ഉടമസ്ഥതയിലുള്ള വെരിലി ലൈഫ് സയൻസ് എന്ന സ്ഥാപനം നടത്തിവരുന്ന കോവിഡ് പരിശോധനയ്ക്ക് സ്മാർട്ട്ഫോൺ നിർബന്ധമാണ്. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് ഈ പരിശോധന നിഷേധിക്കപ്പെടുകയാണ്. 1850 കളിൽ യുഎസിൽ മഞ്ഞപ്പനി പടർന്നുപിടിച്ചപ്പോൾ രോഗമുക്തരെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ജോലി ലഭ്യമായിരുന്നില്ല.

ഈ സാഹചര്യത്തിലേക്കായിരിക്കും ഇമ്യൂണിറ്റി പാസ്പോർട്ട് സംവിധാനം നയിക്കുക. ഓരോ ഗേറ്റുകളിൽവരെ സൈൻ ഇൻ ചെയ്യേണ്ടിവരുന്നതിനാൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയേറെയാണ്. കോവിഡ് കാലത്ത് ഡിജിറ്റൽ, സോഷ്യൽ മീഡിയകളിലുള്ള അഭിപ്രായ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്നു. ഉദാഹരണമായി സോഷ്യൽമീഡിയ സൈറ്റുകൾ പലതും കോഡ് അധിഷ്ഠിത സെൻസറിങിലേക്കാണ് ചുവടുവച്ചിരിക്കുന്നത്. ഓഫീസുകളിൽ പരമാവധി ജീവനക്കാരുടെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കിയിട്ടുള്ളത്. എന്നാൽ വിവേകബുദ്ധിയില്ലാതെ പ്രോഗ്രാമിങിൽ മാത്രം നിലനിൽക്കുന്ന സെൻസറിങ് അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നില്ല. അതിനാൽ ഇത്തരത്തിലുള്ള ഇടപെടലുകൾ സുതാര്യവും താൽക്കാലികവും തർക്കങ്ങൾ എളുപ്പത്തിൽ പരിഹരിക്കപ്പെടേണ്ടതും ആയിരിക്കേണ്ടതുണ്ട്. കോവിഡ് കാലഘട്ടത്തിൽ പ്രതിരോധവും ഒപ്പം ആയാസരഹിതമായ ജനജീവിതവും സാധ്യമാക്കുന്ന പുതിയ കണ്ടുപിടുത്തങ്ങൾക്കായാണ് ലോകം കാത്തിരിക്കുന്നത്. ആരോഗ്യരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ എല്ലാവർക്കും അവകാശമുള്ളതാക്കണമെന്നും നിയമവലകളിൽ അകപ്പെടരുതെന്നും ശാസ്ത്രലോകം ആവശ്യപ്പെടുന്നുണ്ട്.

സാമൂഹിക അകലം പാലിക്കുക എന്നത് കൂടുതൽപേരെ ഇന്റർനെറ്റിലേക്ക് ആകർഷിക്കുന്നുണ്ട്. ഇതിനാൽ എല്ലാവർക്കും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതും മാറിയ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാകുന്നു. കോവിഡിന്റെ തത്സമയവിവരങ്ങൾ ജനങ്ങളുടെ അറിവിലേക്കായി തത്സമയം ലഭ്യമാക്കേണ്ടതുമുണ്ട്. സർക്കാർ രംഗത്ത് തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടുതൽ സുതാര്യത വരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്ത് സർക്കാർ ഓഫീസുകൾ അടക്കമുള്ള തന്ത്രപ്രധാനകേന്ദ്രങ്ങളുടെ പ്രവർത്തനം ഏതാനും വ്യക്തികളിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായുള്ള നടപടികൾ ഉറപ്പാക്കേണ്ടതുണ്ട്. മഹാമാരി ഒരിക്കലും ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് ഉപാധിയായി മാറാൻ പാടില്ലെന്ന് ഡിജിറ്റൽ അവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. പൊതുവായ ഒരു ഡാറ്റാസുരക്ഷാ നിയമം നിലവിലില്ലാത്ത ഇന്ത്യ ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റഗുലേഷൻ (ജിഡിപിആർ) പോലെയുള്ള ഉടമ്പടികളിലും അന്താരാഷ്ട്ര കവനന്റുകളിലും അംഗമല്ല.

2000 ത്തിലെ ഐടി ആക്ടിന്റെയും മറ്റ് അനുബന്ധ നിയമങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവുകളുടെയും സഹായത്തോടെ മാത്രമാണ് ഡാറ്റാ സുരക്ഷിതത്വം ഇന്ത്യയിൽ നിലനിൽക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന 2017 ഓഗസ്റ്റ് 24 ലെ സുപ്രീംകോടതിയുടെ ചരിത്ര വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഡാറ്റാസുരക്ഷാ നിയമം നടപ്പാക്കാൻ ശ്രമം തുടങ്ങിയത്. നിലവിൽ വ്യക്തിഗത ഡാറ്റാസുരക്ഷാ നിയമം 2019 പാർലമെന്റിന്റെ പരിഗണനയിലാണ്. എന്നാൽ നിയമത്തിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ബി ശ്രീകൃഷ്ണ തന്നെ പിന്നീട് കേന്ദ്രസർക്കാർ വരുത്തിയ മാറ്റങ്ങളോടെ രാജ്യം ‘ഓർവീലിയൻ സ്റ്റേറ്റാ‘യി മാറുകയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഏജൻസികൾക്ക് യഥേഷ്ടം ഡാറ്റാ കൈകാര്യം ചെയ്യാൻ അവസരമൊരുക്കുന്നതാണ് അണിയറയിൽ ഒരുങ്ങുന്ന നിയമം. മാത്രമല്ല പല നിർദ്ദേശങ്ങളും കാലഹരണപ്പെട്ടതുമായിത്തീർന്നിരിക്കുന്നു.

1970 കളിലെ ഡിജിറ്റൽ സാഹചര്യം അടിസ്ഥാനപ്പെടുത്തിയ ഡാറ്റാ പ്രൊട്ടക്ഷൻ ഡയറക്ടീവ് പരിഷ്ക്കരിച്ചാണ് യൂറോപ്യൻ യൂണിയൻ ജിഡിപിആർ തയ്യാറാക്കിയത്. അതിലെ നിർദ്ദേശങ്ങൾ പലതും അതേപടി പകർത്തിയാണ് രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമം തയ്യാറാക്കിയിട്ടുള്ളത്. വിവരദാതാവിന്റെ അനുമതി എന്ന ഒരു ഘടകത്തിൽ മാത്രം ഊന്നുന്ന നിർദ്ദേശങ്ങൾ ഡാറ്റാ ദുരുപയോഗത്തെ തടഞ്ഞുനിർത്തുന്നതിൽ ഫലപ്രദമാകില്ല. അതേസമയം പരിമിതികളുണ്ടെങ്കിലും ജിഡിപിആറിന്റെ അടിസ്ഥാനത്തിൽ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഡാറ്റാ ദുരുപയോഗവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പരാതികളാണ് വർഷംതോറും ഉണ്ടാകുന്നതെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡിന്റെ വരവോടെ സൃഷ്ടിക്കപ്പെട്ട പുതിയ ലോകക്രമത്തിലേക്ക് നിയമം കൊണ്ടുവരുമ്പോൾ മഹാമാരി വരുത്തിയ മാറ്റങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.