നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

Web Desk
Posted on February 05, 2018, 11:22 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. എന്നാൽ നടിക്കെതിരെയുണ്ടായ ആക്രമണദൃശ്യം കൈമാറിയിട്ടില്ല.

പ്രധാന പ്രതി സുനിൽ കുമാറിന്റെ കുറ്റ സമ്മതമൊഴി കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളും രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറിയിട്ടുണ്ട്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹര്‍ജി നല്‍കുകയും ഇതിനെ പോലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹര്‍ജി നല്‍കിയത്.

ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും നടിയെ അത് ബാധിക്കുമെന്നും തുടര്‍ന്നുള്ള കേസിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.