കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപ് ഉൾപ്പെടെയുള്ള കേസിലെ ആറു പ്രതികൾക്കും വ്യാഴാഴ്‌ച കാണാം. ദിലീപിനൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം കോടതിക്കു കൈമാറി. സാങ്കേതിക വിദഗ്ധന്റെ വിവരം പ്രോസിക്യൂഷനു കൈമാറാൻ അഡീ. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് നിർദേശം നൽകി.
വ്യാഴാഴ്‌ച പകൽ 11.30ന് കോടതിയിൽവച്ച് പ്രതികൾക്ക് ഒരുമിച്ച് ദൃശ്യങ്ങൾ കാണാം. പ്രതികളായ സുനിൽകുമാർ(പൾസർ സുനി), മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജേഷ്, സനിൽകുമാർ എന്നിവരും ദൃശ്യങ്ങൾ കാണാണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകനും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ കാണും. സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, സനിൽകുമാർ എന്നിവർക്ക് അഭിഭാഷകർക്കൊപ്പം കാണാം. പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങൾ കാണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പ്രോസിക്യൂഷന് സാങ്കേതിക വിദഗ്‌ധനെ നിയോഗിക്കാം.
ദൃശ്യങ്ങളുടെ പകർപ്പു ദിലീപിനു നൽകുന്നതു തടഞ്ഞ സുപ്രീംകോടതി, വിചാരണക്കോടതിയുടെ മേൽനോട്ടത്തിൽ പ്രതിഭാഗത്തെ ദൃശ്യങ്ങൾ കാണിക്കാൻ നിർദേശിച്ചിരുന്നു. പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജി സ്പെഷൽ പ്രോസിക്യൂട്ടർ എ സുരേശൻ എതിർത്തു. ദൃശ്യങ്ങൾ പരിശോധിക്കാൻ മൂന്ന് സാങ്കേതിക വിദഗ്‌ധരെ നിയമിക്കണമെന്ന ദിലീപിന്റെ ഹർജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും.
ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ തനിക്കു മാത്രമായി പ്രത്യേക സമയം അനുവദിക്കണമെന്ന ഹർജിയും ദിലീപ് നൽകി. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും ദൃശ്യങ്ങൾ പരിശോധിക്കാൻ കൂടുതൽ ദിവസം നീക്കിവയ്ക്കാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായി വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നടൻ ദിലീപ് ചൊവ്വാഴ്‌ചയും കോടതിയിൽ ഹാജരായില്ല. റിമാൻഡ് പ്രതികളായ മണികണ്ഠൻ, വിജീഷ് എന്നിവരും കോടതിയിൽ ഹാജരായില്ല. 2017 ഫെബ്രുവരി 17നാണു പൾസർ സുനിയും മറ്റു പ്രതികളും ക്വട്ടേഷൻ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.