Tuesday
19 Mar 2019

വനിതാ അതിവേഗ കോടതിയിൽ രഹസ്യ വിചാരണ വേണം: നടി

By: Web Desk | Wednesday 14 March 2018 12:58 PM IST


dileep in court

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് പ്രത്യേക അതിവേഗ കോടതി വേണമെന്നു നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. വനിതാ ജഡ്ജിയുടെ കോടതിയിൽ രഹസ്യ വിചാരണ നടത്തണമെന്നും  നടി ആവശ്യപ്പെട്ടു.

വിചാരണ നടപടികള്‍  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ പരിഗണനക്കു വന്നപ്പോഴാണ് അഭിഭാഷകൻ ആവശ്യങ്ങൾ ഉന്നയിച്ചത്.   മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്ന എട്ടാം പ്രതി നടന്‍ ദിലീപും കോടതിയിൽ ഹാജരായി.  ഇതിലെ  12 പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന്  കോടതി നിര്‍ദേശിച്ചിരുന്നു. ഏത് കോടതിയില്‍, എന്ന്  വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. പ്രതികളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും കോടതിയുടെ തീരുമാനം.

വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ  നൽകിയ ഹര്‍ജി  ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.

ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി  ജീവപര്യന്തം  ശിക്ഷ വരെ കിട്ടാവുന്ന പത്തോളം വകുപ്പുകൾ  ചുമത്തിയിട്ടുണ്ട്.

തന്റെ ദാമ്പത്യം  തകരുന്നതിന് കാരണക്കാരിയായി കരുതുന്ന നടിയോടുളള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണു കുറ്റപത്രം പറയുന്നത്. ആദ്യ ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 പേർ  സാക്ഷികളാണ്.

നടിയുടെ ഭാഗം വാദിക്കാൻ പ്രത്യേക അഭിഭാഷകനെ സർക്കാർ വച്ചിട്ടുണ്ട്, അതിനാൽ വേറെ അഭിഭാഷകൻ വഴി ഇപ്പോൾ പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ടത് പരിഗണിക്കാൻ കഴിയില്ലെന്നതിനാൽ നിയമപരമായ മാർഗത്തിൽ അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

Related News