Tuesday
19 Mar 2019

താരസംഘടനയിലെ വില്ലനും വില്ലത്തിയും

By: Web Desk | Thursday 8 November 2018 5:58 PM IST


സിനിമാതാരങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് ‘എഎംഎംഎ’ എന്ന സംഘടന ഉണ്ടാക്കിയത്. ഗുണവും ദോഷവും ആ സംഘടനകൊണ്ട് ഉണ്ടായെങ്കിലും അംഗങ്ങളുടെ ക്ഷേമത്തിനു മുന്നില്‍ ദോഷവശങ്ങള്‍ ശ്രദ്ധിച്ചതുമില്ല. വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നപ്പോഴാണ് എല്ലാം അടക്കിവാഴാന്‍ ഒരാള്‍ വന്നത്. അത് ദിലീപ് ആയിരുന്നു. ’20 ട്വന്റി’ സിനിമ വിജയിപ്പിച്ചാണ് ‘എഎംഎംഎ’യെ വിലയ്ക്കുവാങ്ങിയത്. അഞ്ചര കോടി നല്‍കിയെന്നാണ് കണക്കുകള്‍ കാണിച്ച് എഎംഎംഎയിലെ ഒരു മെമ്പര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. വമ്പന്മാരായ പല നടന്മാര്‍ ഉണ്ടായിരുന്നിട്ടും അവരാരും ചെയ്യാത്ത വലിയ ഉത്തരവാദിത്തമാണ് ദിലീപ് ഏറ്റെടുത്ത് ഞെട്ടിച്ചത്. ആ വിജയമാണ് ദിലീപിനെ ‘എഎംഎംഎ’യുടെ സര്‍വാധികാരിയാക്കി മാറ്റിയതും തുടര്‍ന്ന് ഏകാധിപതിയായി സ്വയം പ്രഖ്യാപിച്ചതും. ഏത് നടീനടന്മാരെ വാഴിക്കണം. നശിപ്പിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സര്‍വാധികാരിയായി ദിലീപ് മാറിയപ്പോള്‍ അയാളുടെ അംഗരക്ഷകരും തട്ടുകച്ചവടക്കാരുമായി ചിലര്‍ കൂടെക്കൂടി. അവര്‍ ദിലീപിനുവേണ്ടി സ്തുതിഗീതങ്ങള്‍ പാടി. മലയാള സിനിമയെ രക്ഷിക്കാന്‍ വന്ന യേശുക്രിസ്തുവാണ് ദിലീപ് എന്ന് ചിലര്‍ പറയാതെ പറഞ്ഞപ്പോള്‍ ഗതികേടുകൊണ്ട് പലര്‍ക്കും ആ സ്തുതിവചനങ്ങള്‍ ഉരുവിടേണ്ടിവന്നു. മലയാള സിനിമയുടെ നാശത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു.

നടി പീഡനക്കേസില്‍ വിചാരണ നേരിടുന്ന നടനു പിന്നില്‍ ശക്തമായി ചില താരലോബികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മറ്റും നിശബ്ദരാക്കാന്‍ കഴിയുമെന്ന് പറഞ്ഞ ആളുതന്നെയാണ് അവര്‍ കളിക്കുന്നത്.

ഒരേസമയം നടിയോടൊപ്പമാണെന്നു പറഞ്ഞുകൊണ്ട് വേട്ടക്കാരനു വേണ്ടി വാദിക്കുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടത്. എഎംഎംഎയുടെ അധികാരം തന്റെ കൈകളിലാണെന്ന് സ്വയം ഏറ്റുപറയുകയും അതിനു പിന്താങ്ങായി കെപിഎസി എന്ന നാലക്ഷരത്തെ മറയാക്കി താനും വിപ്ലവകാരിയാണെന്ന് പറഞ്ഞ് വേട്ടക്കാരനോടൊപ്പം നിന്ന ലളിതനടി തന്റെ നിലപാട് എന്താണെന്ന് തെളിയിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണത്തിന്റെ ആനുകൂല്യം പിടിച്ചുവാങ്ങി കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനായി. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന നടികളുടെ ശത്രുവായി വിമര്‍ശിക്കുന്നു.
മോഹന്‍ലാലിന്റെ അനുവാദത്തോടെ ജഗദീഷും ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ സിദ്ദിഖും വേറെ വേറെ അഭിപ്രായങ്ങള്‍ നിരത്തി. ഒരാള്‍ പത്രക്കുറിപ്പു മുഖേനയും മറ്റൊരാള്‍ ലളിതയോടൊപ്പവുമാണ് പത്രസമ്മേളനം നടത്തിയത്. അതിനു തെരഞ്ഞെടുത്ത വേദിയാകട്ടെ ദിലീപ് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനും, സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുത്ത സിദ്ദിഖും ലളിതയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

ഒടുവില്‍ മോഹന്‍ലാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് പത്രക്കാരോട് എഎംഎംഎയുടെ നിലപാട് തുറന്നു പറഞ്ഞു. ദിലീപിന്റെ രാജി ചോദിച്ചു വാങ്ങുകയായിരുന്നെന്നും എക്‌സിക്യൂട്ടീവ് അത് അംഗീകരിച്ചെന്നും എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും അതേസമയം ഡബ്ല്യുസിസിയോടൊപ്പം നിന്ന് എഎംഎംഎയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എന്തുവേണമെന്ന് അടുത്ത എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുക്കും.

Related News