ഈ റോഡിൽ ‘അദൃശ്യമായ മരണക്കെണി സഥാപിച്ചിരിക്കുന്നതായി സംശയം’, അപകടം തുടർക്കഥയാവുന്നു!

Web Desk
Posted on November 26, 2019, 7:18 pm

ദിലീപ് ദാസ് നല്ലില എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് റോഡിൽ സ്ഥിരമായി നടക്കുന്ന അപകടങ്ങളെക്കുറിച്ച് ഇത്തരത്തിൽ ഒരു വിശേഷണം നൽകിയിരിക്കുന്നത്. അതുവഴി യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്നും ദിലീപ് പറയുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

കൊല്ലം കുണ്ടറയ്ക്ക് സമീപമുള്ള നല്ലില ജംഗ്ഷനും ഇ എസ് ഐ ജംഗ്ഷനുമിടയില്‍ എന്തോ അദൃശ്യമായ മരണക്കെണി സഥാപിച്ചിരിക്കൂന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ അപകടം ഇവിടെ ഉണ്ടാകുന്നു. പലതും പ്രദേശവാസികള്‍ പോലും അറിയുന്നില്ല. വഴിയാത്രക്കാര്‍ തന്നെ മിക്ക അപകടങ്ങളിലും അപകടം പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ആള്‍പ്പാര്‍പ്പ് അധികം ഇല്ലാത്ത സ്ഥലമായതിനാല്‍ തന്നെ അപകടം നടന്നാല്‍ അറിയാന്‍ പോലും കഴിയില്ല.

വൈകിട്ട് 6 മണിക്കും രാത്രി 9മണിക്കും ഇടയിലാണ് കൂടുതല്‍ അപകടങ്ങളും നടന്നിട്ടുള്ളത്. അതിന് ശേഷമുള്ള രാത്രികാലങ്ങളില്‍ അപകടം നടന്ന് വയലിലേക്കോ മറ്റോ വീണാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കൂടി വയ്യ.അഞ്ചോളം മരണങ്ങളും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടെ നടന്ന അപകടങ്ങളില്‍ സംഭവിച്ചിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ രാവിലെ നടന്ന അപകടത്തില്‍ കാല്‍നടക്കാരിയായ മധ്യവയസ്കയെ ബൈക്ക് ഇടിച്ച അപകടത്തില്‍ സ്ത്രീ മരണപ്പെട്ടു എന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള പത്തോളം ആക്സിഡന്‍റുകളിലും ജീവന്‍ തിരികെ കിട്ടിയത് അപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചാല്‍ അത്ഭുതമായി തോന്നാം. ചോരയില്‍ കുളിച്ചാണ് പലരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുള്ളത്.

ഇത്രയേറെ മരണം ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ സംഭവിച്ചിട്ടും ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല. റോഡിന്‍െറ ശാസ്ത്രീയമായ വശങ്ങള്‍ പഠനം നടത്തുകയും എന്തെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു ഇറക്കം ഇറങ്ങി മറ്റൊരു കയറ്റം കയറി പോകേണ്ടുന്നതിനാല്‍ തന്ന പലരും അമിത വേഗതയിലാണ് ചെറു വളവു കൂടിയുള്ള ഈ സഥലത്ത് കൂടി യാത്ര ചെയ്യുന്നത്. ഇതേ സ്ഥലത്ത് തന്നെ റോഡില്‍ ഏതോ വാഹനത്തിന്‍െറ അടിഭാഗത്ത് നിന്നും പാര്‍ട്ട്സ് തറയിലിടിച്ച് ഉരഞ്ഞ് ഏകദേശം 10 മീറ്ററോളം റോഡിന്‍െറ ഉപരിതലം അടര്‍ന്നു പോയിട്ടുണ്ട്.

ആക്ടീവ പോലെ ചെറു വീലുകളുള്ള വാഹനങ്ങള്‍ ഈ ഭാഗത്ത് പോകുമ്പോള്‍ വാഹനത്തിന്‍െറ നിയന്ത്രണം തന്നെ പോകാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തരത്തിലുള്ള വേഗതാ നിയന്ത്രണങ്ങള്‍ പോലും നടത്താന്‍ പറ്റുന്ന തരത്തിലുള്ളവയല്ല മേല്‍സൂചിപ്പിച്ച ഒരു മുന്നൂറു മീറ്ററോളം ഭാഗം എന്നതിനാല്‍ തന്നെ ഈ പോസ്റ്റ് വായിക്കുന്നവരെങ്കിലും ഈ ഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോള്‍ പരമാവധി സൂക്ഷിച്ചു യാത്ര ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.