ദിലീപ് അകത്തേക്ക്.…

Web Desk
Posted on June 25, 2018, 12:19 pm

ഷാജി ഇടപ്പള്ളി

ഒരു വര്‍ഷത്തോളമായി പുറത്തുനിന്ന നടന്‍ ദിലീപ് അങ്ങനെ അകത്തേക്ക് തിരിച്ചെത്തി

കൊച്ചി: താരസംഘടനയായ അമ്മ വാതില്‍ വീണ്ടും തുറന്നിട്ടു. ഒരു വര്‍ഷത്തോളമായി പുറത്തുനിന്ന നടന്‍ ദിലീപ് അങ്ങനെ അകത്തേക്ക് തിരിച്ചെത്തി. പക്ഷെ, ദിലീപിനെ ചൊല്ലി നിശ്ചലമായ അമ്മയുടെ പുതിയ കരുനീക്കങ്ങളും കല്ലുകടിയില്‍ കലാശിക്കുമെന്നാണ് ചലച്ചിത്ര രംഗത്തെ പലരുടെയും വിലയിരുത്തല്‍. ഇന്നലെ നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കി രഹസ്യമായി ചിലരുടെ അജണ്ടകള്‍ നടപ്പാക്കാനാണ് ശ്രമിച്ചത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റത്തിന് ശേഷമാണ് ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ നടപടി വിഷയം ഉന്നയിക്കപ്പെട്ടത്. അച്ചടക്ക നടപടി കൈകൊണ്ടത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമാണെന്നും അതിനാല്‍ പുനഃപരിശോധന വേണമെന്നും നടി ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടു. ഇതോടെ നടന്‍ സിദ്ധിഖും ദിലീപിനായി രംഗത്തെത്തി.

ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അമ്മയുടെ തീരുമാനം അസാധുവാകുമായിരുന്നുവെന്നും ദിലീപിന്റെ വിശ്വസ്തര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ തീരുമാനത്തോട് വിയോജിപ്പുള്ളവര്‍ യോഗത്തില്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം മൗനം പാലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഭരണസമിതിയിലുള്ള ദിലീപ് വിരുദ്ധരും മിണ്ടിയില്ല. ഇതോടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു വിശദീകരണവുമായി രംഗത്തെത്തി.
ദിലീപിനെതിരായി അച്ചടക്ക നടപടി കൈക്കൊണ്ടതില്‍ സാങ്കേതികമായി ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉച്ചക്ക് ചേര്‍ന്ന ആദ്യ എക്‌സിക്യൂട്ടീവ് യോഗം ദിലീപിനെതിരായ അച്ചടക്ക നടപടി റദ്ദാക്കുകയായിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടു അറസ്റ്റിലായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയത്. ഈ തീരുമാനത്തിനെതീരെ പരസ്യമായി പ്രതികരിച്ച ഭാരവാഹികളും സുഹൃത്തുക്കളുമാണ് ഇന്നലെയും ദിലീപിനുവേണ്ടി കച്ചമുറുക്കിയിറങ്ങിയതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

സംഘടനക്ക് അനുകൂലമായ ചില കാര്യങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ലൈവായി നല്‍കിയാണ് അമ്മയുടെ പുതിയ നേതൃത്വം തന്ത്രങ്ങള്‍ മെനഞ്ഞത്. ദിലീപിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന നടന്‍ പൃഥ്വിരാജ് ഇന്നലെ യോഗത്തിനെത്തിയില്ല. അതുപോലെ ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണയുമായി സിനിമ രംഗത്തെ മോശം പ്രവണതകളെ ചോദ്യം ചെയ്യാന്‍ രൂപം കൊണ്ട വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തില്ല. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് പ്രതിഷേധത്തിന്റെ മഞ്ഞുരുകിയിട്ടില്ലെന്ന് തന്നെയാണ്. ദിലീപിനെതിരായ കേസിന്റെ വിധി എങ്ങിനെയാകുമെന്ന് നോക്കിയിട്ട് അടുത്ത കരുക്കള്‍ നീക്കാനാണ് യുവതാരങ്ങളും വനിതാ കൂട്ടായ്മയും ആലോചിച്ചിട്ടുള്ളത്.