പോലീസ് ക്ലബ്ബും ചോദ്യം ചെയ്യലും അറസ്റ്റും: അന്ന് ദിലീപ് എങ്കിൽ ഇന്ന് ശ്രീകുമാർ മേനോൻ

Web Desk
Posted on December 06, 2019, 2:28 pm

തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിന്റെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണിത്. പിന്നീട് രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. പരാതിയിൽ മഞ്ജൂ വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലീസ് സ്വീകരിക്കുകയുമുണ്ടായി.

സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഔദ്യോഗിക ആവശ്യങ്ങൾക്ക് നൽകിയ ലെറ്റെർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നായിരുന്നു മഞ്ജുവിന്റെ പരാതി.

സമാനമായ രീതിയിൽ തന്നെയായിരുന്നു നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തതിനു ശേഷം അറസ്റ് രേഖപ്പെടുത്തുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ദിലീപ് അറസ്റ്റിലായപ്പോൾ സംവിധായകൻ ശ്രീകുമാർ മെനോൻറെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.