റെജി കുര്യന്‍

ന്യൂഡല്‍ഹി

November 28, 2020, 10:33 pm

ദില്ലി ചലോ പ്രക്ഷോഭം കരുത്താർജ്ജിക്കുന്നു; തലസ്ഥാനം സ്തംഭനത്തിലേക്ക്

Janayugom Online

റെജി കുര്യന്‍

ദില്ലി ചലോ കര്‍ഷക പ്രക്ഷോഭം പുതിയ തലത്തിലേക്ക്. കർഷകവീര്യത്തിൽ രാജ്യതലസ്ഥാനം സ്തംഭിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസമായി ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗം, ലാത്തിചാര്‍ജ്ജ് എന്നിവ മറികടന്നാണ് രാജ്യത്തെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ടിക്രി അതിർത്തിയാണ് പൊലീസ് തുറന്നുനൽകിയിട്ടുള്ളത്. സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ എത്താനുള്ള മറ്റ് വഴികള്‍ അടച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകർ ഗാസിയാബാദ്- ലോണി അതിർത്തിവഴി ബാരിക്കേഡുകൾ തള്ളിമാറ്റി രാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ചു. സിംഗു അതിർത്തിയിൽ കർഷകർ പ്രക്ഷോഭം തുടരുകയാണ്. അതിര്‍ത്തി അടച്ചാല്‍ കശ്മീര്‍ വരെയുള്ള ദേശീയ പാതകളില്‍ ഗതാഗതം തടസപ്പെടുത്തി ഡല്‍ഹിയിലേക്കുള്ള പ്രവേശനം സാധ്യമാക്കില്ലെന്ന നിലപാടാണ് കര്‍ഷകർ സ്വീകരിച്ചത്.

കര്‍ഷക സമരം കൂടുതല്‍ കരുത്തോടെ മുന്നേറുമെന്ന സന്ദേശമാണ് യുപി, ഹരിയാന അതിര്‍ത്തികളില്‍ ദൃശ്യമാകുന്നത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ടിക്രി അതിര്‍ത്തിവഴി ഡല്‍ഹിയുടെ പുറംമേഖലയായ ബുറാഡിയില്‍ സമരം നടത്തുന്നതിന് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പൊലീസ് അനുമതി നല്‍കുകയായിരുന്നു. സമരവേദി മാറ്റണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സമരക്കാരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അതിര്‍ത്തികള്‍ തുറന്നു കൊടുക്കണം എന്നുള്ള ആവശ്യമാണ് സമരസമിതി നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. കർഷകർ വൻതോതിൽ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും കണ്ട ഉപാധിയാണ് അവരെ അതി‍ർത്തിയിൽ തടയുക എന്നത്.

കണക്കുകൂട്ടലുകള്‍ മറികടന്ന് കര്‍ഷകരുടെ എണ്ണം പെരുകിയതോടെ കേന്ദ്ര സര്‍ക്കാർ പ്രതിരോധത്തിലായി. പൊലീസ് സൃഷ്ടിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കര്‍ഷകര്‍ ലോണി അതിര്‍ത്തിയിലൂടെ ഡല്‍ഹിയില്‍ പ്രവേശിച്ചത്. സമരക്കാര്‍ കൂടുതലായി സമ്മേളിച്ചിരിക്കുന്ന സിംഗു അതിർത്തിയിൽ പൊലീസ് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കാന്‍ തയ്യാറായിട്ടില്ല. സംഘര്‍ഷ സമാനമായ അന്തരീക്ഷമാണ് സിംഗു ബോര്‍ഡറില്‍ നിലനില്‍ക്കുന്നത്. ദേശീയ പാതയില്‍ 12 കിലോമീറ്ററോളം ഇവിടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ദേശീയ പാത 44, ജിടി കര്‍ണാല്‍ റോഡ്, ഇതിനു പുറമെ ആസാദ്പൂരില്‍ നിന്നും ഔട്ടര്‍ റിങ്ങ് റോഡില്‍ നിന്നും ടിക്രി, സിംഗു അതിർത്തിയിലേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞിരിക്കുകയാണ്. സമരക്കാർ ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള പൊലീസ് നീക്കം തുടര്‍ന്നാല്‍ ഡല്‍ഹിയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന സാഹചര്യമാകും ഉടലെടുക്കുക. ഇതിനു പുറമെ ഡല്‍ഹിയിലേക്കുള്ള അവശ്യസാധനങ്ങളുടെ ചരക്കു നീക്കം തടസപ്പെട്ടാല്‍ ജനരോഷം കൂടുതല്‍ ശക്തമാകും.

കർഷകരുടെ ശബ്ദം കേന്ദ്രസർക്കാർ കേൾക്കണം: പ്രതിപക്ഷ പാർട്ടികൾ

രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരുടെ ശബ്ദം ഇനിയെങ്കിലും കേള്‍ക്കാൻ മോഡി സർക്കാർ തയ്യാറാകണമെന്നും അടിച്ചമർത്തൽ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് യോജിച്ച രീതിയിൽ സമരത്തെ അഭിസംബോധന ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ് രാജ്യത്തെ കർഷകർ. പൊലീസ് സേനകളെ ഉപയോഗിച്ച് ഒരുക്കിയ തടസ്സങ്ങൾ മറികടന്ന് പതിനായിരക്കണക്കിന് കർഷകർ ഡൽഹിയിൽ പ്രവേശിച്ചുകഴിഞ്ഞു.

കേന്ദ്രസർക്കാരിന് കർഷകരെ തലസ്ഥാനത്ത് പ്രവേശിപ്പിക്കുകയില്ല എന്ന തീരുമാനം പിൻവലിക്കേണ്ടതായി വന്നു. ജലപീരങ്കി, കണ്ണീർവാതകം, യുദ്ധകാല രീതിയിലുള്ള പ്രതിബന്ധങ്ങൾ, മർദ്ദനമുറകൾ എന്നിവയെയെല്ലാം മറികടന്ന കർഷകരുടെ നിശ്ചയദാർഢ്യത്തെയും ആത്മവിശ്വാസത്തെയും അഭിവാദ്യം ചെയ്യുന്നതായി വിവിധ പാർട്ടി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ കേന്ദ്രസർക്കാർ സമരം ചെയ്യാൻ അനുവദിച്ചിരിക്കുന്ന സ്ഥലം ഇതുവരെ തലസ്ഥാനത്ത് എത്തിച്ചേർന്ന കർഷകരെ ഉൾക്കൊള്ളാൻ പര്യാപ്തമല്ല.

അതിനാൽ രാംലീലാ മൈതാനംപോലെ വിശാലമായ സ്ഥലങ്ങൾ സമരത്തിനായി വിട്ടുനൽകണമെന്നും കർഷകർക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. രാജ്യത്തെ കർഷക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും താങ്ങുവില സമ്പ്രദായത്തിനും ഭീഷണിയാകുന്ന നിയമ പരിഷ്ക്കാരങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സീതാറാം യെച്ചൂരി സിപിഐ(എം), ശരദ് പവാർ (എൻസിപി), ടി ആർ ബാലു (ഡിഎംകെ), മനോജ് ഝാ (ആര്‍ജെഡി), ദീപാങ്കർ ഭട്ടാചാര്യ (സിപിഐ‑എംഎൽ), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആർഎസ്‌പി) എന്നിവർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെല്ലുവിളിയായി കര്‍ഷകരോഷം

തലസ്ഥാനത്തെ ജനജീവിതം വീണ്ടും അനിശ്ചിതത്തിലേക്ക്. കര്‍ഷക പ്രതിഷേധം തണുപ്പിക്കാനായില്ലെങ്കില്‍ തലസ്ഥാനം നേരിടുക കനത്ത വെല്ലുവിളി. യുപിഎ ഭരണകാലത്ത് ഗാന്ധിയനായ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടന്ന പോരാട്ടമായിരുന്നു ഡല്‍ഹിയെ പിടിച്ചുകുലുക്കിയത്. രാജ്യത്തെ മധ്യവര്‍ഗ്ഗം സജീവ സാന്നിധ്യമായിരുന്ന ഹസാരെയുടെ സമരം ഭരണകൂടത്തെ ഏറെ പ്രതിരോധത്തിലാക്കി. ലോക്പാല്‍ എന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതോടെയാണ് സമരം ഒട്ടൊന്നടങ്ങിയത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച് കൊറോണ വ്യാപനത്തിനു മുമ്പ് കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയിലാക്കിയത് പൗരത്വ ഭേദഗതി നിയമവും അതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളുമായിരുന്നു.

പൗരത്വ ബില്ലിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയ ആഹ്വാനത്തിന് വില നല്‍കേണ്ടി വന്നത് അമ്പതിലധികം മനുഷ്യ ജീവനുകളും ഒപ്പം ഒരുപാട് നാശനഷ്ടങ്ങളുമായിരുന്നു. ഡല്‍ഹി കലാപത്തിന്റെ തീയും പുകയും കണ്ണീരും ഇനിയും അവസാനിച്ചിട്ടില്ല. കാര്‍ഷിക കരിനിയമങ്ങളെ ന്യായീകരിക്കാന്‍ ബിജെപി മുന്നോട്ടു വരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഭയത്തോടെയാണ് ഡല്‍ഹി നിവാസികള്‍ നോക്കിക്കാണുന്നത്. സര്‍ക്കാരുകളുടെ നിര്‍ബന്ധ ബുദ്ധിക്ക് ഇരയാകേണ്ടി വരുന്നത് സാധാരണക്കാരും പട്ടിണിക്കാരുമാണ്. കര്‍ഷക പ്രതിഷേധം സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികള്‍ പ്രവചനാതീതമാണ്. റോഡുപരോധം തുടര്‍ന്നാല്‍ അവശ്യ സാധനങ്ങള്‍ക്കു പോലും ബുദ്ധിമുട്ടാകും.

കര്‍ഷക പ്രതിഷേധത്തില്‍ തലസ്ഥാനം വീണ്ടും കലുഷിതമാണ്. ലക്ഷക്കണക്കിനു കര്‍ഷകര്‍ തലസ്ഥാനത്തേക്കു പ്രവേശിച്ചാല്‍ ഇവരെ കൈകാര്യം ചെയ്യാന്‍ അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പൊലീസിനു കഴിയാതെ വരും. പഞ്ചാബികള്‍ക്ക് നിര്‍ണായക പങ്കാളിത്തമുള്ള ഡല്‍ഹി പൊലീസും അനുബന്ധ സേനകളും സര്‍ക്കാരിന്റെ ആജ്ഞകള്‍ ശിരസാ വഹിക്കാന്‍ തയ്യാറായില്ലെങ്കിലോ എന്ന ഭയവും അസ്ഥാനത്തല്ല. കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖല തീറെഴുതിയ കാര്‍ഷിക നിയമങ്ങളില്‍ നിന്നും പിന്‍വലിയുക എന്നതിനപ്പുറം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മറ്റ് പോംവഴികളില്ലെന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. മുട്ടുന്യായം പറഞ്ഞ് ഇനിയും മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ ശ്രമം പെരുകി വരുന്ന കര്‍ഷക പ്രവാഹത്തിനു മുന്നില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. എന്തു സംഭവിച്ചാലും പിന്നോട്ടില്ലെന്ന കര്‍ഷകരുടെ ഉറച്ച നിലപാട് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ്.

You may also like this video;