റെജി കുര്യന്
ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ ‘ദില്ലി ചലോ‘യ്ക്ക് പഞ്ചാബിൽ നിന്ന് തുടക്കമായി. ഇന്ന് രാവിലെ മുതൽ ലക്ഷക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹിയിലേക്കു തിരിച്ചു. തലസ്ഥാന നഗരിയിലേക്കു പോകുന്ന പ്രതിഷേധക്കാരെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രധാന നിരത്തുകളിലെല്ലാം ബാരിക്കേഡുകള്‍ വച്ച് തടയുകയാണ്. പലയിടത്തും പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ പ്രയാണം തുടരുന്നുമുണ്ട്.
ഡല്‍ഹിയിലെത്തി പ്രതിഷേധിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഹിമാചല്‍ മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള റോഡുകള്‍ ഉപരോധിക്കുമെന്ന മുന്നറിയിപ്പ് കര്‍ഷക നേതാക്കള്‍ നല്കി. ഹരിയാനയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ പൊലീസിന്റെ ശക്തമായ വിന്യാസവും നടത്തി. ഹൈവേകളെല്ലാം അടച്ചു. ചണ്ഡിഗഢ്-ഡല്‍ഹി ഹൈവേയില്‍ അംബാലയില്‍ പൊലീസ് ജലപീരങ്കികളുമായി കാത്തു നില്‍ക്കുകയാണ്. ജനങ്ങള്‍ രണ്ടു ദിവസത്തേക്കു യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഹരിയാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഡല്‍ഹിയില്‍ എത്താനായില്ലെങ്കില്‍ എവിടെയാണോ തടയുന്നത് അവിടെ പ്രതിഷേധം തുടരുക എന്ന തീരുമാനമാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഫലത്തില്‍ രാജ്യതലസ്ഥാനം സ്തംഭിപ്പിക്കും. ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞാല്‍ അത് സര്‍ക്കാരിനു കനത്ത വെല്ലുവിളിയാകും സൃഷ്ടിക്കുക. കര്‍ഷക സമരത്തിനു അനുമതി ഇല്ലെന്നും അതിനാല്‍ ഡല്‍ഹിയിലേക്കു വരരുതെന്നുമാണ് ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശം. റോഡുപരോധം തുടര്‍ന്നാല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിശ്ചലമാകും. സമരക്കാര്‍ക്കെതിരെ യുപി സര്‍ക്കാരും ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യോഗി സര്‍ക്കാരിന്റെ എത്ര വെടിയുണ്ടകള്‍ ഉണ്ടായാലും അതിലധികം കര്‍ഷകരാകും സമരത്തില്‍ പങ്കെടുക്കുകയെന്നാണ് ഉത്തര്‍ പ്രദേശിലെ കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിയിലെ അതിര്‍ത്തികളും അടയ്ക്കും.
അതേസമയം തൊഴിലാളികളുടെ പണിമുടക്കിനെയും കര്‍ഷക സമരത്തെയും ചെറുക്കാന്‍ നേതാക്കളെ അറസ്റ്റു ചെയ്തും വീട്ടുതടങ്കലിലാക്കിയും പ്രതിഷേധത്തിന് അനുമതി നിഷേധിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും പ്രതിഷേധത്തിനു തടയിടാനാണ് വിവിധ സര്‍ക്കാരുകളുടെ ശ്രമം. ഹരിയാന സര്‍ക്കാര്‍ 24 മുതല്‍ കര്‍ഷക നേതാക്കളെ അറസ്റ്റു ചെയ്യുന്നത് ആരംഭിച്ചിരുന്നു. അറസ്റ്റിലായ കര്‍ഷക നേതാക്കളുടെ സംഖ്യ ഇന്നലെ നൂറു പിന്നിട്ടു.
രാംലീല മൈതാനത്ത് പ്രതിഷേധ വേദിയൊരുക്കാന്‍ മുനിസിപ്പല്‍ അനുമതി ലഭിച്ചെങ്കിലും പൊലീസ് അതു നിഷേധിച്ചിരിക്കുകയാണ്. ഇതിനു പുറമെ ഗുരുദ്വാരയില്‍ പതിനായിരം പേര്‍ക്ക് താമസിക്കാന്‍ നല്‍കിയിരുന്ന അനുമതിയും പൊലീസ് കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി തടഞ്ഞു. സമരവേദി ഇപ്പോള്‍ ജന്തര്മന്ദിറായാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എത്ര സമ്മര്‍ദ്ദം ചെലുത്തുന്നോ അതിലും വര്ധിതവീര്യത്തിലാകും പ്രതിഷേധമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
English summary: Dilli chalo protest
You may also like this video: