കുരിപ്പുഴ

January 23, 2020, 4:50 am

ഡിങ്കമതവും വടശ്ശേരിക്കര പഞ്ചായത്തും

Janayugom Online

ബാലമംഗളത്തിൽ നിന്നും ഉയർന്നുവന്ന ഒരു കഥാപാത്രമാണ് ഡിങ്കൻ. അത്ഭുതശക്തിയുള്ള ഒരു കുഞ്ഞെലി. എൻ സോമശേഖരന്റെ ആശയത്തിൽ ബേബി രൂപകൽപ്പന ചെയ്ത ഈ കാർട്ടൂൺ കഥാപാത്രം മതദൈവങ്ങളുടെ ദിവ്യപരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. നെഞ്ചത്ത് ചെന്താരകമുള്ള ഡിങ്കന്റെ വേഷം അടിവസ്ത്രം പുറത്തു ധരിക്കുന്ന രീതിയിലാണ്. കുട്ടികളെ ഈ കഥാപാത്രം നന്നേ രസിപ്പിച്ചിരുന്നു. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും അതുവഴി സംഭവിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരേ ഹാസ്യാത്മകമായി പ്രതികരിക്കുവാൻ ഡിങ്കനെ നവമാധ്യമങ്ങളിലൂടെ പലരും ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്ത് അങ്ങനെയുണ്ടായ ഒരു പ്രതികരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിങ്കമത വിശ്വാസികൾ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച ഒരു കത്തിന്റെ രൂപത്തിലാണ് ഈ ഹാസ്യരചന പ്രത്യക്ഷപ്പെട്ടത്.

ഡിങ്കമതത്തിന്റെ അടിസ്ഥാനകേന്ദ്രമായ പങ്കിലക്കാട്ടിലേക്ക് ഡിങ്കദൈവത്തിന്റെ തിരുവസ്ത്രമായ ചുവന്ന അടിവസ്ത്രം ഘോഷയാത്രയായി കൊണ്ടുപോകുന്നതിനാൽ ആ പഞ്ചായത്ത് പരിധിയിലുള്ളവർ ഡിങ്കദൈവം ധരിച്ചിരുന്നതുപോലെ വസ്ത്രത്തിനു പുറത്ത് അടിവസ്ത്രം ധരിക്കുവാൻ ഉത്തരവ് ഇറക്കണമെന്നായിരുന്നു ഈ ഹാസ്യരചനയുടെ ഉള്ളടക്കം. ഇതിനവരെ പ്രേരിപ്പിച്ചത് വടശ്ശേരിക്കര പഞ്ചായത്ത് 2020 ജനുവരി നാലിന് പുറപ്പെടുവിച്ച ബി3/6725/19 നമ്പരായുള്ള നോട്ടീസ് ആയിരുന്നു.

ആ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യവ്യാപാരം ചെയ്യുന്നകടകൾ എന്നിവയുടെ പ്രവർത്തനം 2020 ജനുവരി 13, 14 തീയതികളിൽ നിർത്തി വയ്ക്കണമെന്നാണ്. ഈ ഉത്തരവിനെകുറിച്ച് പ്രമുഖ കവി എം എം സചീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്, ഒരു സെക്കുലർരാഷ്ട്രത്തിലെ സർക്കാർ ഓഫീസിൽനിന്ന് ഇത്തരം ഒരു ഉത്തരവ് ഇറങ്ങുന്നതിന്റെയും ഇറക്കുന്നതിന്റെയും വൃത്തികേട് തേച്ചാലും മായ്ച്ചാലും പോകാത്തതാണ് എന്നാണ്. ശരിയാണല്ലോ. എന്തുഭക്ഷിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് വടക്കോട്ട് നോക്കി പറയുമ്പോൾ കേരളത്തിൽ ഒരിടത്തെങ്കിലും ആ സ്ഥിതി നിലവിലുണ്ട് എന്നല്ലേ അർത്ഥം? ഈ മനോഭാവം വളർന്നുവന്നാൽ മണ്ഡലപൂജക്കാലം മുഴുവൻ മത്സ്യമാംസാദികൾ നിരോധിക്കാവുന്നതല്ലേയുള്ളൂ. കൃഷ്ണാഷ്ടമിദിവസം ഭാരതത്തിൽ ഒട്ടാകെ മത്സ്യമാംസക്കടകൾ അടച്ചിടാൻ സർക്കാർ ഉത്തരവ് ഉണ്ടായാലോ? വാസ്തവത്തിൽ പത്തനംതിട്ട‑കോട്ടയം ജില്ലകളിലെ മദ്യശാലകളല്ലേ അടച്ചിടേണ്ടിയിരുന്നത്, പ്രയോജനം ഇല്ലെങ്കിൽപ്പോലും. ഡിങ്കമതക്കാർ ആക്ഷേപഹാസ്യസാഹിത്യമാണ് രചിച്ചതെങ്കിലും മനുഷ്യന്റെ ആഹാരകാര്യത്തിൽ അധികാരികൾ പ്രതിലോമകരമായി കൈ കടത്തുന്നത് ശരിയുള്ള കാര്യമല്ല.