Saturday
16 Feb 2019

മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ; ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

By: Web Desk | Monday 11 February 2019 11:16 AM IST

മലപ്പുറം:  മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.  മലപ്പുറത്തും  മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. പതിനാലും പതിമൂന്നും വയസുള്ളവരാണിവര്‍. പനിബാധിച്ച കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു  ഇവിടെ നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തെ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.

2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറയുന്നു.

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93 ശതമാനം കുട്ടികള്‍ക്കും കുത്തിവെയ്പ്പ് എടുത്തിരുന്നു.

രോഗ ലക്ഷണങ്ങൾ: രോഗാണുബാധ ഉണ്ടായി രണ്ടു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പനി, ശരീരവേദന, വിറ, തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയോടൊപ്പം തന്നെ തൊണ്ടയിൽ കാണുന്ന ചെളി നിറത്തിലുള്ള തുകൽ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങൾ. ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങൾ, സംസാരവൈകല്യം, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണാം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ത്വക്കിനെ ബാധിച്ചും ഡിഫ്തീരിയ രോഗബാധ ഉണ്ടാവാറുണ്ട്.ഇവരിൽ തൊലിപ്പുറമേയുള്ള വ്രണങ്ങൾ, ചുവന്ന പാടുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.