മനോജ് മാധവൻ

തിരുവനന്തപുരം

January 29, 2020, 10:50 pm

നയപ്രഖ്യാപന പ്രസംഗം; ഗവർണർ പൂർണമായും വായിച്ചു: ഗവർണറെ തടഞ്ഞ് പ്രതിപക്ഷം

Janayugom Online

മന്ത്രിസഭായോഗം അംഗീകരിച്ച എൽഡിഎഫ് സർക്കാരിന്റെ നയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ഉൾപ്പെട്ട 101 പേജുള്ള നയപ്രഖ്യാപന പ്രസംഗം ഒരു വരിപോലും വിടാതെയാണ് ഗവർണർ പൂർണമായും വായിച്ചത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയവും, സുപ്രിംകോടതിയെ സർക്കാർ സമീപിച്ചതും പരസ്യ പ്രസ്താവനകളിലൂടെ വിവാദമാക്കിയ ഗവർണർ, പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ഭാഗം നയപ്രഖ്യാപനത്തിൽ വായിക്കില്ലെന്നുപോലും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ പ്രതിപക്ഷത്തിന്റെ നാടകീയമായ രംഗങ്ങളോടെയാണ് തുടക്കമായത്. രാവിലെ 8.50 ഓടെ നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പാർലമെന്ററികാര്യ മന്ത്രി എ കെ ബാലനും, നിയമസഭാ സെക്രട്ടറിയും, ചീഫ് സെക്രട്ടറിയും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. സഭയ്ക്ക് ഉള്ളിൽ കടന്നതോടെ നടുത്തളത്തിന് തൊട്ടുമുൻപ് പ്രതിപക്ഷാംഗങ്ങൾ ബാനറും പ്ലക്കാർഡുകളും ഗവർണർ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി തടഞ്ഞു. തുടർന്ന് വാച്ച് ആൻഡ് വാർഡിന്റെ സംരക്ഷണ വലയത്തിലാണ് ഗവർണർക്ക് വഴിയൊരുക്കിയത്.

ഗവർണർ സ്പീക്കറുടെ ഡയസിലേക്ക് കയറിയതോടെ പ്രതിപക്ഷ അംഗങ്ങൾ നടത്തളത്തിലിറങ്ങി. തുടർന്ന് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചതോടെ സഭ ബഹിഷ്ക്കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ഒരു മണിക്കൂറും 59 മിനിട്ടും 40 സെക്കന്റും എടുത്താണ് നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിച്ചു തീർത്തത്. കേരള നിയമസഭയുടെ കടലാസ് രഹിത സഭ പദ്ധതിയുടെ ഭാഗമായി സംസാരിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച സ്പീക്കറേയും നിയമസഭാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായും ഗവർണർ മലയാളത്തിൽ പറഞ്ഞു.

ഗവർണർ പറഞ്ഞതും 18-ാം ഖണ്ഡികയും

‘പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുന്ന പതിനെട്ടാം ഖണ്ഡിക ഞാൻ വായിക്കുകയാണ്. ഇക്കാര്യത്തിൽ എനിക്കിപ്പോഴും യോജിപ്പില്ല. ഇത് സംസ്ഥാനത്തിന്റെ നയത്തിലോ പരിപാടിയിലോ വരുന്നതല്ല. സർക്കാരിന്റെ കാഴ്ചപ്പാടായേ കാണാനാകൂ. എങ്കിലും ഇത് സർക്കാരിന്റെ വീക്ഷണമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്റെ വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ഞാൻ ഇത് വായിക്കുന്നു’. ‘നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ 2019‑ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്ഠ്യേന പാസാക്കി. ഇതിനെ തുടർന്ന്, എന്റെ സർക്കാർ ഭരണഘടനയുടെ 131-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രിംകോടതി മുമ്പാകെ ഒരു ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്തു’.

Eng­lish sum­ma­ry: Diplo­mat­ic speech; The gov­er­nor read it in its entire­ty: the oppo­si­tion block­ing the governor