Monday
24 Jun 2019

ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയമനം: അപകടത്തിന്‍റെ വ്യാപ്തി

By: Web Desk | Monday 11 June 2018 9:25 PM IST


രാജ്യത്ത് സിവില്‍ സര്‍വീസിലെ ഉന്നതങ്ങളിലേയ്ക്ക് നേരിട്ട് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അത്യന്തം ഉല്‍ക്കണ്ഠയുളവാക്കുന്നതാണ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കിവന്നിരുന്ന ജോയിന്റ് സെക്രട്ടറി തസ്തികയിലേയ്ക്കാണ് ബിരുദവും സ്വകാര്യ സ്ഥാപനങ്ങളില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും അടിസ്ഥാന യോഗ്യത നിശ്ചയിച്ച് നിയമനം നടത്തുന്നതിന് കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനാണ് ഈ നടപടിയെന്നാണ് മോഡിസര്‍ക്കാരിന്റെ അവകാശവാദം.

റവന്യു, ധനകാര്യം, സാമ്പത്തിക കാര്യം, കര്‍ഷക ക്ഷേമം, റോഡ് – ഹൈവേ ഗതാഗതം, ഷിപ്പിങ്, വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, വാണിജ്യം, വ്യോമയാനം എന്നിങ്ങനെ സുപ്രധാനമായ വകുപ്പുകളിലാണ് നേരിട്ട് നിയമനം നടത്താന്‍ പോകുന്നത്. സ്വകാര്യമേഖലയിലെ കമ്പനികള്‍, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് 15 വര്‍ഷത്തെ അനുഭവമാണ് യോഗ്യതയായി ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഓരോ വകുപ്പിലും നയരൂപീകരണം, അവ നടപ്പിലാക്കല്‍, പുതിയ പദ്ധതികള്‍ രൂപീകരിക്കലും നടപ്പിലാക്കലും അതാത് വകുപ്പുകളില്‍ നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പ് എന്നിങ്ങനെയാണ് നിയമിക്കപ്പെടുന്നവരുടെ പ്രധാന ചുമതലയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനര്‍ഥം സ്വകാര്യമേഖലയില്‍ നിന്ന് നിയമിക്കപ്പെടാന്‍ പോകുന്ന ഇവരായിരിക്കും അതാത് വകുപ്പുകളിലെ നയങ്ങള്‍ രൂപീകരിക്കാന്‍ പോകുന്നതെന്നാണ്. കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന മോഡിസര്‍ക്കാറിന് കോര്‍പ്പറേറ്റ് പ്രതിനിധികളെത്തന്നെ ഉദേ്യാഗസ്ഥരാക്കി മാറ്റി അനുകൂല തീരുമാനമെടുക്കാമെന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ഫലം. അതുതന്നെയാണ് ഇതില്‍ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന്.
തങ്ങളുടെയും തങ്ങളെ പോറ്റുന്ന കോര്‍പ്പറേറ്റുകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നയരൂപീകരണം എളുപ്പത്തിലാക്കുകയാണ് ഈ നടപടിയിലൂടെ മോഡിസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. മാത്രമല്ല നിലവിലുള്ള സിവില്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, അവരുടെ തെഞ്ഞെടുപ്പ് രീതിയുടെ നിഷ്പക്ഷതയും സുതാര്യതയും കാഠിന്യവും കടന്നെത്തുന്നതുകൊണ്ട് പലപ്പോഴും വഴിവിട്ട നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത സാഹചര്യമുണ്ടാകും. അതിനുള്ള മറുമരുന്നായാണ് സിവില്‍സര്‍വീസിന്റെ പരിഷ്‌കരണമെന്ന പേരിലുള്ള ഈ അട്ടിമറിയെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെയാണ് ഇത് എല്ലാവരെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

സിവില്‍ സര്‍വീസ് പരിഷ്‌കരണം സംബന്ധിച്ച് കാലാകാലങ്ങളില്‍ രാജ്യത്ത് ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി നിയമയുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ രാജ്യത്തെ സര്‍ക്കാര്‍ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ ഊന്നിയുള്ളതായിരുന്നില്ല. ബ്രിട്ടീഷ് കാലത്തു നിന്ന് തുടങ്ങിയതാണെങ്കിലും സര്‍ക്കാര്‍ മേഖലയിലേയ്ക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തെരഞ്ഞെടുക്കുന്നത് സുതാര്യവും നീതിപൂര്‍വകവുമായ വഴികളിലൂടെയാണ്. പരിമിതികളും ക്രമക്കേടുകളും അപൂര്‍വമായെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര – സംസ്ഥാന സര്‍വീസ് മേഖലകളില്‍ ആ രീതി തന്നെയാണ് പിന്തുടര്‍ന്നുപോരുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് പുറമേ ഓരോ സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍വീസ് കമ്മിഷനുകളും ജീവനക്കാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണം കൂടി കടന്നുവന്നതോടെ ഈ പ്രക്രിയകള്‍ കൂടുതല്‍ സുതാര്യമായതാണ് നമ്മുടെ അനുഭവം. കാഠിന്യമേറിയ കടമ്പകള്‍ കടന്നാണ് സിവില്‍സര്‍വീസ് മേഖലയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. അതില്‍ ബുദ്ധിയുടെയും കായികക്ഷമതയുടെയും വിജ്ഞാനത്തിന്റെയും പരീക്ഷണങ്ങളുമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്ന മേഖലയിലേയ്ക്കാണ് നേരിട്ട് നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നത് മറ്റൊരു അപകടത്തെ കുറിച്ചുകൂടി ഓര്‍മപ്പെടുത്തുന്നുണ്ട്.

അത് സര്‍ക്കാര്‍ ജീവനക്കാരുടെ തെരഞ്ഞെടുപ്പ് നടത്തുന്ന മധ്യപ്രദേശിലെ ‘വ്യാപ’ത്തില്‍ നടന്ന തൊഴില്‍ കുംഭകോണമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നടന്നതെന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കണം. സിബിഎസ്ഇ മേധാവിയായി ഗുജറാത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനിത കാര്‍വാള്‍ ചുമതലയേറ്റ ശേഷം ഉണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും അതില്‍ എബിവിപിക്കാര്‍ക്കുണ്ടായിരുന്ന പങ്കാളിത്തവും ഇതോട് ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രീതികളിലെ ദുരൂഹതയും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. യഥാര്‍ഥത്തില്‍ യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നതിനുള്ള നീക്കത്തിന്റെ തുടക്കം കൂടിയാണിത്. സാംസ്‌കാരിക സ്ഥാപനങ്ങളും സ്വയംഭരണ കേന്ദ്രങ്ങളിലും നിക്ഷിപ്തതല്‍പരരെ പ്രതിഷ്ഠിക്കുന്നതിന് സമാനമായി നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയം നിര്‍ദ്ദേശിക്കുന്നവരെ ഉന്നത ഉദ്യോഗസ്ഥമേഖലയിലും പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നതും അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

Related News