9 December 2024, Monday
KSFE Galaxy Chits Banner 2

എഴുത്തിന്റെ നേരുള്ള കവിതകള്‍

പ്രീത ജി പി
November 24, 2024 7:15 am

ഓരോ പുസ്തകവും എഴുത്തുകാരൻ കടന്നുപോയ ഋതു പരിണാമങ്ങളുടെ കാഴ്ചകളാണ്. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ലോകത്തെ, ജീവിതത്തെ, പ്രകൃതിയെ സമഗ്രമായി അവതരിപ്പിക്കപ്പെടുന്ന കവിതകളുടെ സമാഹാരമാണ് ഭഗവതിനട വേണുവിന്റെ ജീവ താളം. ആത്മനിഷ്ഠത, വൈകാരികത, സംഗീതാത്മകത, ഹ്രസ്വത തുടങ്ങി ഭാവഗീതങ്ങളുടെ പരമ്പരയിൽപ്പെടുത്താവുന്ന കവിതe സമാഹാരമാണിത്. ഓരോ കവിതയും വ്യത്യസ്തമായ നിലപാടുകളിൽ നിന്നുകൊണ്ടുള്ള അന്വേഷണങ്ങളാണ്. ആത്മവിശ്വാസം കെടുത്തുന്ന സാമൂഹികവും വ്യക്തിപരവുമായ വെല്ലുവിളികൾ, പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കടന്നുകയറ്റം, ഭീതിതമായ മരണം എന്നിവ കവിതയുടെ അനുഭവ പരിസരങ്ങഴാണ്. ചോരകൊണ്ട് ഭൂമി മലിനപ്പെടുന്നതിന്റെ രോഷവും വേദനയും കവിതകളിലുണ്ട്. 

ആൽബങ്ങളിൽ ഒട്ടിച്ചു വയ്ക്കാനുള്ളതല്ല ഓർമ്മകൾ. അവ അക്ഷരങ്ങളിലേക്ക് രൂപപ്പെടുമ്പോഴാണ് സുന്ദരമാകുന്നത്. ചില കവിതകളിൽ ആഴമുള്ള സാമൂഹിക ദർശനം ഉണ്ട്. കുളവും കാഞ്ഞിരക്കാവും കറുകപ്പുല്ലും നഷ്ടപ്പെട്ടതിന്റെ ആകുലതകൾ, മഴയത്തോടിക്കയറി നിൽക്കാൻ ഇടമില്ലാത്തവന്റെ സങ്കടം കൃത്യമായി അവതരിപ്പിക്കപ്പെടുന്നു. ഇരുട്ടും വെളിച്ചവും ബിംബങ്ങളായി കവിതകളിൽ കടന്നു വരുന്നുണ്ട്.എഴുത്തിന്റെ നേരുള്ള ഭാഷ നൃത്തം ചെയ്യുന്നത് ചില കവിതകളിൽ കാണാം. ആഴമുള്ള നിരീക്ഷണങ്ങൾ. ഭൂതകാലത്തിൽ എപ്പോഴോ നിഗൂഢമായി ഒളിപ്പിച്ചുവെച്ച ശബ്ദ ഗന്ധ സാന്നിധ്യങ്ങൾ നിറഞ്ഞ കവിതയാണ് വിസ്മൃതിയിൽ. വിസ്മൃതിയിൽ എന്നതാണ് തലക്കെട്ട് എങ്കിലും വിസ്മൃതിയിൽ അല്ല എന്നതാണ് വാസ്തവം. ജീവിതത്തിന്റെ നൂലേണിയിൽ കയറി നിന്നുകൊണ്ട് കാണുന്നതൊക്കെ സന്ദേഹത്തോടെ നോക്കുന്ന കവിതയാണ് സന്ദേഹം. മഴയും വെയിലും പോലെ മാറിമാറി വരുന്ന നിറപ്പകർച്ചകളുടെ ലോകം കണ്ടുകൊണ്ട് അങ്ങനെ ഇരിക്കുന്നതിന്റെ ഭാവ മാറ്റങ്ങൾ കവിതയിലും കാണാം. വീടു മറക്കുന്നു ബന്ധം മറക്കുന്നു. നീതിയും ന്യായവും താറടിച്ചീടുന്നു എന്ന് കവി വിഹ്വലപ്പെടുന്നു.
ബന്ധനസ്ഥൻ എന്ന കവിതയിൽ നല്ല നാളെയൊക്കെയും മറന്നുവോ… പാരിലാകെയും സമത്വ സത്യ ശക്തിയേകുവാൻ എന്നു പറയുന്നുണ്ട്. പാരിടത്തിന് ആത്മശക്തി നൽകുവാൻ ഇറങ്ങുവിൻ എന്നാണ് ആഹ്വാനം. ആഴമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ. സംഘശക്തി, സംഘബോധം ഇവിടെ കാണാം. വാക്കുകളുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞുള്ള ഒരു പ്രത്യേക അവസ്ഥയിൽ നിന്ന് പുറപ്പെടുന്ന കവിതയാണ് കലിയുഗം സുതൻ. പ്രളയം കവിയെ വേദനിപ്പിച്ചു കൊണ്ട് വിടാതെ പിന്തുടരുന്നു. നാടിന്റെ മക്കൾ അകന്നുമാറുന്ന ആരവം കവിയെ ദുഃഖിതനും നിരാശ്രയനും ആകുന്നു. ഉച്ഛ്വാസവായുവിലും മരണം പതിയിരിക്കുന്നു. സ്പർശനം മരണം വിതയ്ക്കുന്ന രോഗാതുരമായ സമകാലിക ദുരന്ത പശ്ചാത്തലം ഉദ്ബോധനം എന്ന കവിതയിൽഉണ്ട്. ജീവനെടുക്കാനും പ്രകൃതിയെ വധിക്കാനും ആർക്കും അധികാരമില്ല. അത് കവിക്കറിയാം. പ്രകൃതിയുടെ തിരിച്ചടികളാണ് എല്ലാ ദുരന്തങ്ങൾക്കും കാരണമെന്നും ഈ കവിതയിൽ പറയുന്നു. നേരെ വാ എന്ന കവിതയിൽ പാരിലെ സ്നേഹം വളരണം എന്ന് പറയുന്നുണ്ട് കവി. “ആന” കൂട്ടത്തിലെ നല്ല കവിതയാണ്. അമ്മിണി ചേച്ചിയുടെ കിനാവാണ് കവിതയിൽ. അമ്മിണി ചേച്ചിക്ക് ഒരു ആന വേണം…മനസിൽ കവിത വന്ന താളത്തിൽ തന്നെയാണ് ഈ കവിത കവി എഴുതിയിരിക്കുന്നത്. 

കവിക്ക് പ്രണയം കവിതയോട് ആണ്. കവിതാ കാമിനിയെ പ്രാണാധി നായികേ എന്നാണ് കവി സംബോധന ചെയ്യുന്നത്. അവളിൽ ലയിക്കാനാണ് കവിക്ക് മോഹം. കാട്ടാളം എന്ന കവിത താളത്തിൽ ചൊല്ലാൻ പാകത്തിന് എഴുതപ്പെട്ടതാണ്. പ്രളയം തന്നെയാണ് ഇവിടെയും വിഷയം. മാലോകരെ ഒരു ഗുളിക കണക്ക് വിഴുങ്ങാൻ പഴയ ഒരു തറവാടിന്നുടെ ഭണ്ഡാരപുര എന്ന് തുടങ്ങി ചാരം മാത്രം എന്ന് അവസാനിപ്പിക്കുമ്പോൾ പ്രകൃതി ധ്വീസനങ്ങളുടെ മറുപടി ഭൂമി പറയുന്നത് കവി അവതരിപ്പിക്കുന്നു. കാവ്യതാരമേ വന്നാലും എന്ന കവിതയും കവിത കാമിനിയോടുള്ള പ്രണയമാണ്. ജീവ താളം എന്ന കവിതയിൽ ജീവിതത്തിന്റെ വൈകാരികമായ ഒരു സിംഫണി ഉണ്ട്. ജീവിതത്തിന്റെ ഐക്യപ്പെടൽ സാധ്യമാക്കിയ ബന്ധങ്ങളെ കുറിച്ച്, തന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് കവി മൂന്ന് കവിതകളിൽ ഓർക്കുന്നുണ്ട്. എഴുത്തിന്റെ ശക്തിയെപ്പറ്റിയാണ് പേനയെ പൂജിക്ക എന്ന കവിത. നവോത്ഥാനത്തിന്, സ്വാതന്ത്ര്യത്തിന്, പേന പടവാൾ ആക്കിയ പാരമ്പര്യമുള്ള കവിക്ക് പേന പൊരുതാൻ ഉള്ളതാണ്. എഴുത്തിന്റെ നേരുള്ളതാണ് ഇതിലെ ഓരോ കവിതയും.

ജീവതാളം
(കവിത)
ഭഗവതിനട വേണു
പ്രഭാത് ബുക് ഹൗസ്
വില: 100 രൂപ

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.