6 October 2024, Sunday
KSFE Galaxy Chits Banner 2

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

30ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി
Janayugom Webdesk
കോഴിക്കോട്
September 9, 2024 7:13 pm

ലൈംഗികാതിക്രമ പരാതിയിൽ കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിന്മേലുള്ള കേസിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന്മേലാണ് രഞ്ജിത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ യുവാവ് രഞ്ജിത്തുമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ബംഗളൂരുവിലെത്തിച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തന്നെ വിവസ്ത്രനാക്കിയശേഷം ചിത്രങ്ങളെടുത്ത് രഞ്ജിത് ഒരു നടിക്ക് അയച്ചതായും യുവാവ് പരാതിപ്പെട്ടിരുന്നു.

നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്. കസബ പൊലീസിനെ കൂടാതെ രണ്ടാഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘവും യുവാവിന്റെ മൊഴിയെടുത്തിരുന്നു. സംഭവം നടന്നിരിക്കുന്നത് ബെംഗളൂരു ആയതിനാൽ കസബ പൊലീസ് കേസ് ബെംഗളൂരു പൊലീസിന് കൈമാറിയിട്ടുണ്ട്. പീഡനത്തിനും ഒപ്പം ഐടി ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. 

ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണമെന്നാണ് വാദം. മുതിർന്ന അഭിഭാഷകൻ പി വിജയഭാനു മുഖേനയാണ് രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. താൻ അസുഖ ബാധിതനായി ചികിത്സയിലാണെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നുമാണ് രഞ്ജിത്തിന്റെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.