സ്വർണക്കടത്ത് അപകടകരമായ തോതിൽ ഉയർന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ്

Web Desk
Posted on May 27, 2019, 2:35 pm

കൊച്ചി; സമ്പദ് വ്യവസ്ഥ തകര്‍ക്കുന്ന സ്വര്‍ണകടത്തിന് എതിരെ നീതിപീഠത്തിനുമുന്നില്‍ സര്‍ക്കാര്‍.  രാജ്യത്തേക്കുള്ള നിയമ വിരുദ്ധ സ്വർണക്കടത്ത് അപകടകരമായ തോതിൽ ഉയർന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇൻറലിജൻസ് ഹൈക്കോടതിയിൽ വെളിവാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന കേസിൽ ആരോപണ വിധേയനായ അഡ്വ.ബിജു മനോഹർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ പ്രസ്താവനയിലാണ് ഡിആർഐ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സ്വർണ കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഭീഷണിയിലാക്കിയിരിക്കുകയാണ്. സ്വർണക്കടത്ത് വഴി കള്ളപ്പണമുണ്ടാവുന്നു. അഡ്വ.ബിജു, വിഷ്ണു, അബ്ദുൽ ഹക്കീം എന്നിവർക്ക് നോട്ടീസ് നൽകിയെങ്കിലും അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ പോയി.

ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കപെടാനും അന്വേഷണം അട്ടിമറിക്കപ്പെടാൻ കാരണമാവുമെന്നും സീനിയർ ഇൻറലിജൻസ് ഓഫീസർ ബാല വിനായക് നൽകിയ പ്രസ്താവന പറയുന്നു.