ഹരിത ട്രൈബ്യൂണലുമായി തര്ക്കംമുറുകി വാഹനനിയന്ത്രണം ഉപേക്ഷിച്ചു

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ദേശീയ ഹരിത ട്രൈബ്യൂണലുമായുള്ള തര്‍ക്കം മുറുകിയതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ഉപേക്ഷിച്ചു.
തല്ക്കാലം ഒറ്റ-ഇരട്ട വാഹനക്രമീകരണം നടപ്പാക്കേണ്ടെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.
സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ദേശീയ ഹരിത ട്രൈിബ്യൂണല് അനുവദിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. അരവിന്ദ് കെജ്രിവാള് അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി തിങ്കളാഴ്ച നല്‍കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് അറിയിച്ചു.
ഇരുചക്രവാഹനങ്ങള്‍, വനിതാ ഡ്രൈവര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളെ ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ട്രൈബ്യൂണല്‍ ഇത്തരം ഇളവുകളെ തള്ളുകയായിരുന്നു. വാഹനക്രമീകരണം നടത്തുമ്പോള്‍ ഒരു വിഭാഗത്തിനും ഇളവ് നല്‍കേണ്ടതില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
നിയന്ത്രണം നടപ്പാക്കിയാല്‍ നഗരത്തിലെ 30 ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ കഴിയില്ല. ഈ സാഹചര്യം നേരിടാന്‍ പൊതുഗതാഗത സംവിധാനം പര്യാപ്തമല്ലെന്ന് കൈലാഷ് ഗെലോട്ട് ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷ പരമപ്രധാനമാണെന്നും ഇക്കാരണത്താല്‍ എന്‍ജിടി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനക്രമീകരണം ഏര്‍പ്പെടുത്താന്‍ വൈകുന്നതില്‍ ഡല്‍ഹി സര്‍ക്കാരിനെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.വാഹന ക്രമീകരണം നടപ്പാക്കാന്‍ അപകടകരമായ അവസ്ഥ എത്തുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്നാണ് ട്രൈബ്യൂണല്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.
വായുമലിനീകരണത്തെ തുടര്‍ന്ന് വ്യവസായ പ്രവര്‍ത്തനങ്ങളും കെട്ടിടനിര്‍മ്മാണവും നിറുത്തി വയ്ക്കാന്‍ നേരത്തെ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും ട്രൈബ്യൂണല്‍ വിലക്കിയിരുന്നു.
ഡല്‍ഹിയിലെ അന്തരീക്ഷം ഇന്നലെ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നലെ വായു ഗുണനിലവാര സൂചിയില്‍ ആര്‍കെ പുരത്ത് 670 രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍ 541, മന്ദിര്‍ മാര്‍ഗ് 491, പഞ്ചാബി ബാഗ് 462 എന്നിങ്ങനെയാണ് മറ്റ് പ്രധാനകേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വ്യവസായ യൂണിറ്റുകള്‍ 14 വരെ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.