അക്ഷമനും അസ്വസ്ഥനുമായ പ്രധാനമന്ത്രി

Web Desk
Posted on August 18, 2018, 9:02 pm

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗത്തില്‍ ഒരു കാര്യം വ്യക്തമായി. അദ്ദേഹം അക്ഷമനും അസ്വസ്ഥനുമാണെന്ന സത്യം. വാഗ്‌ധോരണിയിലും പൊള്ളയായ വാഗ്ദാനങ്ങളിലുമുപരിയായ കഴിഞ്ഞ നാലരവര്‍ഷത്തെ മോഡി ഭരണം രാജ്യത്തെ ജനങ്ങളെ അക്ഷമരും അസ്വസ്ഥരുമാക്കി. രാജ്യം ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. രാജ്യത്തെ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളെല്ലാം തന്നെ ഒരുകാര്യം അടിവരയിട്ട് പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ ചെങ്കോട്ടയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമാണെന്നായിരുന്നു അത്. എന്നാല്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഈ നിരീക്ഷണത്തെ വളച്ചൊടിച്ചു. 2019‑ലെ പൊതുതെരഞ്ഞെടുപ്പിന്റെ തുടക്കംകുറിച്ച പ്രസംഗമെന്ന് അവര്‍ വ്യാഖ്യാനിച്ചു. 2022-ഓടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന ചില പദ്ധതികളെക്കുറിച്ച് മോഡി പ്രസംഗിച്ചു എന്ന കാര്യവും ഇക്കൂട്ടര്‍ പറഞ്ഞു. അതായത് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമായതെന്നാണ് ബിജെപിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പറഞ്ഞത്. ഇത് തികച്ചും വിഡ്ഢിത്തമാണ്.
രണ്ട് പദ്ധതികളെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. ആരോഗ്യസംരക്ഷണം, ബഹിരാകാശത്ത് ഒരു ഇന്ത്യാക്കാരനെ അയക്കും എന്നീ രണ്ട് കാര്യങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ ഈ പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്രബജറ്റിലോ സംസ്ഥാന ബജറ്റുകളിലോ പ്രതേ്യക തുകയൊന്നും നീക്കിവച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കഴിഞ്ഞ കാലങ്ങളിലെപോലെ കേവലം മുദ്രാവാക്യമായി നിലനില്‍ക്കും. ബഹിരാകാശത്ത് ഇന്ത്യാക്കാരനെ അയക്കുന്ന പദ്ധതി മോഡി സര്‍ക്കാര്‍ രൂപീകരിച്ചതല്ല. പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ ഇതിനുവേണ്ടി പ്രയത്‌നിക്കുകയാണ്. ഇക്കാര്യത്തില്‍ അഭിമാനാര്‍ഹമായ പുരോഗതി കൈവരിച്ചിട്ടുമുണ്ട്.

സുപ്രധാനമായ വിഷയങ്ങളെ തന്റെ പ്രസംഗത്തില്‍ നിന്ന് മോഡി ഒഴിവാക്കി. ബിജെപിയുടെ ആശിര്‍വാദത്തോടെ രാജ്യം വിദേ്വഷ രാഷ്ട്രീയത്തിന്റെ പിടിയിലാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ പ്രകോപനപരമായ പ്രവൃത്തികള്‍, പ്രസ്താവനകള്‍, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായില്ല. രാജ്യം അശാന്തിയുടെ അഗ്നിപര്‍വതത്തിന്റെ നെറുകയിലാണ്. ബിജെപി നേതാക്കളും സംഘപരിവാര്‍ നേതാക്കളും തികച്ചും വിഷം ചീറ്റുന്ന പ്രസ്താവനകളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സമൂഹത്തില്‍ അശാന്തി മാത്രമാണ് ഇപ്പോഴുള്ളത്. ഈ വിഷയങ്ങള്‍ സംബന്ധിച്ച് ഒന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. രാജ്യത്ത് ജാതി, മത, വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും നേതൃത്വം കൊടുക്കുന്നത് ബിജെപിയും സംഘപരിവാറുമാണ്. ഈ ആയുധങ്ങളെത്തന്നെയാണ് 2019‑ലെ പൊതുതെരഞ്ഞെടുപ്പിലും ഉപയോഗിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ പ്രധാനമന്ത്രി പരാമര്‍ശിച്ചു. എന്നാല്‍ ഇത് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളതാണ്. രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ബലാത്സംഗക്കേസുകളിലും ബിജെപി നേതാക്കള്‍, പ്രവര്‍ത്തകര്‍, അനുകൂലികള്‍ എന്നിവരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയാറായില്ല. ഉന്നാവോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി എംഎല്‍എയെ പുറത്താക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.
രാജ്യത്തെ യുവാക്കള്‍ തികച്ചും അസ്വസ്ഥരാണ്. ഒരു വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വര്‍ത്തമാനപത്രത്തില്‍ അച്ചടിച്ചുവന്നു. എന്നാല്‍ ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ഉണ്ടായില്ല. തൊഴില്‍ നല്‍കുന്നതില്‍ നരേന്ദ്രമോഡി പൂര്‍ണമായും പരാജയപ്പെട്ടു. തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുപകരം മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ കോടിക്കണക്കിനുപേരെ തൊഴിലില്ലാത്തവരാക്കി.
നോട്ട് നിരോധനം സംബന്ധിച്ച പരാമര്‍ശവും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെട്ടില്ല. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന്റെ ഭാഗമായാണ് ഇക്കാര്യം പരാമര്‍ശിക്കാത്തത്. കള്ളപ്പണത്തിന്റെ വരവ്, കള്ളപ്പണം വെളുപ്പിക്കുക എന്നിവയൊക്കെയാണ് ഈ ഭരണത്തിന്റെ മുഖമുദ്ര. വര്‍ധിച്ചുവരുന്ന അഴിമതിയുടെ കാര്യത്തില്‍ ഇതുതന്നെയാണ് അവസ്ഥ. ഫ്രാന്‍സുമായി ഒപ്പിട്ട റഫാല്‍ യുദ്ധവിമാനക്കരാറിന്റെ വിശദാംശം രാജ്യം ആവശ്യപ്പെടുന്നു. നേരത്തെയുള്ള സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാള്‍ മൂന്ന് മടങ്ങ് വര്‍ധിപ്പിച്ചാണ് നരേന്ദ്രമോഡി ഈ കരാര്‍ ഒപ്പിട്ടത്. അത് മാത്രമല്ല, അംബാനിയുടെ ഉടമസ്ഥതയിലുള്ള കടലാസു കമ്പനിക്ക് 35,000 കോടി രൂപ ഫ്രഞ്ച് കമ്പനി നല്‍കുകയും വേണം. ഈ പണം ആത്യന്തികമായി ആരാണ് സ്വീകരിക്കുന്നത്? ഇത് അഴിമതിയുടെയും പൊതുമുതല്‍ കൊള്ള ചെയ്യുന്നതിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ്.
റഫാല്‍ ഇടപാടിലുപരിയായി പനാമ പേപ്പറുകളുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ചും പ്രധാനമന്ത്രി വിശദീകരണം നല്‍കാന്‍ തയാറായില്ല. വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ചുള്ളതായിരുന്നു പനാമ പേപ്പറുകളിലെ പരാമര്‍ശം. ഇത്തരത്തില്‍ കള്ളപ്പണം പൂഴ്ത്തിവച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം തയാറായില്ല. കഴിഞ്ഞ നാലര വര്‍ഷത്തെ മോഡി ഭരണത്തിനിടെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം ഗണ്യമായി വര്‍ധിച്ചു. ഗുജറാത്തിലെ സഹകരണ ബാങ്കുകള്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതാണ് മറ്റൊരു കുംഭകോണം. ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെട്ട ഈ തട്ടിപ്പില്‍ ആയിരക്കണക്കിന് രൂപയുടെ തിരിമറിയാണുള്ളത്.
ചെങ്കോട്ടയിലെ പ്രസംഗത്തില്‍ നിന്നും ഈ വിഷയങ്ങള്‍ പ്രധാനമന്ത്രിക്ക് ഒഴിവാക്കാനായി. എന്നാല്‍ വരുംദിവസങ്ങളില്‍ ജനങ്ങള്‍ ഇതിനുള്ള മറുപടി തേടുകയും അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്യും. വരുന്ന തെരഞ്ഞെടുപ്പില്‍ മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തുടച്ചു മാറ്റപ്പെടും. ഇതാണ് നരേന്ദ്രമോഡിയെ ‘അക്ഷമനും അസ്വസ്ഥനു‘മാക്കുന്നത്.