മടക്കയാത്രയ്ക്ക് തൊഴിലില്ലാത്ത 56,000 മലയാളികള്‍; സര്‍ക്കാര്‍ സര്‍വീസിലെ മുഴുവന്‍ പ്രവാസികളെയും പിരിച്ചുവിടുന്നു

കെ രംഗനാഥ്

മസ്കറ്റ്

Posted on May 22, 2020, 7:08 pm

മലയാളികളുടെ ആദ്യകാല പ്രവാസ ഭൂമിയായ ഒമാനും കേരളിയരെ കെെവിടുന്നു. കൊറോണ പടര്‍ത്തിയ ഭീകരമായ പ്രതിസന്ധിയില്‍ ഒമാനില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ 56,000 എന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവരുന്നതിനിടെ ഒമാനിലെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മുഴുവന്‍ വിദേശികളെയും പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയതോടെ ഒമാനും മലയാളിയുടെ സ്വപ്നഭൂമിയല്ലാതാവുന്നു. 50.79 ലക്ഷം ജനസംഖ്യയുള്ള ഒമാനില്‍ 40 ശതമാനവും വിദേശികളാണ്.

നാമമാത്ര തൊഴിലാളികളായ ബംഗ്ലാദേശികള്‍ പ്രവാസിസംഖ്യയില്‍ ഒന്നാമതാണെങ്കിലും 6.54 ലക്ഷം ജനസംഖ്യയുമായി ഇന്ത്യ രണ്ടാമതുണ്ട്. ഇവരില്‍ മലയാളികള്‍ 4.31 ലക്ഷമെന്നാണ് കണക്ക്. ചേരമാന്‍ പെരുമാള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുശേഷമുള്ള മടക്കയാത്രയില്‍ ഒമാനിലെ സലാലയില്‍ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നും മലയാളികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. മലയാളിയും ഒമാനും തമ്മിലുള്ള ബന്ധം ചേരമാന്‍ പെരുമാളിനു മുമ്പുതന്നെ ഊട്ടിയുറപ്പിക്കപ്പെട്ടതെങ്കിലും ആ ഊഷ്മളബന്ധവും പഴങ്കഥയാവുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിദേശികളെ പിരിച്ചുവിടുന്ന ഉത്തരവ് നടപ്പാകുമ്പോള്‍ കനത്ത ആഘാതമേല്‍ക്കുക മലയാളികള്‍ക്കാവും.

മലയാളികളായ സാധാരണ തൊഴിലാളികള്‍ താരതമ്യേന കുറവാണ്.സര്‍ക്കാര്‍ സര്‍വീസിലുണ്ടായ 40 ശതമാനം വിദേശികളില്‍ 29 ശതമാനവും മലയാളികളാണ്. മധ്യതല, ഉന്നതതല സര്‍ക്കാര്‍ ജീവനക്കാരിലും ഭൂരിപക്ഷം മലയാളികള്‍. എന്നാല്‍ മേയ് ദിനം മുതല്‍ തന്നെ സര്‍ക്കാര്‍ സര്‍വീസിലെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചതായി ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഒമാന്‍ ന്യൂസ്’ വെളിപ്പെടുത്തി. മേയ് ദിനത്തിന് ഏതാനും ദിവസം മുമ്പ് ഒമാന്‍ ധനമന്ത്രാലയം സര്‍‌ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കും അയച്ച ഉത്തരവില്‍ പ്രവാസികളെ മുഴുവന്‍സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് പകരം ഒമാനികളെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

വിദേശികളെ പുറത്താക്കി സ്വദേശി തൊഴില്‍ സേന രൂപീകരിക്കാനുള്ള ഈ പദ്ധതിയില്‍ അമാന്തം വരുത്തരുതെന്ന കര്‍ശനമായ നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. ഉത്തരവ് നടപ്പായാല്‍ രണ്ടരലക്ഷത്തോളം മലയാളികളടക്കം നാല് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പ്രവാസി സംഘടനകളുടെ ആശങ്ക. ഇതിനുപുറമേ സ്വകാര്യമേഖലയിലെ തൊഴില്‍ദായകരോടും പ്രവാസികളെ പുറത്താക്കി ഒമാനിവല്ക്കരണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.

ഉത്തരവ് നടപ്പാക്കാന്‍ സ്വകാര്യമേഖലയും പൊതുമേഖലയും തമ്മില്‍ മത്സരം തന്നെ തുടങ്ങിയതിനിടെയാണ് പ്രതിദിനം നൂറുകണക്കിന് മലയാളികള്‍ക്ക് ഇവിടെ ജോലി നഷ്ടപ്പെടുന്നത്. മടക്കയാത്രയ്ക്ക് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 56,000 പേര്‍ ഇപ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വരുംദിനങ്ങളില്‍ ഒമാനില്‍ പിരിച്ചുവിടലിന്റെ ഒരു മഹാവേലിയേറ്റം തന്നെയുണ്ടാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതും ഒമാനിലെ മലയാളികളുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്നു.

you may also like this video;