സ്പീക്കറുടെ ഡയസ്സിൽ കയറി പ്രതിഷേധം: നാല് എംഎൽഎമാർക്ക് ശാസന

Web Desk
Posted on November 21, 2019, 10:59 am

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസ്സിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി. എംഎൽഎമാരായ റോജി ജോൺ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ സ്പീ​ക്ക​ര്‍ ശാ​സി​ച്ചു. എംഎൽഎമാരുടെ പ്രവൃത്തി സഭാ ചട്ടങ്ങളുടെ ലംഘനമാണ്. ഇത് അനുവദിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

303ാം ചട്ടപ്രകാരമാണ് നടപടി. ഇവര്‍ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞു.

കെഎസ്‌യു മാർച്ചിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എംഎൽഎക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചത്. പൊലീസുകാരെ സസ്പെൻഡു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിൽ കയറി പ്രതിഷേധിച്ചത്.

എംഎൽഎമാർക്കെതിരെ നടപടി പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സഭയിൽ ബഹളമായി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ താൽക്കാലികമായി നിർത്തിവെച്ചു.