പാശ്ചാത്യ പൊങ്ങച്ചത്തിന്റെ പൂച്ച് പുറത്താകുന്നു

Web Desk
Posted on July 14, 2019, 10:48 pm

സാമ്പത്തികവും സാംസ്‌കാരികവും സാമൂഹ്യവുമായ വികസനത്തിന്റെ എവറസ്റ്റാരോഹണം കഴിഞ്ഞ മട്ടിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യര്‍ അഹങ്കരിച്ചു നടക്കുന്നത്. എന്നാല്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയിട്ട് അഞ്ച് നൂറ്റാണ്ടു കഴിഞ്ഞതേയുള്ളുവെന്നും, അതിനുശേഷം മാത്രമാണ് യൂറോപ്യര്‍ കൂട്ടത്തോടെ അവിടത്തെ ആദിവാസികളെ ഏതാണ്ട് കൂട്ടത്തോടെ സംഹരിച്ച് ആദ്യത്തെ കോളനിവല്‍ക്കരണം നടത്തിയതെന്ന വസ്തുത വിസ്മരിക്കാനാവില്ല. മഹാസാഗരങ്ങളുടെ മറുകര എത്താന്‍ സഹായിച്ച ആ നാവികാത്ഭുതമാണ് വ്യാവസായിക വിപ്ലവത്തിനും കോളനിവല്‍ക്കരണത്തിനും ലോകാധിപത്യത്തിനും എല്ലാം അവരെ പ്രാപ്തരാക്കിയത്. ഇംഗ്ലീഷ് ഭാഷ സാര്‍വദേശീയമായതും അങ്ങനെയാണ്.
പക്ഷെ, ഈ അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പും ഗ്രീസിലും പേഴ്‌സ്യയിലും ഇന്ത്യയിലും മാനവ സംസ്‌കാരങ്ങള്‍ തഴച്ചു വളര്‍ന്നിരുന്നു. അവയ്‌ക്കെല്ലാം സഹസ്രാബ്ദങ്ങളുടെ പഴക്കവുമുണ്ട്. എന്നാല്‍ വ്യവസായത്തിലും ശാസ്ത്രത്തിലും പാശ്ചാത്യര്‍ കൈവരിച്ച കുതിച്ചുചാട്ടം ജീവിതത്തിന്റെ നാനാതുറകളിലും അവരെ മുന്നേറാന്‍ സഹായിച്ചിരുന്നുവെന്നത് മറക്കാനാവില്ല. മറ്റുള്ളവര്‍ നിന്നേടത്തുതന്നെ നിന്നുപോവുകയും പഴമയുടെ ആചാരങ്ങള്‍ മുറുകെ പിടിക്കുകയും പൂര്‍വകാല ജാതി-മത അനാചാരങ്ങള്‍ രൂഢമൂലമാവുകയും ചെയ്തു. പുതുതായി വളര്‍ച്ച പ്രാപിച്ച ക്രൈസ്തവ സംസ്‌കാരം പഴയ പല അനാചാരങ്ങളേയും ചാടിക്കടക്കാന്‍ അവരെ പ്രാപ്തരാക്കി. അവഹേളന ദൃഷ്ടിയോടെ മറ്റുള്ളവരെ നോക്കിക്കാണുന്ന ഒരു വീക്ഷണം അവരില്‍ വളര്‍ന്നുവന്നത് അങ്ങനെയാവണം.
എന്നാല്‍ മറ്റു രാജ്യങ്ങളിലെ യാഥാസ്ഥിതിക വീക്ഷണത്തില്‍ നിന്ന് കരകയറാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും സ്പഷ്ടമാകും. അടിമത്തത്തിന്റെയും കുടിയേറ്റത്തിന്റെയും മാത്രം കാര്യം നോക്കാം. ആഫ്രിക്കയില്‍ നിന്ന് തോക്കിന്റെ ബലത്തില്‍ പിടിച്ച് ചങ്ങലയ്ക്കിട്ട് കൊണ്ടുവന്ന കറുത്ത വര്‍ഗക്കാരോട് ഇത്ര നീചമായി പെരുമാറിയ മറ്റൊരു രാജ്യവും ഭൂമുഖത്തുണ്ടാവില്ല. അടിമത്തം കൊടികുത്തിവാണിരുന്ന ഇറ്റലിയില്‍പോലും മേല്‍ജാതിക്കാരായ പട്രീഷ്യന്‍-പ്ലെബിയ വിഭാഗക്കാര്‍ കുറച്ചുകൂടി അയവുള്ള ഒരു സമീപനമാണ് കൈക്കൊണ്ടിരുന്നത്. പ്രഭുവര്‍ഗക്കാരുടെ മാനസികോല്ലാസത്തിനായി സിംഹവുമായി ഏറ്റുമുട്ടാന്‍ ഗോദായിലേക്ക് എറിഞ്ഞുകൊടുക്കപ്പെട്ടിരുന്ന അടിമ ആ ഏറ്റുമുട്ടലില്‍ ജയിച്ചുവന്നാല്‍ അയാള്‍ സ്വതന്ത്രനായി തീരുമായിരുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പാകിയത് കറുത്ത വര്‍ഗക്കാരുടെ എല്ലുനുറുകെയുള്ള കഠിനാധ്വാനമായിരുന്നു. എന്നിട്ടും അവരെ സ്വതന്ത്രരാക്കാന്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി 85 കൊല്ലത്തിന് ശേഷം ഒരു എബ്രഹാം ലിങ്കണ്‍ പ്രസിഡന്റ് ആകേണ്ടിവന്നു. അതിനായി അദ്ദേഹത്തിന് ഏഴ് തെക്കന്‍ സ്റ്റേറ്റുകളുമായി ദീര്‍ഘമായ ഒരു യുദ്ധം തന്നെ നടത്തേണ്ടിയും വന്നിരുന്നു. അതിനായി 1865ല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് അടിമക്കച്ചവടക്കാരുടെ തോക്കിന് ഇരയാകേണ്ടി വന്നുവല്ലൊ. ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ 1963ല്‍ ജോണ്‍ കെന്നഡി എന്ന മറ്റൊരു പ്രസിഡന്റിനും ജീവത്യാഗം ചെയ്യേണ്ടിവന്നില്ലേ? എന്നിട്ടും കറുത്തവര്‍ഗക്കാരോടുള്ള വിവേചനത്തിനും ശത്രുതയ്ക്കും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടിെല്ലന്നാണ് സമീപകാലത്ത് നടന്ന കറുപ്പന്‍മാരുടെ കൊലപാതകങ്ങള്‍ നമ്മെ വിളിച്ചറിയിക്കുന്നത്.
ഇനി കുടിയേറ്റക്കാരുടെ സ്ഥിതി പരിശോധിക്കുക. ബ്രിട്ടനിലും മറ്റും നിന്നുള്ള വെള്ളക്കാരാണ് ആദ്യമായി അവിടെ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ഓടിയെത്തിയത്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഇപ്പോള്‍ അവിടെയുണ്ട്. അടിമകളായി എത്തിയ ‘നീഗ്രൊ’ എന്ന വിളിപ്പേരുള്ളവരാണ്, സ്വമനസാലെ അല്ലാതെ അവിടെയുള്ള ഒരു വിഭാഗം. ഇപ്പോഴാകട്ടെ അനുവാദമില്ലാതെയും അവിടേക്ക് അസംഖ്യം പേര്‍ ഒളിച്ചുകടക്കുന്നതിന്റെ കഥകളാണ് പ്രചരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരെല്ലാം കുടിയേറ്റക്കാരോ അവരുടെ സന്തതിപരമ്പരകളോ ആണ്. എന്നിട്ടും പുതിയ കുടിയേറ്റക്കാരെ കണ്ടുപിടിച്ച് പുറത്താക്കാന്‍ പ്രസിഡന്റ് ട്രംപ് ലക്ഷോപലക്ഷം ഡോളര്‍ ചെലവുള്ള ഒരു മതില്‍ക്കെട്ട് പണിയിക്കുന്നതിനുള്ള ഒരു ‘യുദ്ധ’ത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. തിരക്കുള്ള ട്രെയിനില്‍ കയറിപ്പറ്റാന്‍ ബദ്ധപ്പെടുന്നവരുടേതുപോലുള്ളതാണ് ഇവരുടെ സ്ഥിതി. കുടിയേറ്റക്കാര്‍ മാത്രം ജീവിക്കുന്ന ഒരു നാട്ടിലാണ് പുതുതായി വരുന്നവരോടുള്ള ശത്രുതാപരമായ ഈ രോഷപ്രകടനം.
കുടിയേറിക്കഴിഞ്ഞവര്‍ മാത്രം ജീവിക്കുന്ന ഒരു നാട്ടില്‍ തലമുറകളായി അവിടെ കഴിയുന്നവര്‍ക്കിടയില്‍ വെള്ളക്കാരല്ലാത്തവരോടുള്ള വിദ്വേഷം എത്ര കടുത്തതാണെന്നതിന്റെ തെളിവാണ്, നിതേ്യനയെന്നോണം നമ്മുടെ മുന്നിലുള്ളത്. ഈ വര്‍ണ വിദേ്വഷം വെള്ളക്കാരല്ലാത്തവരോടുമാത്രമുള്ളതുമാണ്. വെള്ളക്കാരനല്ലാത്ത ഒരാളെയെങ്കിലും വെടിവച്ച് വീഴ്ത്താത്ത ഒരു ദിവസം പോലുമില്ലെന്ന വസ്തുത ശ്രദ്ധിക്കാതിരിക്കാന്‍ പറ്റില്ല. കറുപ്പും വെളുപ്പുമല്ലാത്തവരുടെ നേര്‍ക്കാണ് ഈ വെടിവയ്പും അസഹിഷ്ണുതയും. ഇന്ത്യ ഒരൊറ്റ രാജ്യമാണെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വന്‍ നഗരങ്ങളില്‍ ചെന്ന് പാര്‍ക്കുന്നുണ്ട്. അവിടെ തെക്കന്‍ സ്റ്റേറ്റുകളില്‍ നിന്നുള്ളവരെ ‘മദ്രാസി’ എന്നു വിളിച്ച് ആക്ഷേപിക്കുക സാധാരണയാണ്. ഇതറിയുന്നവര്‍ക്ക് അമേരിക്കയിലെ അസഹിഷ്ണുതയില്‍ അത്ര മനഃക്ലേശം തോന്നിയെന്നുവരില്ല. വെള്ളക്കാരല്ലാത്തവരോടുള്ള ഈ ജൂഗുപ്‌സ വാക്കിലും നോട്ടത്തിലും പെരുമാറ്റത്തിലും മാത്രമാണ് പ്രതിഫലിച്ചിരുന്നത്.
അങ്ങനെയൊരാള്‍ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമ്പോഴത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും പ്രയാസമാണ്. എന്നാല്‍ ശരിക്കും ആ സ്ഥിതിയാണ് ഇപ്പോള്‍ അവിടെ സംജാതമായിരിക്കുന്നത്. കാലിഫോര്‍ണിയ എന്ന സ്റ്റേറ്റില്‍പെട്ട ഓക്‌ലന്റില്‍ 1964ല്‍ ജനിച്ച കമലാദേവി ഹാരിസ് ആണ് വര്‍ണവെറിയന്‍മാരുടെ ഉറക്കംകെടുത്തുന്ന ഈ കഥാപാത്രം. കമലയുടെ അമ്മ ഇന്ത്യയിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള ശ്യാമള ഗോപാലന്‍ ആണ്. 1960ല്‍ മദ്രാസില്‍ (ചെന്നൈ) നിന്നാണ് സ്തനാര്‍ബുദ വിദഗ്ധയായ ശ്യാമള അമേരിക്കയില്‍ കുടിയേറുന്നത്. അച്ഛന്‍ ഡൊണാള്‍ഡ് ഹാരിസ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു. ജമൈക്കയില്‍ നിന്ന് അദ്ദേഹം അമേരിക്കയില്‍ എത്തുന്നത് 1961ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനത്തിനാണ്. അങ്ങനെ കമലാ ഹാരിസ് രണ്ടാം തലമുറയില്‍പെട്ട അമേരിക്കക്കാരിയാണ്. ആ നാട്ടില്‍ ജന്‍മംകൊണ്ട് തന്നെ കമലയ്ക്ക് പൗരത്വമുണ്ട്.
കമലയുടെ ജന്‍മനാടായ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കൊയില്‍ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് കമല കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ആ സ്റ്റേറ്റില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ സെനറ്ററാണ് കമല. ഒരു ജമൈക്കന്‍-ഇന്ത്യന്‍ വംശജ ആദ്യമായാണ് ഈ സ്ഥാനത്തെത്തുന്നത്. അതിനിടയിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്നത്. വംശീയ വിദേ്വഷം പുലര്‍ത്തുന്നവര്‍ക്ക് ഈ സ്ഥാനാര്‍ഥിത്വം ഒട്ടും സഹിക്കാനായിട്ടില്ല. മറുനാടന്‍ കറുത്തവര്‍ഗത്തില്‍പെട്ട ഒരു വ്യക്തിയുടെ അതും ഒരു സ്ത്രീയുടെ, സ്ഥാനാര്‍ഥിത്വ മോഹംപോലും വംശീയവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഇതു പൊളിക്കാന്‍ അവര്‍ കൂട്ടായി തന്നെ എതിര്‍പ്പും പ്രതിഷേധവും ഉയര്‍ത്തിയിരിക്കുകയാണ്. ഈ പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സീമന്തപുത്രന്‍ ട്രംപ് ആണെന്നത് പലര്‍ക്കും കൗതുകകരമായി തോന്നും. ഈ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരിക്കുമെന്നതാണ് മകന്‍ ട്രംപിന്റെ പ്രതിഷേധത്തിന് കാരണം. ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണ്. എതിര്‍കക്ഷിയുടെ സ്ഥാനാര്‍ഥി ആരാകരുതെന്ന് നിര്‍ദേശിക്കാന്‍ എന്തവകാശമാണുള്ളതെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.
കമലാഹാരിസിന്റെ സ്ഥാനാര്‍ഥിത്വത്തെ അവര്‍ എതിര്‍ക്കുന്നത് ഒരു പ്രവാസിയാണെന്നു മാത്രം പറഞ്ഞല്ല. കമലാഹാരിസ് അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പ്രാതിനിധ്യം അവകാശപ്പെടുന്നതിലാണ് അവര്‍ക്ക് എതിര്‍പ്പ്. അതിന് കമലയ്ക്ക് യോഗ്യതയില്ലെന്നതാണ് അവരുടെ വാദം. കമലയും അവരുടെ പിതാവും അമേരിക്കന്‍ ആദിവാസിയല്ലെന്നാണ് അവര്‍ സ്ഥാപിക്കാന്‍ നോക്കുന്നത്.
മുന്‍ പ്രസിഡന്റ് ഒബാമക്കെതിരായും ഇത്തരം എതിര്‍വാദം ഉയര്‍ത്തിയിരുന്നു. ഒബാമയും അമേരിക്കന്‍ കറുത്തവര്‍ഗക്കാരനല്ലെന്ന് അവര്‍ വാദിച്ചുനോക്കിയിരുന്നു. പക്ഷെ, എന്നിട്ടും അദ്ദേഹം തുടര്‍ച്ചയായി രണ്ടുപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അമേരിക്കയിലെ ശക്തിപ്രാപിച്ചുവരുന്ന വിവേചന വിരുദ്ധ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി പട്ടികയിലുള്ള സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവരും കമലയ്‌ക്കെതിരായ വംശീയ വിദേ്വഷ പ്രചരണത്തിനെതിരെ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ഇത് വംശീയ വിേദ്വഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ ശക്തമായ തിരിച്ചടിയായിരിക്കും.
പക്ഷെ, ഇതുകൊണ്ടൊന്നും കമലാ ഹാരിസിന് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം കിട്ടുമെന്നോ, കിട്ടിയാല്‍ത്തന്നെ അവര്‍ ജയിക്കുമെന്നോ യാതൊരുറപ്പുമില്ല. ഹില്ലരി ക്ലിന്റണ്‍ കഴിഞ്ഞ തവണ പയറ്റിനോക്കിയതാണല്ലോ. അമേരിക്കന്‍ പൊങ്ങച്ചത്തിന്റെ പൂച്ച് പുറത്താക്കാന്‍ ഹില്ലരി ക്ലിന്റന്റേതുപോലെ കമലാ ഹാരിസിന്റെ അനുഭവവും ഉപകരിക്കുമെങ്കില്‍ അത്രയും നല്ലതുതന്നെ. അമേരിക്കയുടെ സ്ത്രീ-വംശീയ വിരുദ്ധതയ്ക്ക് ഇതും ഒരു ദൃഷ്ടാന്തമാകുമെന്നു മാത്രം.