19 April 2024, Friday

Related news

March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023
September 4, 2023
July 18, 2023
July 16, 2023
June 29, 2023
June 20, 2023

സ്ത്രീ, ദളിത്, ന്യൂനപക്ഷങ്ങൾക്ക് തൊഴിലിൽ വിവേചനം

പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ 2.5 മടങ്ങ് കൂടുതൽ വരുമാനം: ഓക്സ്ഫാം ഇന്ത്യ
Janayugom Webdesk
ന്യൂഡൽഹി
September 15, 2022 10:17 pm

രാജ്യത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തൊഴിൽ അന്തരത്തിന്റെ 98 ശതമാനത്തിനും കാരണം ലിംഗ വിവേചനമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾ 100 ശതമാനവും നഗരപ്രദേശങ്ങളിൽ 98 ശതമാനവും വിവേചനം നേരിടേണ്ടിവരുന്നതായി ‘ഇന്ത്യ ഡിസ്ക്രിമിനേഷൻ റിപ്പോർട്ട് 2022’ കാണിക്കുന്നു. സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടെങ്കിലും സാമൂഹികവും തൊഴിലുടമകളുടെ മുൻവിധികളും കാരണം വേതനത്തിൽ വിവേചനം നേരിടേണ്ടിവരുന്നതായി റിപ്പോർട്ട് പറയുന്നു.
ദളിതർ, ആദിവാസികൾ തുടങ്ങിയ അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്കൊപ്പം മുസ്‍ലിങ്ങളെപ്പോലുള്ള മതന്യൂനപക്ഷങ്ങളും ജോലി, ഉപജീവനമാർഗങ്ങൾ, കാർഷിക വായ്പകൾ എന്നിവ ലഭ്യമാക്കുന്നതിൽ വിവേചനം നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. സ്ഥിരം ജീവനക്കാരായ എസ്‍സി, എസ്‍ടി വിഭാഗങ്ങളുടെ നഗരപ്രദേശങ്ങളിലെ ശരാശരി വരുമാനം 15,312 രൂപയാണ്. പാെതുവിഭാഗത്തിൽ ഇത് 20, 346 രൂപ. അതായത് പട്ടികജാതി-വർഗത്തിൽപ്പെട്ടവരെക്കാൾ 33 ശതമാനം കൂടുതൽ വരുമാനം പൊതുവിഭാഗം നേടുന്നു.
ജാതി ന്യൂനപക്ഷങ്ങളായ പട്ടികജാതി-വർഗ അംഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, ലിംഗ ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പൂർണമായും വിവേചനം നേരിടുന്നു. പട്ടികജാതി-വർഗങ്ങളെക്കാൾ 5,000 രൂപ പ്രതിമാസവേതനം മറ്റുള്ളവർക്ക് ലഭിക്കുന്നു. അതേസമയം മുസ്‍ലിങ്ങളെക്കാൾ ശരാശരി 7,000 രൂപ കൂടുതലാണ് അമുസ്‍ലിം ജനതയുടെ വേതനം. 15 വയസിന് മുകളിലുള്ള നഗര മുസ്‍ലിങ്ങളിൽ 15.6ശതമാനത്തിനാണ് സ്ഥിര ജോലിയുള്ളത്. അമുസ്‍ലിങ്ങളിൽ ഇത് 23.3 ശതമാനമാണ്. നഗരങ്ങളിൽ തൊഴിലെടുക്കുന്ന മുസ്‍ലിം ജനതയിൽ 68 ശതമാനം വിവേചനത്തിനിരയാകുന്നു.
സ്വയം തൊഴിലെടുക്കുന്ന എസ്‍സി-എസ്‍ടി അംഗങ്ങൾക്ക് ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതിമാസ വേതനത്തിൽ 5,000 രൂപ കുറവായതിന്റെ 41 ശതമാനം കാരണം വിവേചനമാണെന്നും റിപ്പോർട്ട് പറയുന്നു. വിവേചനം മൂലം ഗ്രാമീണമേഖലയിലെ പട്ടികജാതി-വർഗത്തിൽപ്പെട്ട ദിവസവേതനക്കാരുടെ വരുമാന അസമത്വം 2019–20 വർഷത്തിൽ 79 ശതമാനമാണ്. മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണിത്.
ഒരേ തൊഴിൽ ചെയ്യുന്ന പുരുഷന്മാർ സ്ത്രീകളെക്കാൾ 2.5 മടങ്ങ് കൂടുതൽ വരുമാനം നേടുന്നു. ഇതിൽ 83 ശതമാനവും ലിംഗ വിവേചനം മൂലമാണെന്നും ദിവസവേതനക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വരുമാന അന്തരത്തിന്റെ 95 ശതമാനവും വിവേചനം മൂലമാണെന്നും റിപ്പോർട്ട് പറയുന്നു.
ഗ്രാമീണസ്ത്രീകൾ സമ്പാദിക്കുന്നതിന്റെ ഇരട്ടി പുരുഷന്മാർ സമ്പാദിക്കുന്നു. താല്കാലിക തൊഴിലെടുക്കുന്ന പുരുഷന്മാർ സ്ത്രീകളെക്കാൾ പ്രതിമാസം 3,000 രൂപ കൂടുതലായി സമ്പാദിക്കുന്നു. ഇവിടെയും 96 ശതമാനവും വിവേചനം മൂലമാണ്. പ്രതിമാസ ശമ്പളം വാങ്ങുന്ന സ്ത്രീകളുടെ കുറഞ്ഞ വേതനത്തിന് കാരണം 67 ശതമാനം വിവേചനവും 33 ശതമാനം വിദ്യാഭ്യാസത്തിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അഭാവവുമാണെന്ന് റിപ്പോർട്ട് പറയുന്നു.
സ്ത്രീകൾക്കു് തുല്യ വേതനത്തിനും ജോലിക്കുമുള്ള അവകാശത്തിനായി ഫലപ്രദമായ നടപടികൾ നടപ്പിലാക്കാൻ ഓക്സ്ഫാം ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Dis­crim­i­na­tion in employ­ment against women, Dal­its and minorities

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.