റെജി കുര്യന്‍

ന്യൂഡല്‍ഹി

January 04, 2021, 6:26 pm

ഏഴാംവട്ട ചര്‍ച്ചയും പരാജയം; താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്ചയെന്ന നിര്‍ദേശം കര്‍ഷകര്‍ തളളി

Janayugom Online

റെജി കുര്യന്‍

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു കേന്ദ്ര സര്‍ക്കാരും നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ ഇരുവിഭാഗവും തമ്മില്‍ നടന്ന ഏഴാംവട്ട ചര്‍ച്ചയും പരാജയം. നേരത്തേ പ്രഖ്യാപിച്ച സമരരൂപങ്ങളും ഭാവികാര്യങ്ങളും ചർച്ച ചെയ്യുന്നതിന് കർഷകസംഘടനകൾ ഇന്ന് യോഗം ചേരും. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ് എന്നിവരും നാല്‍പതിലധികം കര്‍ഷക സംഘടനാ നേതാക്കളുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് താല്പര്യമില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ല. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതായിരുന്നു ചര്‍ച്ചയുടെ ആദ്യ അജണ്ട. ഈ കടമ്പ മറികടക്കാനാകാഞ്ഞതോടെ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ എന്ന രണ്ടാമത്തെ അജണ്ടയിലേക്ക് ചര്‍ച്ചകള്‍ക്ക് മുന്നേറാനായില്ല. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ്. നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതാണ്. അതിനാല്‍ നിയമങ്ങളില്‍ കര്‍ഷകര്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ വരുത്താം. നിയമം പിന്‍വലിക്കുക എന്നത് ശ്രമകരമായ പ്രക്രിയയാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഇന്നലത്തെ യോഗത്തിലും ആവര്‍ത്തിച്ചു.
കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ച് മൗനാചരണത്തിനു ശേഷമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ചര്‍ച്ചകള്‍ ആരംഭിച്ചത്. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാന്‍ കര്‍ഷകര്‍ തയ്യാറായി. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ ഇരുപക്ഷവും അവരവരുടെ ഭക്ഷണത്തിലേക്ക് ഒതുങ്ങിയതോടെ ചര്‍ച്ചകളുടെ പുരോഗതി ആദ്യ ഇടവേളയില്‍തന്നെ ബോധ്യമായി. കര്‍ഷകര്‍ തങ്ങളുടെ പൊതു അടുക്കളയിലെ ഉച്ചഭക്ഷണവും കരുതിയാണ് ചര്‍ച്ചയ്‌ക്കെത്തിയത്.

ഏഴാംവട്ട ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. സമാന്തര റിപ്പബ്ലിക് പരേഡ് ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് കര്‍ഷകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ 26 ആരംഭിച്ച കര്‍ഷക പ്രക്ഷോഭം തലസ്ഥാനത്തിന്റെ അതിര്‍ത്തി മേഖലകളായ സിംഘു, ടിക്രി, ഗാസിപൂര്‍, ഷാജഹാൻപൂർ എന്നിവിടങ്ങളില്‍ കൊടും ശൈത്യത്തെയും മഴയെയും അവഗണിച്ച് മുന്നേറുകയാണ്. കര്‍ഷക പ്രക്ഷോഭത്തിനിടെ അമ്പതിലധികം കര്‍ഷകരാണ് മരണത്തിനു കീഴടങ്ങിയത്. 

ENGLISH SUMMARY: dis­cus­sion with farm­ers failed

YOU MAY ALSO LIKE THIS VIDEO