October 6, 2022 Thursday

രോഗം ഒരു കുറ്റമാണ്

Janayugom Webdesk
അന്ന
May 3, 2020 5:30 am

‘അശ്വമേധം’ നാടകത്തിൽ സരോജം എന്ന യുവതിയെക്കൊണ്ട് തോപ്പിൽഭാസി പറയിപ്പിച്ച “രോഗം ഒരു കുറ്റമല്ല ” എന്ന വാചകം രോഗികൾക്ക് ഒരുസംഗീതംപോലെ തോന്നിയത് അതിന്റെ പിന്നിലൊരു പ്രത്യയശാസ്ത്രമുള്ളതുകൊണ്ടായിരുന്നു. കോവിഡ് കാലം ലോക്ക് ഡൗണാക്കിയ ദരിദ്രനെക്കൊണ്ട് ‘രോഗം ഒരു കുറ്റ’ മാണെന്ന് പറയിപ്പിക്കുന്ന പുത്തൻ പ്രത്യയശാസ്ത്രവരവിന്റെ ആശങ്കകൾ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയവിചാരം.

നാമില്ലാത്തൊരു ലോകം

ഭൂമിയിൽ നിന്ന് മനുഷ്യൻ ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായാൽ എന്തായിരിക്കും സംഭവിക്കുക?. യുദ്ധത്തിൽ ഇല്ലാതാവുകയോ പ്രകൃതിക്ഷോഭങ്ങളാൽ കുറേശ്ശേ കുറേശ്ശേ ഇല്ലാതാവുകയോ ഒന്നുമല്ല, പെട്ടന്നൊരു ദിവസം വീട്ടിൽ നിന്ന്, ഓഫീസിൽ നിന്ന്, ഓടുന്ന വാഹനത്തിൽ നിന്ന്, ട്രെയിനിൽ നിന്ന്, വിമാനത്തിൽ നിന്നൊക്കെ മനുഷ്യൻ എന്ന് ജീവി അപ്രത്യക്ഷമാവുകയാണ്. ഒറ്റ നിമിഷം കൊണ്ട് ഭൂമി മനുഷ്യരഹിതമായി മാറുന്ന അവസ്ഥ! ഭാവനാത്മകമായ ആ അവസ്ഥയെക്കുറിച്ച് ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഗണിതത്തിന്റെയും പിന്തുണയോടെ അലൻ വെയ്സ്മാൻ എന്ന അമേരിക്കൻ എഴുത്തുകാരൻ എഴുതിയ പുസ്തകമാണ് World with­out Us (നാമില്ലാത്ത ലോകം ) ഈ പുസ്തകത്തെ ഉപജീവിച്ച് രണ്ട് ഡോക്യുമെന്ററികളുമുണ്ടായിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 2008ൽ നാഷണൽ ജിയോഗ്രഫിക് ചാനൽ സംപ്രേഷണം ചെയ്ത After­math: Pop­u­la­tion Zero എന്ന ഡോക്യൂമെന്ററി. ജനസംഖ്യ ‘പൂജ്യ’മായതിന്റെ തൊട്ടടുത്ത നിമിഷം മുതൽ 25,000 വർഷം വരെയുള്ള ദീർഘമായ കാലയളവിൽ എന്തൊക്കെയാണ് ആളില്ലാത്ത ഭൂമിയിൽ സംഭവിക്കാനിടയുള്ളത് എന്നുള്ള ശാസ്ത്രീയ വിശകലനമായിരുന്നു ആ ഡോക്യുമെന്ററിയിലൂടെ. ഏറെക്കുറെ കുറ്റമറ്റ അനിമേഷൻ സഹായത്തോടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത്. സ്ഥൂലപ്രകൃതിയിലെ മാറ്റങ്ങളോരോന്നും സൂക്ഷ്മമായി പ്രതിപാദിക്കുന്ന പ്രസ്തുത പുസ്തകവും ഡോക്യമെന്ററിയും പറയാതെ പറഞ്ഞുവെക്കുന്ന കാര്യം മനുഷ്യൻ അപ്രത്യക്ഷമാകുന്ന ആ നിമിഷം മുതൽ ഭൂമിയിൽ നിന്ന് സർവ്വ നിയമങ്ങളും അപ്രത്യക്ഷമാവുന്നു എന്നതാണ്. സത്യത്തിൽ മനുഷ്യനില്ലാതാവുന്ന നിമിഷം മുതൽ ഭുമിയിൽ നിന്ന് ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അനുബന്ധം മാത്രമാണ് മറ്റെല്ലാ ഭൗതിക നാശങ്ങളും. ട്രാഫിക് സിഗ്നൽ മുതൽ ആണവറിയാക്ടറിനെ വരെ നിയന്ത്രിക്കുന്ന നിയമങ്ങളോരോന്നും പിഴുതെറിയപ്പെടുന്നതിന്റെ നാശവിസ്ഫോടനങ്ങളാണ് ഡോക്യുമെന്ററിയിൽ മുഴുനീളം കേൾക്കാനും കാണാനുമാവുക. അതായത് ഭൂമിയിൽ മനുഷ്യനില്ലാതാകുന്ന നിമിഷം മുതൽ താറുമാറാകുന്ന മനുഷ്യനിർമിത വ്യവസ്ഥകളിൽ ഒന്നിനെപ്പോലും ഒരു നിമിഷാർദ്ധമെങ്കിലും സംരക്ഷിക്കാനുള്ള യാതൊരു ശക്തിയും ഈ ഭൂമിയിൽ നിലനിൽക്കുന്നില്ല എന്നർത്ഥം. ദൈവത്തിനോ ദൈവസങ്കൽപ്പത്തിനോ പൊടിമണ്ണിന്റെ പ്രസക്തിപോലുമില്ലാത്ത ഒരു Zero Pop­u­la­tion World!

ലംഘിച്ചു നിറവേറ്റുന്ന നിയമങ്ങൾ

‘നാമില്ലാത്ത ലോക’ത്തെപ്പറ്റി ഇത്രയും ആമുഖമായി പറഞ്ഞത്. യഥാർഥത്തിൽ നമ്മളുണ്ടായിട്ടും ഈ ലോകത്ത് യഥോചിതം നമ്മളില്ലാതാവുന്ന ലോക്ഡൗൺ കാലത്തെക്കുറിച്ചുള്ള ചില ചിന്തകളിൽ കൗതുകത്തിനപ്പുറം കാര്യമുണ്ടെന്ന് തോന്നിയിട്ടാണ്. മുഴുവനായും നാം ഇല്ലാതാകുന്ന ലോകത്ത് നിയമം അതിന്റെ മുഴുവൻ വ്യവസ്ഥയും ലംഘിച്ച് പൊട്ടിത്തെറിക്കുമെന്നതാണ് സത്യം. അങ്ങനെയെങ്കിൽ മനുഷ്യൻ ലോകത്തുള്ള പാതിമുക്കാൽ വ്യവഹാരങ്ങളിൽ നിന്നും പിൻവാങ്ങി മടങ്ങിയടയിരിക്കുന്ന ലോക്ക്ഡൗൺ കാലത്ത് ഇതേ ലോകം അതിന്റെ പാതിമുക്കാൽ വ്യവസ്ഥകളിൽ നിന്നും പിൻവാങ്ങേണ്ടതല്ലെ? അതെ, എന്നാണുത്തരം. അക്കാരണത്താൽ തന്നെ ചോദ്യം അസംബന്ധമല്ല

മനുഷ്യൻ രൂപപ്പെടുത്തിയ പല വ്യവഹാരങ്ങളിൽ നിന്നും അവൻ പിൻവാങ്ങിതുടങ്ങിയിരിക്കുന്നു. എന്നത് നമ്മളറിയാതെ പോകരുത്, ലോകം അതിന്റെ ഒട്ടുമിക്ക നിയമങ്ങളും ചട്ടങ്ങളും ഉപേക്ഷിക്കാൻ കച്ചമുറുക്കിത്തുടങ്ങി. അതുകൊണ്ടാണ് നമുക്കിന്ന് അവകാശങ്ങളെക്കുറിച്ച് സംസാരിക്കാനാവാത്തത്. സ്വകാര്യതയെക്കുറിച്ച് ബേജാറാവാനവകാശമില്ലാത്തത്. ‘ഏറെ പേരുടെ ആരോഗ്യത്തിന് വേണ്ടി കുറച്ചു പേരുടെ അവകാശങ്ങൾ ലംഘിക്കാവുന്നതാണെ’ ന്നത് കോവിഡ്കാലത്തെ പുത്തൻ അധികാര ദർശനമാവുകയാണ്. ലോക്ഡൗൺ കാലമെന്നാൽ നിയമകിരീടം തലയിലണിഞ്ഞ് സാമൂഹ്യധർമ്മം നിറവേറ്റി വിരാജിക്കുന്ന മാതൃകാപൗരനെ സൃഷ്ടിക്കുന്ന സമ്പൂർണമായ നിയമവിധേയകാലമാണ് എന്നത് ഒരു നേർവായന മാത്രമാണ്. സർവനിയമങ്ങളും പരമാവധി ലംഘിക്കുവാനുള്ള കാലം കൂടിയാണത് എന്ന മറുവായനയ്ക്ക് കൂടി അവിടെ സാംഗത്യമുണ്ട്. ലംഘിക്കുവാനുള്ള അവകാശം പക്ഷെ ഭരണകൂടത്തിനാണെന്ന് മാത്രം, അവർ ആ അധികാരം കൃത്യമായി പ്രയോഗിച്ച് ഓരോരുത്തരുടെയും അവകാശങ്ങൾ ലംഘിക്കുന്നിടത്താണ് ലോക്ക് ഡൗൺ അർത്ഥവത്താകുന്നത്.

പിൻമടക്കം തിരയുന്ന ടെർമിനോളജി

കോവിഡ് കാലത്തുയർന്നുവന്ന ചില പുത്തൻപദാവലികളും അതിന്റെ അന്തസാരങ്ങളും നന്നായി പരിശോധിക്കപ്പെടേണ്ടതാണ്. മനുഷ്യരാശിയുടെ നന്മയും സമത്വവും മനുഷ്യത്വവും മുൻനിർത്തി വിവിധ ദേശങ്ങളിലും കാലങ്ങളിലുമുള്ള മനുഷ്യരുടെ എല്ലാവിധ പരിവർത്തനോൻമുഖമായ ഉള്ളടക്കങ്ങളെയും റദ്ദുചെയ്യുന്നവയാണ് കോവിഡ് പദാവലികളിൽ അധികവും എന്നതാണ് സത്യം. മനുഷ്യരിൽ നിന്ന് പരമാവധി അകലം പാലിക്കുക, തൊഴിലിടങ്ങളിലല്ല വീട്ടിടങ്ങളിൽ തന്നെ കഴിയുക, പരസ്പരം സമ്പർക്കവും സംസാരവും ഒഴിവാക്കുക, രാജ്യം രാജ്യമായും സംസ്ഥാനം സംസ്ഥാനമായും ജില്ല ജില്ലയായും പഞ്ചായത്ത് പഞ്ചായത്തായും വാർഡ് വാർഡായും വീട് വീടായും ഒടുവിൽ വ്യക്തി വ്യക്തിയായും ഒറ്റപ്പെട്ടുതന്നെ നിൽക്കുക എന്ന ആഹ്വാനമാണ് കോവിഡ്കാലം മുന്നോട്ടുവയ്ക്കുന്നത്. സമാജം (Soce­ity) എന്ന വാക്കിന് ലോക്കിട്ട കാലം, ആലിംഗനങ്ങളും ചുംബനങ്ങളും നിയമം കൊണ്ട് നിരോധിക്കുന്ന കാലം!. അസാധാരണമായ അനിവാര്യത ഒഴിച്ചുനിർത്തിയാൽ കമ്പോള മുതലാളിത്തത്തിന്റെ തനി ഫാസിസ്റ്റ് കറിക്കൂട്ടാണിത്! എല്ലാ ഒന്നിക്കലുകളെയും വകഞ്ഞുതിരിച്ച് വിവേചിച്ച് വർഗീകരിക്കുന്ന മനുഷ്യവിരുദ്ധത!. രോഗാണുഭീതിയുടെ വ്യാധികാലത്ത് അതിജീവനത്തിനായി ഇതല്ലാതെ വേറെ വഴികളില്ല എന്നത് വേറെകാര്യം.

എല്ലാവിധ വർഗ്ഗീകരങ്ങങ്ങളെയും ക്വാറന്റൈൻ അച്ചടക്കങ്ങളെയും അടിമുടി ഇഷ്ടപ്പെടുന്ന സംവിധാനമാണ് സർവാധിപത്യം. വിതക്കുന്ന മരണത്തിനൊപ്പം അത്തരമൊരു ലോകക്രമത്തിന്റെ ദൗത്യവാഹകരാവുകയാണോ ഈ വൈറസുകൾ, ചില ഭരണകൂടങ്ങളെങ്കിലും കാലത്തെയും ലോകത്തെയും പിന്നോട്ടടിക്കുന്ന പ്രതിവിപ്ലവത്തിന്റെ പടയാളികളാക്കുമോ മരണത്തിന്റെ ഈ ഏജന്റുമാരെ? എന്നതാണ് നമ്മെ ഇപ്പോൾ ആശങ്കപ്പെടുത്തുന്ന പ്രധാനകാര്യം കാരണം അസമത്വത്തിന്റെയും അടിമത്വത്തിന്റെയും എല്ലാത്തരം സർവ്വാധിപത്യങ്ങൾക്കും എതിരായി നടത്തിയ മുന്നേറ്റങ്ങളുടെ ബാക്കിപത്രമാണ് ഇന്ന് ലോക്ഡൗണായിരിക്കുന്നത്. കാലത്തിന്റെ രേഖപ്പെടുത്തലുകൾ വർഗ്ഗങ്ങളുടേതിൽനിന്നും വർഗ്ഗസമരങ്ങളുടേതാക്കി മാറ്റിയപ്പോൾ മനുഷ്യസഞ്ചയത്തിന് ലഭിച്ച ചരിത്രവും സ്മരണകളും ഈ രോഗാണുക്കൾ ഭക്ഷിച്ചുതുടങ്ങുമോ എന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല. അതുകൊണ്ടാണ് ചരിത്രത്തിലേക്കുള്ള പിൻമടക്കത്തിന്റെ ഉള്ളടക്കം പേറുന്ന ഈ പിന്തിരിപ്പൻ പദാവലികളൊക്കെയും കൊറോണയ്ക്കൊപ്പം കൊഴിഞ്ഞുപോകണമേയെന്ന് ആശിച്ചുപോകുന്നതും.

ക്വാറന്റൈൻ എന്ന പ്രത്യയശാസ്ത്രം

കൊറോണ വൈറസ് ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ലോകസാമ്പത്തിക ഫോറത്തിന്റെ 50- മത് വാർഷികസമ്മേളനത്തോടനുബന്ധിച്ച് ലോകസാമ്പത്തിക ഫോറത്തിന്റെ പഠനറിപ്പോർട്ട് പുറത്തുവന്നത്, ഇന്ത്യയെപ്പറ്റി പറയുന്ന ഭാഗം ഇങ്ങനെയാണ്. 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 1% സമ്പന്നരാനുള്ളത്. ഇന്ത്യയിലെ 70% ജനതയുടെ ആകെ സമ്പത്തിന്റെ നാലിരട്ടി വരുമാനമാണ് ഈ സമ്പന്നരുടെ കൈവശമുള്ളത്.തീർന്നില്ല ഇന്ത്യയിൽ 63 ശതകോടീശ്വരൻമാരാണുള്ളത്. അവരുടെ മൊത്തവരുമാനം ഇന്ത്യാഗവൺമെന്റിന്റെ 2018–19 കാലത്തെ ബജറ്റ് തുകയായ 24,42,200 കോടിരൂപയേക്കാൾ കൂടുതലാണത്രെ! ഒന്നുകൂടിയുണ്ട് അച്ഛാദിൻ ഭാരതത്തിലെ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം വളരെ ലളിതമായി റിപ്പോർട്ടിൽ വിവരിക്കുന്നതിങ്ങനെയാണ്. ’ വീട്ടു പണി യെടുക്കുന്ന ഒരു സ്ത്രീയ്ക്ക് ഒരു ഐടി കമ്പനിയുടെ സി ഇ ഒ യുടെ ശമ്പളത്തിനൊപ്പം വേതനം ലഭിക്കണമെങ്കിൽ അവർക്ക് 22,277 വർഷത്തെ സർവീസുണ്ടായിരിക്കണം!

ഇത്രയേറെ അന്തരമുള്ള ഒരു സമൂഹത്തിൽ ഒരു മീറ്റർ അകലം പാലിച്ചുകിടക്കാൻ, ലോക്ഡൗൺ കാലത്ത് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ, ആറുമണിക്കൂർ ഇടവിട്ട് ധരിക്കാനുള്ള മാസ്ക് വാങ്ങാൻ, സോപ്പ് വാങ്ങാൻ, മരുന്ന് വാങ്ങാൻ ദാരിദ്ര്യം കൊണ്ട് ഇരുണ്ടുപോയ ദരിദ്രരെക്കൊണ്ട് എന്നെങ്കിലും കഴിയുമോ? രാജ്യത്ത് ഏഴരക്കോടി ജനങ്ങളുടെ ഉറക്കവും ഒടുക്കവും എത്രയോ കാലങ്ങളായി ചരിച്ചുകെട്ടിയ ടാർപ്പായഷീറ്റിനുള്ളിലാണ്. അച്ചടക്കമുള്ള ക്വാറന്റൈനും ബാൽക്കണിയിലിരുന്നുള്ള ലോക്ഡൗണും അന്യമായവർ. നിവർന്നുകിടക്കാനിടവും നിറവയറിന് തരവുമില്ലാത്ത ഇവരായിരിക്കും ഇന്ത്യയിലെ കൊറോണയുടെ ഇഷ്ടഭക്ഷണം. ദാരിദ്ര്യം ഒരു കുറ്റമാണോ എന്ന് ഭരിക്കുന്നവരാരും ഇവർക്ക് വേണ്ടി ചോദിക്കില്ല, കാരണം ആ ചോദ്യത്തിൽ രാജ്യസ്നേഹമില്ല, ഇനി ഭരിക്കപ്പെടുക്കന്നവരാരെങ്കിലും ഇത് ചോദിച്ചാലോ അവരുടെ തലക്ക് മുകളിൽ UAPA തൂങ്ങിനിൽപുണ്ടാവും കാരണം ആ ചോദ്യം രാജ്യവിരുദ്ധമാണ്. സ്വേച്ഛാധിപത്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുന്ന അശ്ലീല ചോദ്യമാണത്.

കോവിഡ് ഒരു വെറും രോഗാണുവല്ല

ഇവിടെയാണ് കോവിഡ് രോഗാണു ‑രാഷ്ട്രീയപരമാധികാരത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കാനിടയുള്ളത്. ഒരു ‘കുറ്റ’ മല്ലാത്ത ദാരിദ്ര്യത്തിന്റെ പേരിൽ ദരിദ്രർക്കുമേൽ കേസെടുക്കാനാവില്ല, രാഷ്ട്രമാതാവിന്റെ അന്തസ്സുകെടുത്തുന്ന അവരെ സംസ്കാരത്തിന് കൊള്ളാനുമാവില്ല. എന്നാൽ ഒരു നഗരത്തിൽ അല്ലെങ്കിൽ ഒരു തെരുവിൽ കൊവിഡ് പടർന്നുപിടിച്ചാൽ ചെയിൻ ബ്രേക്ക് ചെയ്യാനനുവദിക്കാത്തവിധം നനഞ്ഞ തറയിൽ ടാർപാളിന് കീഴിൽ ഒരു മീറ്റർ അകലംപാലിക്കാതെ അട്ടിയിട്ടുകിടന്ന ഏഴരക്കോടി ദരിദ്രരുടെ കൈകളിൽ ഭരണകൂടത്തിന് പാൻഡമിക് നിയമത്തിന്റെ വിലങ്ങ് വളരെ പെട്ടെന്ന് മുറുക്കാനാകും. വൈറസ് നൽകുന്ന അസാധാരണമായ ആനുകൂല്യമാണത്. കോവിഡ്കാലത്തെ അമിതാധികാരത്തെ അധികാരവർഗ്ഗം ഒരു കീഴ് വഴക്കമാക്കുകയും കൊവിഡാനന്തരകാലം അവരത് അഴകാക്കിമാറ്റുകയും ചെയ്യും. അങ്ങനെ അസാധാരണ സന്ദർഭങ്ങളിൽ കിളിർത്തുവന്ന ഇന്നത്തെ ക്വാറന്റൈൻ നിയമങ്ങൾ സ്വച്ഛാധിപത്യത്തിന്റെ നാളത്തെ പുത്തൻ പ്രത്യയശാസ്ത്രമായേക്കാം. മാസ്കും സോപ്പും വന്നപോലെ ഈ നിരോധനങ്ങളൊക്കെയും ഒരുപക്ഷെ എന്നേക്കുമുള്ള അലിഖിത നിയമങ്ങളായി തുടർന്നേക്കാം. ദാരിദ്ര്യത്തെ കുറ്റമായിക്കാണാൻ വകുപ്പില്ലാത്ത രാജ്യത്ത് ദരിദ്രനെ കയ്യാമം വയ്ക്കാൻ രോഗം കൊണ്ടൊരു ഉപവകുപ്പ്! ദരിദ്രന്റെ കയ്യിൽ വിലങ്ങെന്നാൽ ഇന്ത്യയിലതിനർത്ഥം ഒരു മഹാജനതയ്ക്ക്മേലുള്ള ചങ്ങലയെന്നാണ്, നമ്മളോരോരുത്തരുടേയും കഴുത്തിലെ കുരുക്കെന്നാണ് !

അധികാരിവർഗ്ഗത്തിനെങ്കിലും കോവിഡ് ഒരു വെറും രോഗാണുവല്ല

അപ്രതീക്ഷിതമായി ലോക്ക്ഡൗൺ നൽകിയ കൊവിഡ്കുരുക്ക് അധികാരത്തിന്റെ അടുക്കളയിൽ ഒരു പുതു പുത്തൻ പ്രത്യയശാസ്ത്രമായി പാകപ്പെടുത്തുന്ന ദുർമോഹികൾ നമ്മെ തോക്കുചൂണ്ടിയും ലാത്തിവീശിയും ‘രോഗം ഒരു കുറ്റമാണ്’ എന്ന്നിരന്തരം ബോധ്യപ്പെടുത്തികൊണ്ടിരിക്കും. ‘കമ്മ്യൂണിസ്റ്റാക്കി‘യിലൂടെ ഒരു പ്രത്യയശാസ്ത്രവും ‘അശ്വമേധ’ത്തിലൂടെ കരൾ പിളർക്കുന്ന ചോദ്യവും മലയാളിയുടെ മുന്നിലേക്കിട്ട തോപ്പിൽഭാസിയെയും അധികാരകൊത്തളങ്ങളിൽ കൂടംകൊണ്ടുതല്ലിയ അതുപോലുള്ള മഹത്തുക്കളെയുമോർത്തുവെക്കാൻ ഫാസിസ്റ്റുകളുടെ ആയുധങ്ങൾ നിറച്ച തലച്ചോറിൽ ഇനിയെവിടെ സ്ഥലം? ശേഷിച്ച ഇടം മുഴുവൻ വൈറസ്സുകളായില്ലേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.