കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ജീവനക്കാരെ ഒന്നാകെ പിരിച്ചു വിടാനൊരുങ്ങി ദർശന ടിവി. ചാനലിലെ 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുകയാണ് സമസ്ത മുസ്ലീം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സത്യധാര കമ്മുണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. സാദിഖലി ശിഹാബ് തങ്ങള്‍ ചെയർമാനായ സ്ഥാപനം കഴിഞ്ഞ ദിവസമാണ് ജീവനക്കാർക്ക് ഇ മെയിൽ വഴി പിരിച്ചു വിടൽ നോട്ടീസ് നൽകിയത്. ശമ്പളം പോലും കൃത്യമായി ലഭിക്കാതെ പ്രയാസത്തിൽ കഴിയുന്ന ജീവനക്കാരിപ്പോൾ വലിയ ആശങ്കയിലാണ്.
പിരിച്ചുവിടൽ നോട്ടീസിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഏപ്രിൽ 20 ന് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ സ്ഥാപനത്തിൽ എത്തിച്ചേരാനാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. അന്നുതന്നെ ജീവനക്കാരന്റെ കൈവശമുള്ള കമ്പനിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ രേഖകളും വസ്തുക്കളും ഐഡി കാർഡും തിരിച്ചേൽപ്പിക്കണമെന്നും സത്യധാര കമ്മ്യുണിക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. മുഹമ്മദ്ത്വയ്യിബ്ഹുദവി അറിയിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന സിഇഒയെ അടുത്ത കാലത്താണ് കമ്പനി മാറ്റിയത്. പുതിയ സിഇഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി സമസ്തയുടെ വക്കീലും ലീഗൽ സെൽ കൺവീനറുമാണ്. ജീവനക്കാരെ പിരിച്ചു വിട്ട് സ്ഥാപനത്തിന്റെ വിൽപ്പന നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹത്തെ സ്ഥാനത്തു കൊണ്ടുവന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. സ്ഥാപനത്തിനായി വലിയ തോതിൽ ഫണ്ട് സമാഹരിച്ചിരുന്നുവെങ്കിലും അമിതമായ ധൂർത്തും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും കാരണം അതെല്ലാം നഷ്ടത്തിലായി.
കമ്പനിയുടെ ബ്രോഡ് കാസ്റ്റിംഗ് ആന്റ് സോഷ്യൽ മീഡിയ വിഭാഗം മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നുണ്ട്. ഇതിൽനിന്നു തന്നെ ജീവനക്കാരെ മുഴുവൻ ഒറ്റയടിക്ക് പുറത്താക്കി ആസ്തികൾ മുഴുവൻ മറിച്ചു വിൽക്കാനാണ് മാനേജ്മെന്റ് നീക്കമെന്ന് വ്യക്തമാണ്. 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയ മാനേജ്മെന്റ് നടപടി ക്രൂരതയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശികയെപ്പറ്റിയോ പിഎഫ് ആനുകൂല്യത്തെ പറ്റിയോ നോട്ടീസിൽ വ്യക്തമാക്കുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ് രാകേഷും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.