അയോധ്യ ട്രസ്റ്റിന്റെ പേരിൽ തർക്കം മുറുകുന്നു; വിശ്വഹിന്ദു പരിഷത്ത് പ്രത്യക്ഷ സമരത്തിലേക്കെന്ന് സൂചന

Web Desk

ന്യൂഡൽഹി

Posted on February 07, 2020, 3:58 pm

അയോധ്യയിൽ തർക്കം ഒഴിയുന്നില്ല. രാമക്ഷേത്ര നിർമ്മാണത്തിനുള്ള ട്രസ്റ്റിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ചില സംഘടനകൾ ഇതിനോടകം നിരാഹാരസമരവും തുടങ്ങി. മുൻ അറ്റോർണി ജനറൽ കെ പരാശരനടക്കം 15 ട്രസ്റ്റ് അംഗങ്ങളെയാണ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു ട്രസ്റ്റ് രൂപീകരണ പ്രഖ്യാപനം. എന്നാൽ ട്രസ്റ്റിന്റെ ചെയർമാനാകുമെന്ന് വിഎച്ച്പി പ്രതീക്ഷിച്ചിരുന്ന മഹന്ത് നൃത്യഗോപാൽ ദാസിന് ട്രസ്റ്റിൽ അംഗത്വം പോലും ലഭിച്ചില്ല. 93 കാരനായ കെ പരാശരനാണ് ട്രസ്റ്റിന്റെ തലവൻ.

രാമജന്മഭൂമി ന്യാസിന്റെ തലവന്‍കൂടിയായ നൃത്യഗോപാൽ ദാസിനെതിരെ ബാബറി മസ്ജിദ് തകർത്ത കേസുമായി ബന്ധപ്പെട്ടുള്ള കേസാണ് ഒഴിവാക്കുന്നതിനുള്ള കാരണമായി പറയുന്നത്. ട്രസ്റ്റ് പ്രഖ്യാപനം വന്നയുടൻ തന്നെ ഗോപാൽദാസ് സന്യാസിമാരുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാൽ ബിജെപി ദേശീയനേതൃത്വം ഇടപെട്ടതുകൊണ്ട് യോഗം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ 30 വർഷത്തോളമായി രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ഗോപാൽദാസിനെ ഒഴിവാക്കിയത് അനീതിയാണെന്ന അഭിപ്രായം പൊതുവേ സന്യാസി സമൂഹത്തിനുണ്ട്.
ദിഗംബർ അഖാഡ നേതാവ് കൂടിയായ മഹന്ത് സുരേഷ് ദാസാണ് ട്രസ്റ്റ് രൂപീകരണത്തിനെതിരെ ശക്തമായി രംഗത്തെത്തിയ മറ്റൊരാൾ. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ ട്രസ്റ്റ് ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് മഹന്ത് പരമഹംസ് ദാസ് ചന്ദൗലി ശിവക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.

ശങ്കരാചാര്യ ജ്യോതിഷ് പീഠാധീശ്വർ സ്വാമി വാസുദേവാനന്ദ് സരസ്വതി (അലഹാബാദ്), ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി പ്രസന്നതീർഥ, സ്വാമി ഗോവിന്ദ് ദേവ് ഗിരി (പുണെ), യുഗപുരുഷ് പരമാനന്ദ്(ഹരിദ്വാർ), ബിമലേന്ദ്ര പ്രതാപ് മിശ്ര, ഡോ. അനിൽ മിശ്ര (അയോധ്യ), കാമേശ്വർ ചൗപാൽ (പട്ടികജാതി വിഭാഗ പ്രതിനിധി-പട്ന), മഹന്ദ് ദിനേന്ദ്രദാസ് (നിർമോഹി അഖാഡ) എന്നിവരാണ് ട്രസ്റ്റിൽ ഇടംനേടിയവർ. ഇവരിൽ അയോധ്യ രാജകുടുംബാംഗമായ ബിമലേന്ദ്ര പ്രതാപ് മിശ്ര, അനിൽ മിശ്ര എന്നിവർ രാമക്ഷേത്രത്തിനായി ഒരു ശ്രമവും നടത്താത്തവരാണന്ന് രാമജന്മഭൂമി ന്യാസ് ആരോപിക്കുന്നുണ്ട്.

കൂടാതെ ട്രസ്റ്റ് നാമനിർദേശംചെയ്യുന്ന ഹിന്ദുമത വിശ്വാസികളായ രണ്ടംഗങ്ങൾ, കേന്ദ്രസർക്കാർ പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഒരു ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥൻ, ഉത്തർപ്രദേശ് സർക്കാർ പ്രതിനിധിയായി സെക്രട്ടറി പദവിയിൽ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥൻ, അയോധ്യാ കളക്ടർ (ഹിന്ദുവല്ലെങ്കിൽ അഡീഷണൽ കളക്ടർ) എന്നിവരും ചേർന്നതാണ് ട്രസ്റ്റ്. കെ പരാശരന്റെ ‍ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വീടാണ് ട്രസ്റ്റിന്റെ ഓഫീസായി പ്രവർത്തിക്കുക.

Eng­lish sum­ma­ry: Dis­pute in Ayo­d­hya trust case

YOU MAY ALSO LIKE THIS VIDEO