കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ;  എന്‍ ടി പി സി യിലെ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി നീളുന്നു

Web Desk
Posted on January 14, 2019, 6:45 pm
ടി കെ അനില്‍കുമാര്‍
ആലപ്പുഴ: കേന്ദ സര്‍ക്കാരിന്റെ അനാസ്ഥമൂലം കായംകുളം  എന്‍ ടി പി സി യിലെ സൗരോര്‍ജ്ജ വൈദ്യുതി പദ്ധതി നീളുന്നു. നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് സൗരോര്‍ജ്ജ പദ്ധതിയെന്ന ആശയം ഉണ്ടായത്. ഇതിനായി ടെണ്ടര്‍ നടപടികളും സ്വീകരിച്ചിരുന്നു.
ഫ്‌ളോട്ടിംഗ് സോളാര്‍ സംവിധാനം സ്ഥാപിച്ചാല്‍ നാല് രൂപയില്‍ താഴ്ന്ന നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയും. എന്നാല്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും അനിശ്ചിതത്വത്തിലാണ്. നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനത്തില്‍ ചെലവ് കൂടുതലായതിനാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും എന്‍ ടി പി സി സൗരോര്‍ജ്ജ പദ്ധതി ആവിഷ്‌ക്കരിച്ച് വിജയം കണ്ടിരുന്നു.
75 മെഗാവാട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്താനായിരുന്നു ആദ്യ പദ്ധതി. പ്ലാന്റിനുള്ളിലെ തടാകത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആലോചിച്ചത്. ചെന്നെയില്‍ നിന്നുള്ള സിഫ്റ്റ് എന്ന കമ്പനിക്കായിരുന്നു മേല്‍നോട്ടം. ഇതിനായി  ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ 740 ഫ്‌ളോട്ടിംഗുകളും സ്ഥാപിച്ചു.
എന്‍ ടി പി സിയുടെ അവശേഷിക്കുന്ന ഭൂമിയും ജലമേഖലയും പ്രയോജനപ്പെടുത്തി കൂടുതല്‍ പ്ലാന്റ് സ്ഥാപിക്കുവാനായിരുന്നു ആലോചന. ആകെ 1100 ഓളം ഏക്കര്‍ ഭൂമിയാണ് താപവൈദ്യുത നിലയത്തിന്റെ കൈവശമുള്ളത്. ഇതില്‍ 750 ഓളം ഏക്കര്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ്. ജലസോളാര്‍ പദ്ധതിക്കായി എന്‍ ടി പി സി ടെണ്ടറും വിളിച്ചു. 17 കമ്പനികള്‍ ഈ പദ്ധതിയില്‍ സന്നദ്ധതയും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സൗരോര്‍ജ്ജ നയത്തില്‍ മാറ്റമുണ്ടായതിനെ തുടര്‍ന്ന് കരാര്‍ നടപടികള്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ചു. ഇതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്.
നാഫ്ത ഉപയോഗിച്ചുള്ള താപനിലയത്തിലെ വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് രൂപയോളം വില വരുന്നതിനാല്‍ കെ എസ് ഇ ബി ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നില്ല. വൈദ്യുതി പവര്‍ പര്‍ച്ചേസ് കരാര്‍ പ്രകാരം നാഫ്ത അധിഷ്ഠിതമായ വൈദ്യുതി കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നില്ലായെങ്കിലും ഓരോ വര്‍ഷവും 250 കോടി രൂപയോളം കെ എസ് ഇ ബി ഫിക്‌സഡ് ചാര്‍ജ്ജ് ഇനത്തില്‍ എന്‍ ടി പി സിക്ക് നല്‍കുന്നുണ്ട്.
വൈദ്യുതി വാങ്ങാതെ ഇത്രയും ഭീമമായ തുക നല്‍കാനാവില്ലെന്നും ഇത് പകുതിയായി കുറക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. താപനിലയം നിര്‍മിക്കുവാന്‍ എന്‍ ടി പി സി ചെലവഴിച്ചതിന്റെ പതിന്മടങ്ങ് തുക വൈദ്യുതി വാങ്ങാതെ തന്നെ ഇതിനകം സംസ്ഥാന സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.
കായംകുളം എന്‍ ടി പി സി താപനിലയം ലാഭത്തിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു. എന്‍ ടി പി സിയുടെ മറ്റ് നിലയങ്ങളില്‍ നിന്നും ചിലവ് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയാല്‍ വാങ്ങാന്‍ തയ്യാറാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം യാതൊരു നടപടിയും സ്വീകരിച്ചില്ല. കരാര്‍ തൊഴിലാളികള്‍ അടക്കം 250 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന എന്‍ ടി പി സിയെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും തഴഞ്ഞ മട്ടാണ്