Web Desk

Kottayam

November 20, 2020, 1:42 pm

ജില്ലയില്‍ ചരിത്രവിജയം നേടും: എല്‍ഡിഎഫ്

Janayugom Online

ചിട്ടയായ പ്രവര്‍ത്തനവും യുഡിഎഫിലെ ഭിന്നതയും ജില്ലയില്‍ നേട്ടമാവുമെന്ന് എല്‍ഡിഎഫ്. ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 21ന് മുമ്പായി വാര്‍ഡ് ബൂത്ത് തല കണ്‍വന്‍ഷനുഖല്‍ പൂര്‍ത്തീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അഞ്ച് താഴെയുള്ള സ്ക്വാഡുകളാണ് പ്രചരണം നടത്തുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വലിയ യോഗങ്ങള്‍ ജില്ലയിലെങ്ങും ഒഴിവാക്കിയിട്ടുണ്ട്. പകരം ചെറിയ യോഗങ്ങളാവും വിളിക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായുള്ള കുടുംബയോഗങ്ങള്‍ ഇത്തവണ വാട്സ് ആപ് വഴിയാവും നടത്തുന്നത്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദ്ദേശമുണ്ട്.

ഈ മാസം 25ന് മുമ്പായി ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രകടന പത്രികകള്‍ പ്രസിദ്ധീകരിക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെമ്പാടും ഇടത്പക്ഷത്തിന് ചരിത്ര വിജയം നേടാനാവുമെന്നും എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി.

ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തോടെ ജില്ലയില്‍ യുഡിഎഫ് തകര്‍ച്ച രൂക്ഷമായിരുന്നു. ഇതിനിടയില്‍ ഗ്രൂപ്പ് വഴക്കുകളും, ചേരിതിരിവുകളും കൂടിയായതോടെ ഇത്തവണ യുഡിഎഫ് പ്രചരണ രംഗത്തുപോലും ഏറെ പിന്നോക്കം പോയി. വിമത ശള്യവും രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് നെട്ടോട്ടമോടുകയാണ് നേതൃത്വം. സമയബന്ധിതമായി സീറ്റി വിഭജനവും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, പത്രിക സമര്‍പ്പണവും പൂര്‍ത്തിയാക്കിയതോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഇടത്പക്ഷത്തിന് മേല്‍ക്കൈ നേടാനായെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളില്‍ സിപിഐ നാല്, സിപിഎം 9, കേരളകേണ്‍ഗ്രസ് 9 സീറ്റുകളിലാണ് മത്സരിക്കുന്നത്.

സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ എം റ്റി ജോസഫ്, ഘടകക്ഷി നേതാക്കളായ സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്ജ്, മനോജ് ചെമ്മുണ്ടവള്ളി, ഫ്രാന്‍സിസ് തോമസ്, രാജീവ് നെല്ലിക്കുന്നേല്‍, സാജു എം ഫിലിപ്, ബി ബൈജു എന്നിവര്‍ പങ്കെടുത്തു.