‘റിസോർട്ട് രാഷ്ട്രീയം’ കര്‍ണ്ണാടകയിൽ നിന്ന് മധ്യപ്രദേശിൽ കളംനിറയുമ്പോൾ കരുക്കളിലും നീക്കങ്ങളിലും പ്രകടമായ മാറ്റങ്ങളില്ല. പതിവുപോലെ പ്രതിസ്ഥാനത്ത് ബിജെപി. ഇരുട്ടിവെളുക്കും മുമ്പേ കാവി പുതയ്ക്കാൻ ലേല വിപണിയിൽ നിരക്കുന്നത് കോൺഗ്രസ് ജനപ്രതിനിധികളും. കൊറോണ വൈറസ് ബജറ്റ് സമ്മേളനത്തിൽ ‘താൽക്കാലിക മധ്യസ്ഥൻ’ ആയെങ്കിലും അതിലും മാരകമായി ബിജെപിയുടെ അധികാരവെറി മുഖ്യമന്ത്രി കമൽനാഥിനെ വേട്ടയാടുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയും നാല് ലോക്‌സഭാ അംഗങ്ങളും 22 എംഎൽഎമാരും കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചതോടെയാണ് കാവി കച്ചവടത്തിന്റെ പുതുപതിപ്പ് നാടറിഞ്ഞത്.
ആദ്യഘട്ടം എട്ട് എംഎൽഎമാർ ഡൽഹി-ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ റിസോർട്ടിലെത്തി. ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്ഥരായ നാല് കോൺഗ്രസ് എംഎൽഎമാരും നാല് സ്വതന്ത്രരും. എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പ്രവേശിക്കാൻ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുൺ ഭന്നോട്ട് അന്ന് പറഞ്ഞു. വിവരം അറിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ ജയ്‍വർധൻ സിങും ജീതു പട്‍വാരിയുമാണ് ഹോട്ടലിലെത്തിയത്. എന്നാൽ നരോട്ടം മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടയുകയായിരുന്നു. എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചതിന് പിന്നാലെയാണ് കുതിരക്കച്ചവടത്തിന് വേഗതയേറിയത്. 25 മുതൽ 35 കോടിവരെയാണ് ഒരു എംഎൽഎയ്ക്ക് ബിജെപി നേതൃത്വം വിലയിട്ടിരിക്കുന്നത്. ദിഗ്‌വിജയ് സിങ് കഴിഞ്ഞ ആഴ്ച വിശദീകരിച്ചു. ബിജെപി നേതാവ് നരോട്ടം മിശ്രയുടെ നേതൃത്വത്തിലാണ് കച്ചവടമെന്നും ആരോപിച്ചിരുന്നു.
മധ്യപ്രദേശ് സർക്കാരിനെ താഴെ വീഴ്ത്തുമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ ഗോപാൽ ഭാർഗവയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ ആവർത്തിക്കുന്ന റിസോർട്ട് രാഷ്ട്രീയം കമൽനാഥ് സർക്കാരിന് പുറത്തേക്കുള്ള വഴിതീർക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 ഉം ബിജെപി 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്‌പിയുടെ രണ്ടും എസ്‌പിയുടെ ഒരു എംഎൽഎയും നാല് സ്വതന്ത്രരും കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്. അംഗങ്ങളുടെ മരണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള 22 നിയമസഭാംഗങ്ങൾ രാജിവച്ചതിൽ ആറ് മന്ത്രിമാരുടെ രാജി മാത്രമാണ് സ്പീക്കർ അംഗീകരിച്ചത്. ബിജെപി എംഎൽഎ നാരായണൻ ത്രിപാഠി കമൽനാഥിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയോടു കൂറുപ്രഖ്യാപിച്ച ആറു മന്ത്രിമാരെ മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ഡൻ കഴിഞ്ഞ ദിവസം മന്ത്രിസഭയിൽനിന്നു പുറത്താക്കിയിരുന്നു. മുഖ്യമന്ത്രി കമൽനാഥിന്റെ ശുപാർശ പ്രകാരമാണു നടപടി. ഇവർക്കൊപ്പമുള്ള 13 വിമതർ നിയമസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് കത്ത് നൽകിയിരുന്നെങ്കിലും നേരിട്ടെത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് സ്പീക്കർ. അനുനയിപ്പിച്ച് തിരിച്ചെത്തിക്കാനുള്ള കോൺഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് രാജിക്കത്തുകളിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ ഇത് മനസിലാക്കിയ എംഎൽഎമാർ തങ്ങൾക്ക് സ്പീക്കറെ കാണാനെത്താൻ കേന്ദ്ര സുരക്ഷ വേണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടെ, മുൻ മുഖ്യമന്ത്രി ശിവജ് സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്നും നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ നിർദേശം നൽകണമെന്നും ഇവർ ഗവർണറോട് ആവശ്യപ്പെട്ടു.
സ്പീക്കർ നിശ്ചയിക്കുന്ന ഏതു ദിവസവും വിശ്വാസവോട്ട് തെളിയിക്കാൻ തയാറാണെന്നാണ് കമൽനാഥിന്റെ പ്രഖ്യാപനവും വന്നു. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിനായി സഭ തുടങ്ങി. രാജ്യത്തെയും സംസ്ഥാനത്തെയും ബാധിച്ച കൊറോണ വൈറസിന്റെ സ്ഥിതിഗതികൾ പാർലമെന്ററി കാര്യമന്ത്രി സഭയെ അറിയിച്ചു. ഇതിനിടെ വിശ്വാസവോട്ട് തേടണമെന്ന ആവശ്യത്തിൽ ബിജെപി ബഹളം വച്ചു. മന്ത്രിയുടെ ആവശ്യത്തെ അംഗീകരിച്ച് ഈമാസം 26 വരെ സഭാനടപടികൾ നീട്ടിവയ്ക്കുന്നതായി അറിയിച്ച് സ്പീക്കർ സഭാസമ്മേളനം അവസാനിപ്പിച്ചു. ബിജെപിക്ക് തുണയുമായി ഗവർണർ സർക്കാരിനെതിരെ രംഗത്തുവന്നു. ചൊവ്വാഴ്ച സഭയിൽ വിശ്വാസവോട്ട് തേടണമെന്ന് നിർദ്ദേശിച്ചു. ഇതേ ആവശ്യത്തിൽ ബിജെപിയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. വിധി കമൽനാഥിനെ പ്രതിസന്ധിയിലാക്കുമെന്നാണ് നീതിപീഠകീഴ്‌വഴക്കങ്ങൾ ഓർമ്മപ്പെടുത്തുന്നത്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് വരെ ഉയർന്നുകേട്ട പേരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്. എന്നാൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് 24 മണിക്കൂറിനകം ബിജെപി അംഗത്വം സ്വീകരിച്ച് ആഘോഷമാക്കിയതോടെ കോൺഗ്രസിൽ നിന്ന് കാവിയിലേക്ക് ഒരു കൈപ്പത്തി അകലം പോലുമില്ലെന്ന് കൂടുതൽ ബോധ്യപ്പെടുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയും നാല് തവണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യക്ക് മറ്റേതൊരു കോൺഗ്രസ് നേതാവിനെപ്പോലെയും അധികാരമില്ലാതെ നിൽക്കാനാവില്ല എന്നത് യാഥാർഥ്യം. പാർട്ടിക്കുള്ളിലെ അധികാര തർക്കങ്ങളും നേതൃമാറ്റങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടും താമരച്ചേറിലേക്കുള്ള വേരിറക്കത്തിന് വളം ആയെന്നു മാത്രം. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചതോടെ വീണ്ടും ചർച്ചകളിൽ നിറയുന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയില്ലായ്മയാണ്. ഒരു വർഷത്തോളമായി മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആരെന്ന് കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു തലമുറയും കടൽക്കിഴവന്മാർ എന്നു പരിഹസിക്കപ്പെടുന്ന എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കളും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുമ്പോൾ സിന്ധ്യയെപ്പോലെ ഒരു ഡസനിലധികം നേതാക്കളാണ് കോൺഗ്രസിന്റെ പുറത്തേക്കുള്ള വഴിയിൽ കണ്ണുംനട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുമായി ഒരിക്കൽ ഏറ്റവും അടുത്ത് നിന്ന 42 കാരനായ സച്ചിൻ പൈലറ്റിനെയാണ് രാജസ്ഥാൻ പിടിക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേക്ക് നയിച്ചത് പൈലറ്റാണെന്ന് വിലയിരുത്തിയിരുന്നു. പ്രചരണ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രതീക്ഷ. രാജസ്ഥാനിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ പാർട്ടി അധ്യക്ഷനായിരുന്ന പൈലറ്റ് നടത്തിയ പ്രവർത്തനങ്ങൾ വലിയ ചർച്ചയുമായിരുന്നു. പക്ഷേ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ പാർട്ടി മുഖ്യമന്ത്രിയാക്കിയത് മുതിർന്ന നേതാവ് അശോക് ഗെലോട്ടിനെയാണ്. ഉപമുഖ്യമന്ത്രി പദം നൽകി പാർട്ടി പൈലറ്റിനെ തെല്ലൊന്നകറ്റി നിർത്തി.
രാഹുൽ ഗാന്ധിയുടെ യുവ സംഘത്തിലെ ശ്രദ്ധേയനായ നേതാവായിരുന്ന സൗത്ത് മുംബൈയിലെ മുൻ എംപിയായ മിലിന്ദ് ദിയോറ കശ്മീർ വിഷയത്തിൽ മോഡി സർക്കാരിനെ പിന്തുണച്ച് കാവി വഴിയിലേക്കുള്ള ഇംഗിതം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ മിലിന്ദ് മുംബൈ പാർട്ടി അധ്യക്ഷ പദവി രാജിവയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി ദേശീയഅധ്യക്ഷ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. കോൺഗ്രസിൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ഉത്തർപ്രദേശുകാരനായ ജിതിൻ പ്രസാദ. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോഡി സർക്കാരിന്റെ നയത്തെ പിന്തുണച്ചും പാർട്ടിയുടെ വർക്കിങ് കമ്മിറ്റിയിൽ കശ്മീർ വിഷയത്തെ എതിർക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ചോദ്യംചെയ്തും ഇദ്ദേഹം ബിജെപി പക്ഷം വിളിച്ചറിയിച്ചു. 2019 സെപ്റ്റംബറിൽ ജനസംഖ്യാ വർധനവിനെക്കുറിച്ച് മോഡി നടത്തിയ ആശങ്കയെയും ഇദ്ദേഹം പിന്തുണച്ചിരുന്നു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡയുടെ മകനും രണ്ടുതവണ എംപിയായ ദീപേന്ദ്ര ഹൂഡയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തിനൊപ്പമായിരുന്നു. രാഹുൽ ബ്രിഗേഡിന്റെ ഭാഗമായിരുന്ന ദീപേന്ദ്ര ഹൂഡ ബിജെപി വിളി കാത്തിയിരിക്കുന്നു എന്നാണ് കരക്കമ്പി. ജനാധിപത്യ വ്യവസ്ഥിതിയെ പണംകൊണ്ടു ബിജെപി എറിഞ്ഞുവീഴ്ത്തുമ്പോൾ കോൺഗ്രസ് സഞ്ചരിച്ച കുതിരക്കച്ചവട വഴികളും ചരിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. കോൺഗ്രസ് ഇതര സർക്കാരുകളെ കോൺഗ്രസ്സ് അട്ടിമറിച്ചത് എൺപത്തിയേഴ് തവണയാണ്. പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന സമ്പ്രദായം തുടങ്ങിയതും കോൺഗ്രസ് ആയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. രാജാജിയിൽ നിന്നായിരുന്നു തുടക്കം. മദ്രാസിൽ 375 അംഗ നിയമസഭയിൽ 152 എംഎൽഎമാർ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാൻ 50 പേരെ മറുകണ്ടം ചാടിച്ചു. 1983ൽ കർണ്ണാടകയിൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വേണ്ടി എംഎൽഎമാരെ കോൺഗ്രസ് ചാക്കിട്ടുപിടിച്ചു. അന്ന് ഒരു എംഎൽഎയ്ക്ക് 25 ലക്ഷമായിരുന്നു കോൺഗ്രസ് നൽകിയത്.
37 കൊല്ലം മുമ്പ് ഒരു എംഎൽഎയ്ക്ക് 25 ലക്ഷം നൽകി എംഎൽഎമാരെ മറുകണ്ടം ചാടിച്ചു. തുടർന്ന് ഹെഡ്ഗേ രാജിവച്ചു. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് ഇതര സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ. 1959 ൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനഭരണം പിടിച്ചെടുക്കാൻ പ്രയോഗിച്ച രീതി 1966 – 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. 1984 ൽ അമേരിക്കയിൽ ചികിത്സയ്ക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തിൽ നിന്ന് ഭാസ്കര റാവുവിനെ കോൺഗ്രസ് അടർത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോർട്ടിൽ എംഎൽഎമാരെ പാർപ്പിച്ച് കോൺഗ്രസിന്റെ നീക്കം തടയാൻ എൻടിആറും ശ്രമിച്ചു. 1993 ൽ കേന്ദ്രത്തിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു; നരസിംഹ റാവു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ അജിത് സിങിന്റെ എട്ട് എംപിമാർക്കും ജെഎംഎമ്മിന്റെ നാല് എംപിമാർക്കും രണ്ട് കോടി വീതംകൊടുത്താണ് കസേര ഉറപ്പിച്ചത്. ഈ കേസിൽ കീഴ്‌കോടതി റാവുവിനെ മൂന്ന് വർഷം തടവ്ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിന്റെ പതിന്മടങ്ങ് വേഗത്തിലും പണം ചെലവിട്ടുമാണ് ബിജെപി രാഷ്ട്രീയക്കുതിരക്കച്ചവടം തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.