20 September 2024, Friday
KSFE Galaxy Chits Banner 2

ചങ്ങൻകുളങ്ങരയിൽ നിന്നുള്ള ദൂരം

സി ആർ അജയകുമാർ 
July 28, 2024 3:16 am

പാതിയിളകിയ റോഡിലൂടെ കുലുങ്ങിയും ഞരങ്ങിയും പാഞ്ഞു വന്ന അതിവേഗ ബസ്. മുഖത്ത് കറുത്ത മറുകുള്ള മൊരടൻ കണ്ടക്ടറുടെ ‘ചങ്ങൻകുളങ്ങരയായി’ എന്ന മുരൾച്ചയ്ക്ക് മറുപടിയെന്നോണം ഭയന്നു നിന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ആകാശത്ത് വച്ച് വലിയൊരു സ്ഫടികപാത്രം പൊട്ടിയടർന്ന് മഴക്കല്ലുകൾ ആക്രോശത്തോടെ താഴേയ്ക്ക് വീഴുന്നു. ചീറിയടിയ്ക്കുന്ന നെടുങ്കൻ കാറ്റിനെ പ്രതിരോധിയ്ക്കാനെന്നോണം കാലൻ കുടവച്ച് തല മറച്ച് ഞാൻ റോഡിലേയ്ക്കിറങ്ങി. കുറ്റാകൂരിരിട്ടിന്റെ ലഹരി മോന്തിക്കുടിച്ച് വെള്ളത്തിൽ മുങ്ങി ചങ്ങൻകുളങ്ങരമുക്ക് കിടക്കുന്നു. വൈദ്യുതി നിലച്ചത് കാരണം ആളനക്കത്തിന്റെ സൂചനകൾ പോയിട്ട് വെളിച്ചത്തിന്റെ നേരിയ അംശം പോലുമില്ല.

കൊടും മഴയിലൂടെ ഞാൻ പടിഞ്ഞാറോട്ട് നടക്കുകയാണ്. ഒരു മൈൽ പോകണം. ജഡയും നരയും ബാധിച്ച ജ്ഞാനവൃദ്ധനായ കൂവള അപ്പുപ്പനെ ഈയ്യിടെ സ്വപ്നം കണ്ടിരുന്നു. വല്ലപ്പോഴും ഒന്നു വന്നു കാണാത്തതിൽ വിഷമമുള്ള മരമുത്തച്ഛൻ കുട്ടിക്കാലത്ത് സ്കൂളിൽ പോവാതെ ഒളിച്ചിരിയ്ക്കാൻ ഞാനെത്ര ചില്ലകൾ തന്നെന്ന് എന്നോട് പരിഭവപ്പെടുകയും ചെയ്തു. ഒന്നു കാണണം… പോവുക തന്നെ… പക്ഷേ വെട്ടത്തിന്റെ അവസാന തുള്ളിയെയും ഇരുളിന്റെ കാർക്കോടകൻ വെട്ടിവിഴുങ്ങിയ പാതിരാത്രിയിലും ഈ ഒറ്റപ്പെട്ട പാതയിലുമായി പെട്ടു പോകുമെന്ന് ഓർത്തതേയില്ല. ചീറിയടിയ്ക്കുന്ന കാറ്റിനെയും ആകാശത്ത് നിന്ന് പൊട്ടിച്ചിതറി വീഴുന്ന മഴയെയും തോന്നും പടി വിട്ട് ഞാൻ പാതയിലൂടെ നടന്നു. കുറേ ദൂരം നടന്നാൽ ഭരണിക്കാവ് അമ്പലം കാണാം. അവിടെ വെളിച്ചമുണ്ടാകും. ഭരണിക്കാവിലെ ചൂരൽക്കാവിൽ തലകുത്തി നിൽക്കുന്ന ചാമുണ്ഡി യക്ഷിയുണ്ടെന്ന് പറഞ്ഞു തന്നത് അഞ്ചാം ക്ലാസിലെ കൂട്ടുകാരൻ കൊച്ചു ഷാജിയാണ്. ഇപ്പോഴും കാണുമോ എന്തോ…

ഒരു വശത്ത് പാടല വർണങ്ങളുള്ള എള്ളിൻ പൂക്കളെ കൊണ്ട് നിറഞ്ഞ നര്യാണിപ്പാടം കായലു പോലെ ഒഴുകുന്നത് മൊബൈൽ ടോർച്ചിന്റെ മങ്ങിയ വെട്ടത്തിൽ കാണാം. മഴവെള്ളത്തിലൂടെ നടക്കുകയാണ്. പിന്നിലെന്തോ ഒരു അനക്കം. തിരിഞ്ഞു നോക്കിയില്ല. ആരോ ഒരാൾ പിന്നിൽ ഉള്ളതുപോലെ… ആരോ ഒരാൾ… ഞാൻ പതുക്കെ നിന്നു. പിന്നിലുള്ളയാളും നിന്നിരിക്കുന്നു. വീണ്ടും നടന്നു… പിന്നാലെ വരുന്നയാളിന്റെ കാലൊച്ച ഞാൻ ഇപ്പോൾ കേൾക്കുന്നുണ്ട്. നേരിയ ഭയം നെഞ്ചിലേയ്ക്ക് അരിച്ചിറങ്ങുന്നു. പിന്നിലുള്ള ആളിന്റെ ശ്വാസത്തിന്റെ ശബ്ദവും ഇപ്പോൾ തിരിച്ചറിയാം. ഇടറിയെങ്കിലും തിരിഞ്ഞു നോക്കാതെ ചോദിച്ചു. “ആരാണ്?” ആൺ ശബ്ദമെന്ന് തോന്നിപ്പിക്കുന്ന മുഴക്കമുള്ള ഒരു സ്ത്രീ ശബ്ദം. “തിരിഞ്ഞു നോക്കരുത്. നിനക്ക് ഞാൻ കൂട്ടായിട്ടുണ്ട്. നടന്നോളൂ…” “ഇല്ല.” പതറിയെങ്കിലും ഞാൻ ഉറപ്പു നൽകി. “ഞാൻ തിരിഞ്ഞുനോക്കില്ല… ആരാണ് നിങ്ങൾ?” “കുഞ്ഞേ, ” വാക്കുകളിലെ സ്നേഹോഷ്മളത എന്നെ കൂടുതൽ ധൈര്യവാനാക്കി. ശത്രുവല്ല പിന്നിൽ. ഒരു പക്ഷേ ഒരു വൃദ്ധയാകാം. അവരും എന്നെപ്പോലെ കൂട്ടില്ലാതെ ഈ കൊടും രാത്രിയിൽ ഒറ്റപ്പെട്ട് പോയതാകാം. “നിനക്കെന്നെ അറിയാം.” അവർ പറഞ്ഞു കൊണ്ട് നടക്കുകയാണ്. “നിനക്ക് ലൂസിയെ അറിയാമോ?”

കലാലയ ജീവിതം മുതൽ ഈ യൗവ്വനക്കാലം വരെ ഓർമ്മകളിലേയ്ക്ക് ഒരു ചലച്ചിത്രത്തിലെന്നവണ്ണം വന്നിരിക്കുന്നു. ഡിഗ്രി ക്ലാസിൽ കണ്ണടയിട്ട മിഡിയും ഫ്രോക്കും ധരിച്ച ഒരു മെലിഞ്ഞ ലൂസിയുണ്ടായിരുന്നു. ആകെ സംസാരിച്ചതാകട്ടെ എന്താണ് പേര് എന്നതു മാത്രമായിരുന്നു. കാണുമ്പോ ഒന്ന് ചിരിയ്ക്കും. അല്ലാതെ ഒരു ലൂസിയെയും എനിക്കറിയില്ല. ഞാൻ നിസഹായനായി.
“നിനക്കറിയാം.” ഉറപ്പിച്ചു പറയുകയാണ് പിന്നിലെ സ്ത്രീ. “ലൂസിയുടെ ചെറുമകളാണ് ഞാൻ…”
പക്ഷേ ലൂസിയെ എനിക്കറിയില്ലല്ലോ. മഴ വീണ്ടും തകർക്കാൻ വട്ടം കൂട്ടുന്നു. ഇടിമിന്നൽ അങ്ങിങ്ങ് വെട്ടം കാട്ടുന്നു. “ലൂസി എവിടെയാണിപ്പോൾ…?” ഞാനറിയാതെ എന്നെയറിയുന്ന ഒരു ലൂസിയുണ്ടെങ്കിലോ? ശബ്ദം താഴ്ത്തിയാണ് മറുപടി വന്നത്. “ലൂസിയമ്മ മരിച്ചിട്ട് ഏകദേശം മുന്നേകാൽ ദശലക്ഷം വർഷമെങ്കിലുമായിട്ടുണ്ടാകും.” പൊട്ടിയടർന്ന ഒരു ഇടിമിന്നൽ… മുന്നോട്ട് കാലെടുത്ത് വയ്ക്കാനാവാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഞാൻ. പിന്നാലെ ശബ്ദം തുടരുന്നു. “മരത്തിൽ നിന്ന് വീണാണ് ലൂസിയമ്മ മരിച്ചത്. പിന്നാണ് ഞാൻ ജനിച്ചത്.. ഞങ്ങൾ കൂട്ടം ചേർന്ന്കടൽതീരത്തൂടെ സഞ്ചരിച്ച് ഇവിടെയെത്തി.” ഇടുപ്പെല്ലുകൾ അടുത്തു വന്നത് കാരണം ഉദരത്തിലെ പൂർണ വളർച്ചയെത്താത്ത സന്താനങ്ങളെ പത്താം മാസത്തിൽ പെറ്റ് പ്രകൃതിയോടിരന്ന് ജീവിച്ച, കാഴ്ചയും കേൾവിയും ശക്തിയും കുറഞ്ഞ, അതിജീവനത്തിനായി പാടുപെട്ട നിസഹായരായ മൃഗ വംശം. 

‘കുഞ്ഞേ, നിനക്ക് നിന്റെ അമ്മയുടെ പേരറിയാമല്ലോ…” സ്തംഭിതനായി മഴയിൽ കുളിച്ച് നിൽക്കുന്ന എന്റെ ചെവിയിൽ ആ ശബ്ദം മുഴങ്ങുകയാണ്.” സുശീല… അതല്ലേ അമ്മയുടെ പേര്. സുശീലയുടെ അമ്മ ഭാനുമതി. ഭാനുമതിയുടെ അമ്മ ചിരുത. പിന്നെ ഒരമ്മമാരെയും നിനക്കറിയില്ല. അവർക്കു പിന്നിലുള്ള ലക്ഷക്കണക്കിന് അമ്മമാരിൽ ഒരാൾ ഞാനാണ്. മകനേ, നിന്റെ തള്ളവിരൽ തുടങ്ങുന്നിടത്തേയ്ക്ക് ഒന്നു നോക്കൂ. അവിടെ ഒരു മുറിപ്പാട് കാണാം.” ഇരുളിലും തെളിഞ്ഞ മിന്നലുകൾക്കിടയിൽ തള്ളവിരലിന്റെ തുടക്കത്തിലുള്ള പാട് ഞാൻ കണ്ടു. “അതു നീ മുറിച്ചുനൽകിയതാണ്… നിന്റെ അടിമത്വത്തിന്റെറെ അടയാളമാണത്. എല്ലാത്തിനോടും വിധേയനായി പോകേണ്ടി വന്ന ജൻമ സ്വഭാവത്തിന് ഗുരുദക്ഷിണയെന്ന് കള്ളപ്പേര് വന്നെന്നെയുള്ളൂ.”
അമ്മയുടെ ശബ്ദം പോലെ ഓർമ്മപ്പെടുത്തൽ. “മകനെ, നിന്റെ ഇടത്തെ നെറ്റിയിൽ തീ പൊള്ളിയൊരുപാടുണ്ട്.” അറിയാം. ജനിച്ചപ്പോഴേ ഉള്ള ഒരു പൊള്ളൽ അടയാളം.
“തക്ഷശില കത്തിയെരിയുമ്പോൾ പുറത്തേക്ക് തെറിച്ചുവീണ തീപിടിച്ച ഒരു താളിയോല എടുക്കാൻ കുനിഞ്ഞപ്പോഴാണ് നിന്റെ നെറ്റിയിൽ പൊള്ളലേറ്റത്.” അങ്ങനെയെത്രയെത്ര പൊള്ളലുകൾ… എത്രയെത്ര നിലവിളികൾ…

പിന്നിലെ ശബ്ദം ഉയരുകയാണ്. “വരും കാലവും നീ അറിയണം, ഇരുന്നൂറ് കൊല്ലമൊക്കെ കഴിയുമ്പോൾ ഇന്ന് നിന്റെ ഫോണുകൾ ഹാക്ക് ചെയ്യുന്ന പോലെ ഒരു വിളിയിൽ നീയും ഹാക്ക് ചെയ്യപ്പെട്ടേയ്ക്കാം. ഒരു കാൾ എടുക്കവേ മരണം എത്തിയേക്കാം.” ഒന്നു നിറുത്തി ശബ്ദം തുടരുന്നു, ” മനസുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിലും യുദ്ധങ്ങളിലും ചതുംരംഗക്കളിക്കാരന്റെ കൗശലം ഉള്ളവർ മാത്രം അതിജീവിക്കും. കുറ്റകൃത്യങ്ങൾ ചെയ്യാനറിയാത്തവർക്ക് ജീവിക്കാനർഹതയില്ലെന്ന് വിധിക്കുന്ന മൃഗകാലമാണ് വരുന്നത്.” “എനിക്ക് ആ കാലം കാണാനാവില്ലല്ലോ.” എന്റെ ദീർഘനിശ്വാസം അമ്മ കേട്ടു. “നിനക്ക് ആ കാലം കാണണമല്ലേ…” ‘ഉം’ എന്ന് കുഞ്ഞിനെ പോലെ ഞാൻ മൂളി. “ഒരു ചുവട് നീ മുന്നോട്ട് കാല് വയ്ക്കൂ മോനെ… ഒരിയ്ക്കലും നീ തിരിഞ്ഞു നോക്കരുതേ.” ശരിയെന്ന് തലയാട്ടി കാല് ഒന്ന് മുന്നോട്ട് വച്ചു. ഒരു നിമിഷം… ലോകം കീഴ്മേൽ മറിയുന്നത് അമ്പരപ്പോടെ ഞാനറിഞ്ഞു. 

എവിടെയെന്റെ പാടല വർണങ്ങളുള്ള എളളിൻ പൂക്കൾ പൂത്ത നര്യാണിപ്പാടം. ഒരു പാശ്ചാത്യ പരിഷ്കൃത നഗരത്തിന്റെ രാത്രി കാഴ്ചയിൽ തരിച്ചുനിൽക്കുന്ന ഞാൻ. വമ്പൻ ഫ്ലാറ്റുകൾ. ആകാശത്തിലൂടെ മിന്നിമറയുന്ന വിമാനങ്ങൾ. ഗഗന സഞ്ചാരികൾ. പക്ഷേ, ആളും ആരവവുമില്ലാത്ത പക്ഷിക്കൂടുകൾ മാത്രമുള്ള ശ്മശാനനഗരം. ഞെട്ടി നിൽക്കവേ, പിന്നിൽ നിലവിളി, “വിടടാ… ദുഷ്ടൻമാരെ… എന്നെ ഉപദ്രവിക്കരുതേ…” എന്നോട് സംസാരിച്ചുകൊണ്ടിരുന്ന ശബ്ദമാണ് ഇപ്പോൾ നിലവിളിയായി കേൾക്കുന്നത്. “പോകൂ… എന്നെ വെറുതെ വിടൂ…” ആർത്തലച്ച് നിലവിളി ഹൃദയം തുളച്ചുകീറി പോവുകയാണ്. തിരിഞ്ഞു നോക്കാതിരിക്കുന്നതെങ്ങനെ? പിന്നിൽ നിലവിളിക്കുന്നത് ഒരമ്മയാണ്. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. സ്തംഭിപ്പിയ്ക്കുന്ന ഒരു ദൃശ്യം. കാളിമയാർന്ന ഒരു കാട്ടു ജീവി. അരയിലും നെഞ്ചിലും മൃഗത്തോലുകൾ കെട്ടിവെച്ച ഒരു നീയണ്ടർത്താൽ സ്ത്രീ. വിവിധ വർണങ്ങളുള്ള വേഷങ്ങൾ ധരിച്ച ഒരു കൂട്ടം ആളുകൾ അവരുടെ മൃഗത്തോൽ കീറിയെറിയുന്നു. ആളുകളുടെ കൈവശമുള്ള, രശ്മികൾ നിറച്ച ആയുധം ഉപയോഗിച്ച് അതിനെ പൊള്ളിച്ച് ആർത്ത് വിളിയ്ക്കുന്നു. 

അതിന്റെ എതിർപ്പിന്റെ ശബ്ദം ഒരു മൃഗത്തിന്റെ മുരൾച്ചയും ആക്രോശവുമായി മാറി കഴിഞ്ഞിരിക്കുന്നു. രോമങ്ങൾ നിറഞ്ഞ നീണ്ട കൈകൾ കൊണ്ട് തന്റെ മൃഗത്തോൽ വലിച്ചു പറിക്കാൻ വരുന്നവരെ അത് ദുർബലമായി പ്രതിരോധിയ്ക്കുന്നുണ്ട്… അതു കണ്ടുനിന്ന എന്നെ ഒരുവൻ തോണ്ടി വിളിച്ച് ആംഗലേയ ഭാഷയിൽ ആർത്ത് ചിരിച്ച് ക്ഷണിയ്ക്കുന്നു. “വരൂ… സുഹൃത്തേ… വ്യത്യസ്ത ആസ്വദിയ്ക്കൂ…” ഞാനും അവരോടൊപ്പം കൂടിയില്ലെങ്കിൽ. പിന്നെ ഒന്നും ചിന്തിച്ചില്ല. പിന്നിലൂടെ ചെന്ന് അവരുടെ ഒരു മൃഗത്തോൽ ഞാൻ പറിച്ചെടുത്തു. ദീനയായി, നിശബ്ദയായി അമ്മയെന്നെ ഒന്നു നോക്കി. അതു കണ്ടിട്ടും കാണാത്ത ഭാവത്തിൽ ആ മൃഗത്തോല് ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.