കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള അകലം

Web Desk
Posted on July 30, 2020, 3:00 am

കോട്ടയവും ആലപ്പുഴയും തൊട്ടുകിടക്കുന്ന ജില്ലകളാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ടു സംഭവങ്ങൾ രണ്ടു ജില്ലകളിലെയും ചിലരുടെ മനോഭാവത്തിന്റെ ദൂരം വ്യക്തമാക്കുന്നതാണ്. ഒന്ന് പൊതുശ്മശാനത്തിൽ കോവിഡ് രോഗിയുടെ മൃതദേഹം മറവ് ചെയ്യാൻ അനുവദിക്കാതിരുന്നതും രണ്ടാമത്തേത് രോഗബാധയുള്ളവരുടെ മൃതദേഹം മറവ് ചെയ്യുന്നതിന് മതാചാരങ്ങൾ മാറ്റിയെഴുതിയതുമാണ്. കോട്ടയം അക്ഷര നഗരിയെന്നറിയപ്പെടുന്നത് സംസ്ഥാനത്ത് സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയെന്ന നിലയിലാണ്. അതിന് മാനക്കേടുണ്ടാക്കുന്ന സംഭവമായിരുന്നു ഒരു ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്യുന്നത് തടയാൻ നടത്തിയ ശ്രമം. ബാലിശമായ വാദങ്ങളും വ്യാജ പ്രചരണങ്ങളും നടത്തി ഒരു ചെറുവിഭാഗത്തെ ഇളക്കിവിട്ടാണ് അനാവശ്യമായ സന്ദർഭം സൃഷ്ടിക്കപ്പെട്ടത്. എതിരാളികളായാൽ പോലും മൃതദേഹത്തോട് ആദരവ് കാട്ടുകയെന്നതാണ് സാമാന്യ മര്യാദ. പരസ്പര ശത്രുക്കളുടെ യുദ്ധഭൂമിയിൽ പോലും നാം അത് കാണാറുണ്ട്. എന്നാൽ ആ മര്യാദ ലംഘിച്ചുവെന്ന് മാത്രമല്ല ജനങ്ങൾക്കിടയിൽ വ്യാജപ്രചരണം നടത്തുകയും ചെയ്തു. കോവിഡ് ബാധിച്ച് മരിച്ച കോട്ടയം ചുങ്കം നെടുമാലിൽ ഔസേപ്പ് ജോർജിന്റെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്.

കോവിഡ് പടരുന്നത് എങ്ങനെയൊക്കെയാണെന്നത് ആരോഗ്യരംഗത്തെ വിദഗ്ധർ ഇടയ്ക്കിടെ മുന്നറിയിപ്പായി നൽകുന്നുണ്ട്. രോഗികളിൽ നിന്ന് പുറത്തെത്തുന്ന വൈറസിന്റെ വായുവിലൂടെയുള്ള പകർച്ച പോലും ഇതുവരെ ഏകകണ്ഠമായി വിദഗ്ധർ അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിലവിലുണ്ട്. ദഹിപ്പിക്കുകയെന്നതാണ് അതിലൊന്ന്. അല്ലെങ്കിൽ 12 അടിതാഴ്ചയിൽ കുഴിയെടുത്ത് അടക്കം ചെയ്യണം. ഈ സാഹചര്യത്തിലാണ് ഔസേപ്പ് ജോർജിന്റെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിക്കാൻ തീരുമാനിച്ചത്. സംസ്കരിക്കാൻ ആറടി മണ്ണ് എന്നത് അപൂർവമാകുന്ന സാഹചര്യത്തിലും മത — ജാതി വേലിക്കെട്ടുകൾ തകർക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് നമ്മുടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാ­പനങ്ങളുടെ കീഴിൽ പൊതുശ്മശാനങ്ങൾ സ്ഥാപിതമായത്. അത്തരമൊരു പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് തടയാനാണ് കൗൺസിലറുടെ നേതൃത്വത്തിൽ ശ്രമമുണ്ടായത്. ശാസ്ത്രീയമായി ഒരു പിൻബലവുമില്ലാത്ത വാദമുന്നയിച്ചാണ് ബിജെപി കൗൺസിലർ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം തടയുന്നതിന് ശ്രമിച്ചത്. ജഡം ദഹിപ്പിക്കുമ്പോൾ ശ്മശാനത്തിൽ നിന്നുയരുന്ന പുകയിലൂടെ കോവിഡ് പടരുമെന്നായിരുന്നു ആദ്യവാദം. അതിന് ഒരു സാധ്യതയും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിച്ച് വിശദീകരിച്ചപ്പോൾ ഒരാളുടെ ജഡം സംസ്കരിക്കാൻ അനുവദിച്ചാൽ എല്ലാ മൃതദേഹവും ഇവിടെ കൊണ്ടുവന്ന് സംസ്കരിക്കുമെന്ന മുട്ടാപ്പോക്ക് വാദമായി പിന്നീട്. കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു ഇവരുടെ കൂട്ടംചേരലും സംസ്കാരം തടയാനുള്ള ശ്രമവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പ്രകോപനപരമായാണ് പ്രതികരണമുണ്ടായത്. എങ്കിലും രാത്രി വൈകി ജില്ലാ ഭരണാധികാരികളുടെ നിശ്ചയദാർഢ്യത്തെ തുടർന്ന് വൻ സുരക്ഷയോടെ ഇവിടെതന്നെ സംസ്കാരം നടത്തുകയായിരുന്നു.

നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്റെ രണ്ടാം ദിവസമാണ് ആലപ്പുഴയിൽനിന്ന് മതാചാരങ്ങൾ മാറ്റിപ്പണിത് സെമിത്തേരിയിൽ ചിതയൊരുക്കി സംസ്കാരച്ചടങ്ങ് നടന്നത്. ക്രൈസ്തവ ആചാരപ്രകാരം അടക്കം ചെയ്യുകയെന്ന പതിവ് രീതിയാണ് കോവിഡ് മാനദണ്ഡം പാലിക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ ചിതയൊരുക്കിക്കൊണ്ട് തിരുത്തിയത്. 12 അടി താഴ്ചയിൽ വേണം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരമെന്ന മാനദണ്ഡം പാലിക്കാൻ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ സാധിക്കാത്ത സ്ഥിതിയാണ്. തീരപ്രദേശമായതിനാലും മഴക്കാലമായതിനാലും ഇത്രയും ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കുകയെന്നത് ബുദ്ധിമുട്ടായിരിക്കും. വെള്ളക്കെട്ടിൽ മൃതദേഹം സംസ്കരിക്കേണ്ടിവരും. അത് മറ്റൊരു തരത്തിൽ മൃതദേഹത്തോടുള്ള അനാദരവായി മാറും. അതുകൊണ്ട് ചിതയിൽ ദഹിപ്പിച്ചശേഷം ചിതാഭസ്മം ശേഖരിച്ച് സെമിത്തേരിയിൽ ആചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. ആലപ്പുഴയിലെ കാട്ടൂർ, മാരാരിക്കുളം എന്നിവിടങ്ങളിലെ പള്ളി സെമിത്തേരികളിലാണ് സംസ്കാരങ്ങൾ നടന്നത്. യാത്രാമധ്യേ മരിച്ച വ്യക്തിയുടെ സംസ്കാരത്തിന് സൗകര്യമൊരുക്കി ബത്തേരി വാരമ്പറ്റ മഹല്ല് കമ്മിറ്റിയും പതിവ് ആചാരത്തിൽ മാറ്റം വരുത്താൻ തയ്യാറായി. ഈ അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോട്ടയം മുട്ടമ്പലത്തെ ചെറിയ ആൾക്കൂട്ടത്തിൽനിന്ന് ആലപ്പുഴയിലേക്കുള്ള ദൂരം വളരെ അധികമാണെന്ന് തോന്നും. നിരവധി സാമൂഹ്യ പരിഷ്കർത്താക്കളും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും കത്തിച്ചുചാമ്പലാക്കാൻ ശ്രമിച്ച അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചാരം ചിലപ്പോഴൊക്കെ പുകയ്ക്കാൻ കുബുദ്ധികളിൽനിന്ന് ശ്രമങ്ങളുണ്ടാകാറുണ്ട്. അത് അവരുടെ അന്ധതയിൽ നിന്നുണ്ടാകുന്നതാണ്. എന്നാൽ കോട്ടയം മുട്ടമ്പലത്തെ കുറച്ചുപേരെ ഇളക്കിവിട്ട് സംസ്കാരം തടയാൻ ശ്രമിച്ചതിനെ സംസ്കാര ശൂന്യതയോ അന്ധതയോ മാത്രമായി കരുതാൻ പാടില്ലാത്തതാണ്. അന്ധമായ രാഷ്ട്രീയബോധവും സമകാലിക സന്ദേശങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്ന ബധിരകർണ്ണങ്ങളുമാണ് അതിന് പ്രേരിപ്പിച്ചത്. മാപ്പർഹിക്കാത്ത കുറ്റമാണത്. ഈ നാണക്കേട് ആലപ്പുഴയിലേതു പോലെയുള്ള തിരുത്തിയെഴുത്തു കൊണ്ട് നമുക്ക് മാറ്റുവാൻ സാധിക്കണം.