മഹാത്മാവില്‍ നിന്ന് മോഡിയിലേക്കുള്ള ദൂരം

Web Desk
Posted on June 27, 2019, 10:31 pm

”മഹാത്മാഗാന്ധി വന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗം തുറന്നുതന്നപ്പോള്‍ വ്യക്തമായ എന്തെങ്കിലും അധികാരോപാധിയോ അതിരു കവിഞ്ഞ ദണ്ഡനശക്തിയോ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിഭാവത്തില്‍ നിന്നു പുറപ്പെട്ട പ്രേരകശക്തി സംഗീതം പോലെ, സൗന്ദര്യംപോലെ വാചാമഗോചരമായിരുന്നു.” മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഗാന്ധിജിയെക്കുറിച്ച് എഴുതിയ വരികളാണിത്. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷിക വര്‍ഷത്തില്‍ ഇന്ത്യ ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയല്ല. അദ്ദേഹത്തിന്റെ മതനിരപേക്ഷ ദര്‍ശനങ്ങളുടെയും ജനാധിപത്യ മൂല്യസംഹിതകളുടെയും നേര്‍വിപരീത ദിശയില്‍ എത്തപ്പെട്ട ദശാസന്ധികളുടെ ഇന്ത്യയാണ്. ഗാന്ധിഘാതകരുടെ അനുയായികളുടെയും വാഴ്ത്തുപാട്ടുകാരുടെയും കരങ്ങളിലാണ് ഇന്ത്യയുടെ ഭരണചക്രം. അവര്‍ മതനിരപേക്ഷ ഇന്ത്യ എന്ന മഹോന്നതമായ ആശയത്തെ അംഗീകരിക്കുന്നില്ല. ജനാധിപത്യ തത്വസംഹിതകളെ നിരാകരിക്കുന്നു. തെരഞ്ഞെടുപ്പ് തന്നെ ആവശ്യമില്ലാത്ത ഒന്നാണെന്നും ഭരണഘടന തിരുത്തിയെഴുതണമെന്നും വാദിക്കുന്നു.

തനിക്ക് ഈശ്വരന്‍ സത്യവും സ്‌നേഹവുമാണെന്ന് ഗാന്ധിജി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഈശ്വരന്‍ സദാചാര ബോധവും സന്മാര്‍ഗവുമാണെന്നും അഭയമാണെന്നും വെളിച്ചത്തിന്റെയും സംസ്‌കാരത്തിന്റെയും ഉദ്ഭവ സ്ഥാനമാണെന്നും ഗാന്ധിജി എഴുതി. നരേന്ദ്രമോഡിമാര്‍ക്കും അനുചരന്‍മാര്‍ക്കും ഇതൊന്നുമല്ല ഈശ്വരന്‍ മറിച്ച് വര്‍ഗീയതയ്ക്കും വിഭജനത്തിനും മതവൈരത്തിനുമുള്ള കേവലം രാഷട്രീയായുധം മാത്രമാണ്. അതുകൊണ്ട് ഈശ്വരനെയും വിശ്വാസത്തെയും തരാതരം പോലെ ദുരുപയോഗം ചെയ്യാം.
വിവിധ മതങ്ങള്‍ ഒത്തുചേര്‍ന്ന് എണ്ണമില്ലാത്ത ജാതി-ഉപജാതികള്‍ നിലനില്‍ക്കുന്ന നാനാത്വത്തില്‍ ഏകത്വത്തിന്റെ മാനവീയ പതാക ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഇന്ത്യയുടെ മഹനീയ പാരമ്പര്യം. ‘ഈശ്വര, അള്ളാ തേരാനാം’ എന്നും ‘സബ്‌കോ സന്‍മതി ദേ ഭഗവാന്‍’ എന്നും പാടി നടന്ന ഗാന്ധിജി വിവിധ മതങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി, ”ഒരേ ബിന്ദുവിലേക്ക് എത്തുന്ന പല പാതകളാണ് മതങ്ങള്‍. ഒരേ ലക്ഷ്യത്തില്‍ എത്തിച്ചേരുമെങ്കില്‍ പല പാതകള്‍ അനുസരിച്ചാല്‍ എന്താണ്? വാസ്തവത്തില്‍ എത്ര വ്യക്തികളുണ്ടോ, അത്രയും മതങ്ങളുമുണ്ട്” ഈ ഗാന്ധിയന്‍ ദര്‍ശനത്തെയും ബിജെപിയും ഇതരസംഘപരിവാരശക്തികളും നിരാകരിക്കുന്നു. ഇന്ത്യ ഹിന്ദുവിന്റേത്- അതും രക്തവിശുദ്ധിയുള്ള സവര്‍ണ ഹിന്ദുവിന്റേത് മാത്രമാണെന്നും അവര്‍ വാദിക്കുന്നു.

വര്‍ഗീയതയ്ക്കും ലഹളകള്‍ക്കുമെതിരെ ഏറ്റവുമധികം പൊരുതിയത് സഹനസമരങ്ങളിലൂടെ ഗാന്ധിജിയായിരുന്നു. ഹിന്ദു-മുസ്‌ലിം ലഹളകള്‍ അരങ്ങേറിയ, ചോരപ്പുഴകളൊഴുകിയ, കബന്ധങ്ങള്‍ നിറഞ്ഞ ഇടങ്ങളിലെല്ലാം മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത്, മുട്ടന്‍വടിയും പിടിച്ച് ഗാന്ധിജി എത്തി. മതസൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രവുമായി ഗാന്ധിജി ഓടിയെത്തി. ഹിംസയ്‌ക്കെതിരെ അഹിംസയുടെ സന്ദേശം പകര്‍ന്നു. സ്ഥിരമായ ഒന്നും ഹിംസയുടെ മുകളില്‍ കെട്ടിപ്പടുക്കാനാവില്ലെന്നും അഹിംസയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ ശാശ്വത പുരോഗതി ഉറപ്പാക്കാനാവൂ എന്നും പഠിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്, ഇന്ത്യാവിഭജനവേളയില്‍ രാജ്യവ്യാപകമായി വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, മനുഷ്യക്കുരുതി അനവരതം അരങ്ങേറുകയും ചെയ്തപ്പോള്‍ ഗാന്ധിജി 1946 സെപ്റ്റംബര്‍ ഏഴാം തീയതി ആരംഭിച്ച നവഖാലിയില്‍ നിന്നുള്ള പര്യടനം 1947 മാര്‍ച്ച് രണ്ടാം തീയതിവരെ നീണ്ടു. വര്‍ഗീയതയ്ക്കും മതവൈരത്തിനുമെതിരെ നിരവധി തവണ നിരാഹാരമനുഷ്ഠിച്ചു. പക്ഷേ സംഘപരിവാരം അഹിംസയില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഹിംസാസിദ്ധാന്തത്തെ ആലിംഗനം ചെയ്യുന്നു. വര്‍ഗീയ ലഹളകള്‍ അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഗാന്ധിജിയുടെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ചവരുടെ പിന്‍ഗാമിയായ നരേന്ദ്രമോഡി ഗാന്ധിജി പിറന്ന മണ്ണില്‍ തന്നെ വംശഹത്യാ പരീക്ഷണം നടത്തി ഇന്ത്യയെ ഞെട്ടിച്ചുവെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രിയായ രാജ്യത്ത് ചെറുതും വലുതുമായ എത്രയോ വര്‍ഗീയ സംഘര്‍ഷങ്ങള്‍. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ അനുയായികള്‍ ഇനിയും ആ നിറതോക്ക് താഴെ വച്ചിട്ടില്ല. എഴുതിയതിന്റെയും എതിര്‍ശബ്ദം ഉയര്‍ത്തിയതിന്റെയും പേരില്‍ മതനിരപേക്ഷതയ്ക്കായി വാദിച്ചതിന്റെ പേരില്‍ എത്രയെത്ര പേര്‍ കൊല ചെയ്യപ്പെട്ടു. ഹിംസാസിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് അവര്‍ക്ക് തോക്കും വടിവാളും ദണ്ഡുകളും നിലത്തുവയ്ക്കാനാവില്ല.

യംഗ് ഇന്ത്യയില്‍ ഗാന്ധിജി ഇങ്ങനെ എഴുതി: സഹിഷ്ണുതയാണ് ജീവിതത്തിലെ സുവര്‍ണ നിയമം. എന്തുകൊണ്ടെന്നാല്‍ നാമാരും ഒരേമാതിരി ചിന്തിക്കുന്നില്ല. സത്യം ആംശികമായിട്ടും പല വീക്ഷണകോണിലൂടെയുമാണ് നാം കാണുന്നത്. എല്ലാവര്‍ക്കും മനഃസാക്ഷി തുല്യമല്ല. വ്യക്തിജീവിതത്തില്‍ അത് ഒരു നല്ല വഴികാട്ടിയായേക്കാമെങ്കിലും മറ്റുള്ളവരുടെ മേല്‍ അതു വച്ചുനീട്ടുന്നത് അവരുടെ മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെ ദുഃസഹമായി ദ്രോഹിക്കലാണ്. സഹിഷ്ണുത തെല്ലും ഇല്ലാത്തവരാണ് നരേന്ദ്രമോഡിയും കൂട്ടരും. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് അവര്‍ വിളമ്പുന്നത്. തങ്ങളുടെ നീചസിദ്ധാന്തങ്ങള്‍ മറ്റുള്ളവരില്‍ അവരുടെ മനഃസാക്ഷിയെ നീചമായ നിലയില്‍ ദ്രോഹിക്കുകയും ചെയ്യുന്നു.

ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ വിഖ്യാത എഴുത്തുകാരനായ ബര്‍ണാഡ്ഷാ പറഞ്ഞു: ഗാന്ധിജി മനുഷ്യനായിരുന്നില്ല, ഒരത്ഭുത പ്രതിഭാസമായിരുന്നു. അതിശുദ്ധത എത്രമാത്രം ആപല്‍ക്കരമാണെന്ന് ഗാന്ധിജിയുടെ വധം കാണിക്കുന്നു എന്ന്. ആ അതിശുദ്ധതയെ താനൊരു സനാതന ഹിന്ദുവാണെന്ന് ഉരുവിട്ടിരുന്ന മനുഷ്യനെ ഹിന്ദുത്വത്തിന്റെ പേരില്‍ കൊന്നുതള്ളിയ ഗോഡ്‌സെ ഇന്ന് വാഴ്ത്തപ്പെട്ടവനാകുന്നു. അയാള്‍ ധീരദേശാഭിമാനിയാവുന്നു. അയാളുടെ പ്രതിമകളും അയാളുടേതായ അമ്പലങ്ങളും പണിയുന്നു. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിക്കരുതെന്ന് ആക്രോശിക്കുന്നു. ഗാന്ധിജിയെ വധിച്ചതുകൊണ്ട് ഗോഡ്‌സേ ആരാധിക്കപ്പെടേണ്ട വ്യക്തിയാണെന്ന് പ്രഖ്യാപിക്കുന്ന ഭീകരാക്രമണകേസിലെ പ്രതി പ്രഗ്യാന്‍സിങ് ഠാക്കൂറുമാരുടേതാണ് ഇന്നത്തെ ഇന്ത്യ. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷിക വേളയില്‍ ഇന്ത്യ ആസുരതകളുടെയും അസഹിഷ്ണുതയുടെയും പട്ടിണിയുടെയും തൊഴില്‍ രാഹിത്യത്തിന്റെയും ഇന്ത്യയായി മാറിക്കഴിഞ്ഞു. മഹാത്മാവില്‍ നിന്ന് മോഡിയിലേക്കുള്ള ദൂരം വിവരണാതീതമാണ്.