ഡോ ജിപ്‌സൺ വി പോൾ
1950 ജനുവരി 26 നു നിലവില്‍ വന്ന ഇന്ത്യയിലെ പരമോന്നത നിയമ സംഹിതയായ ഭരണഘടനയുടെ ആമുഖത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. നമ്മള്‍, ഇന്ത്യന്‍ ജനത, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിരസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്യം, പദവി, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സഹോദരത്വം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടന നിര്‍മ്മാണസഭയില്‍ വച്ച്, 1949 നവംബര്‍ 26-ാം തീയതി, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. മതേതരത്വം (സെക്കുലര്‍) സമത്വം (സോഷ്യലിസം) എന്നീ വാക്കുകള്‍ 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടതെങ്കിലും ഇന്ത്യന്‍ ഭരണഘടന എല്ലായ്പ്പോഴും മതേതര-സമത്വ ചിന്താഗതിയുടെ പ്രതിഫലനം ആയിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളില്‍ മൗലിക അവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതിനു സാധാരണമായ സന്ദര്‍ഭങ്ങളില്‍ അല്ലാതെ ഈ മൗലിക അവകാശങ്ങളെ നിക്ഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ല എന്നു ഭരണഘടന സുവ്യക്തമാക്കുന്നു. മൗലിക അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടാല്‍ ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം നീതിന്യായ വ്യവസ്ഥിതിപ്രകാരം അവയുടെ പരിരക്ഷയും ഭരണഘടന ഉറപ്പ് നല്‍കുന്നു. 2019 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിന്റെ രണ്ടാമൂഴം ആരംഭിച്ച നരേന്ദ്രമോഡി തന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനയെ ചുംബിച്ചുകൊണ്ട് തുടക്കം കുറിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ വാക്കുകള്‍ ഇന്ന് സത്യമായി സംഭവിച്ചിരിക്കുന്നു. മരിച്ചവര്‍ക്ക് നല്‍കുന്ന അന്ത്യചുബനത്തോടാണ് മോഡിയുടെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ ഉപമിച്ചത് അതെ അതു തന്നെ സംഭവിച്ചിരിക്കുന്നു. അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കി സംസ്ഥാന പദവി ഉണ്ടായിരുന്ന കശ്മീരിനെ വിഭജിച്ചുകൊണ്ട് ശിഥിലീകരണത്തിന്റെ രാഷ്ട്രിയമാണ് തങ്ങള്‍ക്ക് നന്നായി വഴങ്ങുക എന്ന് നരേന്ദ്രമോഡി ‑അമിത്ഷാ കൂട്ടുകെട്ട് തെളിയിച്ചു. 2019 ഡിസംബര്‍ 11 -ാം തീയതി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിക്കുകയും 12-ാം തീയതി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടുകൂടി നിയമമായി മാറുകയും ചെയ്ത പൗരത്വ നിയമഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അത്മാവിനെ ചോര്‍ത്തികളയുന്ന ഒന്നാണ്.
ലോകത്തിനു മുന്‍പില്‍ ഇന്ത്യ കാഴ്ചവച്ച മതേതര ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ നിരാകരിക്കുന്നതാണ് ഈ നിയമം. ഒറ്റക്കല്‍ ശില്‍പ്പംപോലെ നിര്‍മ്മിതമായ യുറോപ്യന്‍ ദേശീയതയില്‍ നിന്ന് വിഭിന്നമായി വൈവിധ്യങ്ങളുടെ വലിയൊരു കൂട്ടത്തെ ഇന്ത്യന്‍ മതേതര-ജനാധിപത്യ മൂല്യങ്ങളുടെ പ്രഭാവലയത്താല്‍ കുട്ടിയിണക്കി നിര്‍ത്തുന്ന ഇന്ത്യന്‍ ദേശീയതയുടെ കടയ്ക്കല്‍ കത്തിവയ്ക്കലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേതഗതി ബില്ല് എന്നത് അതര്‍ക്കിതമാണ്. അധിനിവേശ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തോട് ചേര്‍ന്ന് ഫാസിസ്റ്റ് രീതികളും കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചുകൊണ്ട് ഹിറ്റ്ലര്‍ സ്വപ്നം കണ്ട ഏകധ്രുവ രാഷ്ട്ര നിര്‍മ്മിതിക്കാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഭേദഗതി ചെയ്യപ്പെട്ട പൗരത്വബില്ലില്‍ മുസ്‍ലിം വിരുദ്ധത തിരുകി കയറ്റിക്കൊണ്ട് ഒരു തീവ്രഹിന്ദു ദേശീയതയെ സൃഷ്ടിച്ചെടുക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. 1955 ലെ പൗരത്വ നിയമത്തില്‍ അപരിഷ്കൃതമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നു മുന്‍പ് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം. മുന്‍പ് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമെ പൗരത്വത്തിന് അര്‍ഹത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ഭേദഗതി പ്രകാരം ഇത് അഞ്ച് വര്‍ഷമായി ചുരുക്കി. എന്നാല്‍ നിയമത്തില്‍ ഇസ‍്‍ലാം മതവിശ്വാസികള്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസവും വേര്‍തിരിവും. ഭരണഘടനയുടെ 6-ാം ഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അസം, മേഘാലയാ മിസോറാം, ത്രിപുര ഗോത്ര മേഖലകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. മിസോറാം, നാഗാലാന്റ്, അരുണാചല്‍ തുടങ്ങിയ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള സംസ്ഥാനങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. പുതുതായി മണിപ്പുരിനേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇനിമുതല്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് മണിപ്പൂരില്‍ പ്രവേശിക്കണമെങ്കില്‍ പോലും വിസയ്ക്ക് സമാനമായ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സ്വന്തമാക്കേണ്ടിയിരിക്കുന്നു. മണിപ്പുരിന്റെ ആദ്യ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് സ്വന്തമാക്കി അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചെയ്ത ബിജെപി സംഘടനാ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവനയിലൂടെ ആ പാര്‍ട്ടിയുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്.
വംശഹത്യയുടെ പത്തു ലക്ഷണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ‘ജെനോസയിഡ് വാച്ച്’ എന്ന സംഘടനയുടെ സ്ഥാപകനായ ഗ്രിഗറി സ്റ്റാന്റണ്‍ അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ പ്രഭാഷണം ഇന്ത്യന്‍ സാഹചര്യത്തില്‍ വായിക്കപ്പെടേണ്ടതാണ്. അദ്ദേഹം പറയുന്നു ഇതിന്റെ ആദ്യമായി എന്നത് നിങ്ങളും ഞങ്ങളും എന്ന വേര്‍തിരിവാണ് രണ്ടാമതായി ഇരയെ അന്യവല്‍ക്കരിക്കുക എന്നതാണ്. മുന്നാമതായി മതം, വര്‍ഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനപരമായ പെരുമാറ്റം. അടുത്ത പടിയായി രാഷ്ട്രീയ അവകാശങ്ങളും മനുഷ്യാവകാശങ്ങളും നിക്ഷേധിച്ചുകൊണ്ട് മൃഗതുല്യമായ ജീവിതത്തിലേക്ക് തള്ളിയിടുക. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ആളുകള്‍ കരുതല്‍ തടങ്കലില്‍ അനുഭവിക്കുന്നത് ഇതാണ്. വംശഹത്യക്കായി ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം കശ്മീരിലും അസാമിലും നടപ്പിലാക്കിയതും ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പൗരത്വബില്ലും ഇതിലേക്കുള്ള വഴികളാണ്. പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് എത്തുമ്പോള്‍ കൂട്ടത്തില്‍ തുറന്നുവിട്ട ഭൂതത്തിലേക്കാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാനായുള്ള ആദ്യശ്രമം നടത്തിയത് 1951 ല്‍ ആണ്. ആ വര്‍ഷത്തെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ശ്രമിച്ച രജിസ്റ്റര്‍ അപൂര്‍ണ്ണവും തെറ്റുകുറ്റങ്ങള്‍ നിറഞ്ഞതുമായിരുന്നു. പിന്നിട് ഇതിനുള്ള കാര്യമായ ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ നിലവിലുള്ള ഏക സംസ്ഥാനം അസാമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടയേറ്റക്കാര്‍ അനധികൃതമായി വോട്ടു ചെയ്യുന്നു എന്നുള്ള അക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപീകരിച്ചത്. 1971 മാര്‍ച്ച് 24 നു ശേഷം തങ്ങള്‍ അസാമിലെ സ്ഥിര താമസക്കാര്‍ ആണെന്നു തെളിയിക്കുന്നവര്‍ക്ക് മാത്രമെ പൗരത്വ രജിസ്റ്ററില്‍ ഇടം ഉള്ളൂ. ഇല്ലാത്തവര്‍ എല്ലാം (ഡിവോട്ടര്‍) സംശയാലുവായ വോട്ടര്‍ എന്ന പട്ടികയിലേക്ക് മാറ്റുന്നു. എന്നാല്‍ പുതുതായി നടപ്പിലാക്കിയ അസാം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഇവരെ ഡിറ്റന്ഷന്‍സെന്ററിലേക്കോ ജയിലിലേക്കോ അയയ്ക്കും. അസാം പൗരത്വ രജിസ്റ്ററിന്റെ കരടുപട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാതെ പോയവരില്‍ മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ കുടുംബാംഗളുമുണ്ട്. നിലവിലെ അസാം നിയമസഭയിലെ അംഗങ്ങളായ രാമകാന്ത് ദിയോറി, അനന്തകുമാര്‍ അടക്കമുള്ളവര്‍ പട്ടികക്ക് പുറത്താണ്.
2019 ല്‍ പ്രസിദ്ധീകരിച്ച അസാം പൗരത്വ പട്ടിക പ്രകാരം 19 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായി. അവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ ആണെന്നത് ബിജെപിയെ സമ്മര്‍ദ്ദത്തില്‍ ആക്കി. അതിനാല്‍ തന്നെ ഹിന്ദുക്കളെ ഉള്‍പെടുത്താനും മുസ്‍ലീം വിഭാഗത്തെ ഒഴിവാക്കുന്ന ഭേദഗതി പൗരത്വബില്ലില്‍ അവതരിപ്പിച്ചത്. വംശീയത അളവ്കോലാക്കി ദേശീയത അളക്കുന്ന ഏത് നാട്ടിലും ഒരു വിഭാഗം വിദേശികളായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. രോഹിങ്ക്യന്‍ മുസ്‍ലിങ്ങള്‍ മ്യാന്‍മറില്‍ വേട്ടയാടപെടുന്നതിന് സമാനമായ അവസ്ഥയിലേക്ക് അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കും 1983 ലെ നെല്ലി കൂട്ടക്കൊലയുടെ ചരിത്രം പരിശോധിച്ചാല്‍ വംശീയ വിദ്വേഷത്താല്‍ കെട്ടിപ്പടുത്ത ദേശീയതയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്ന് കാണാനാകും. ബംഗാളി ഭാഷ സംസാരിക്കുന്ന 3000 ത്തോളം മുസ്‍ലിങ്ങളാണ് അന്ന് ഇരകളായത്. പൗരത്വ രജിസ്റ്ററിന് അടിസ്ഥാനമാക്കുമെന്ന് പറയപ്പെടുന്ന ദേശീയ ജനസംഖ്യ രജിസ്റ്റര്‍ 2010 ല്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 2010 ല്‍ ഇല്ലാത്തതും എന്നാല്‍ 2020 ഉള്ളതുമായ ചില ചോദ്യങ്ങള്‍ ആശങ്ക ഏറുന്നതുമാണ്. ഉദാഹരണമായി അച്ഛന്റെയും അമ്മയുടെയും ജന്മസ്ഥലം ഇപ്പോള്‍ താമസിക്കുന്നിടത്ത് സ്ഥിര താമസമാക്കിയിട്ട് എത്ര കാലമായി. അതോടൊപ്പമുള്ള കോളങ്ങളില്‍ മുന്‍പില്ലാത്തവിധം ആധാര്‍നമ്പര്‍, മൊബൈല്‍ നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയ ചോദ്യങ്ങളും സംശയാസ്പദമാണ്. ജനസംഖ്യ കണക്കെടുപ്പ് പൗരത്വ രജിസ്റ്ററിലേക്കുള്ള വഴിയാണെന്ന് അര്‍ഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റ് ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിക്ഷേധങ്ങളെ ചോരയില്‍മുക്കിക്കൊല്ലുന്ന സമീപനമാണ് മോഡിസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്‍തുടരുന്നത്.
മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഇതുവരെ 25 ല്‍പരം ആളുകള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്, സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകളെ ജയിലില്‍ അടയ്ക്കുകയും സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള ഫാസിസ്റ്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. രാജ്യം സാമ്പത്തിക തകര്‍ച്ചയിലാണ്. ഏഷ്യന്‍ ഡവലപ്പ്മെന്റ് ബാങ്കിന്റെ 2019 ലെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ബംഗ്ലാദേശിനേക്കാള്‍ പിന്നിലാണ് ഇന്ത്യ. ഇതിനെയെല്ലാം മൂടിവെയ്ക്കാനും ഈ പ്രശ്നങ്ങളെ മോഡി ഗവണ്‍മെന്റ് സമര്‍ദ്ധമായി ഉപയോഗിക്കുന്നുണ്ട്. ഈ നിയമം ദേശീയ സുരക്ഷക്ക് ഉണ്ടാക്കുന്ന അപകടങ്ങളും ഏറെയാണ്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ വിദേശരാഷ്ട്രങ്ങള്‍ ചാരപ്രവര്‍ത്തനത്തിനു ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ മുന്നറിയിപ്പ് നല്‍കുന്നു. ജനാധിപത്യ- മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് ഭാരതജനത എന്നതിന്റെ തെളിവാണ് സ്വാതന്ത്രാനന്തര ഇന്ത്യകണ്ട സമാനതകളില്ലാത്ത ഈ ചെറുത്തുനില്‍പ്പ് . യുവത്വം തെരുവുകളിലേക്ക് ഒഴുകുകയാണ്. ഇത് ആര്‍എസ്എസിനും ബിജെപിക്കും ഉള്ള താക്കീതാണ്. കനയ്യകുമാറിന്റെ അസാദി മുദ്രവാക്യമാണ് ഇന്നും ഇന്ത്യന്‍ കലാലയങ്ങളിലും തെരുവുകളിലും മുഴങ്ങിക്കേള്‍ക്കുന്നത്. നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ആയാല്‍ ഞങ്ങള്‍ ഭഗത്‍സിങിന്റെ പട്ടാളമാക്കും എന്ന കനയ്യകുമാറിന്റെ പ്രസ്താവന ഇന്ത്യന്‍ യുവത്വം ഇരുകരങ്ങളും നീട്ടി ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരിക്കുന്നു. കേരളമാകട്ടെ ഭരണ- പ്രതിപക്ഷങ്ങളെ ഒന്നിച്ചണിനിര്‍ത്തികൊണ്ട് ഇന്ത്യക്കാകമാനം ഒരു പുതിയ മാതൃകയെ പകര്‍ന്ന് നല്‍കി. പൗരത്വബില്‍ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന നയത്തില്‍ ഉറച്ചു നിന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങളേയും ആ വഴിയിലേക്ക് ആനയിക്കാനും കേരളത്തിന് കഴിഞ്ഞു എന്നുള്ളത് നമ്മുടെ നവോത്ഥാന മൂല്യങ്ങള്‍ക്ക് ലഭിച്ച വലിയ സ്വീകാര്യതെയെയാണ് കാണിക്കുന്നത്.
English summary: Distance from secular India to Hindu India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.