24 April 2024, Wednesday

ബന്ധങ്ങൾക്ക് വ്യതിചലനമോ…?

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
ഉള്‍ക്കാഴ്ച
January 26, 2022 4:31 am

കേരളം പരമ്പരാഗതമായി കുടുംബങ്ങളെ ദിവ്യമായി കണ്ടിരുന്ന ഒരവസ്ഥയാണുണ്ടായിരുന്നത്. തീർച്ചയായും ഇതിൽ വലിയൊരു അളവ് നമ്മുടെ മാതാക്കളുടെയും സഹോദരിമാരുടെയും സഹനവും സ്വയംനിഷേധവും ഉണ്ടായിരുന്നു. പൊതു സാമൂഹിക തലത്തിൽ അത്ര ആരോഗ്യകരമല്ലാത്ത ബന്ധങ്ങള്‍ നിലനിന്നിരുന്ന ഒരു നാടുമാണിത്. ഒരുകാലത്ത് ഭൂമിയുടെ ഉടമസ്ഥരായിരുന്നവർ ദൈവങ്ങളുടെ പേരിൽ അടിമകളും ഭൂരഹിത തൊഴിലാളികളുമായി മാറിയ ചരിത്രം നമുക്കറിയാം. വിപ്ലവ‑വിമോചന പ്രസ്ഥാനങ്ങളിലൂടെ വളരെ അധികം മാറ്റം ഉണ്ടായി എങ്കിലും പൂർണമായ തുല്യതാഭാവം ഇപ്പോഴും അകലെയാണ്. തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉച്ചനീചത്വം കൊടികുത്തി വാഴുകയും ബന്ധങ്ങൾ മലീമസമാവുകയും ചെയ്തത് തികച്ചും പഴയകഥ മാത്രമല്ല. ഭൂഉടമയും അധ്വാനിക്കുന്നവരും തമ്മിലുള്ള ബന്ധം ഇപ്പോഴും നീതിപൂർവം ആയിട്ടില്ല. ഇതിനിടയ്ക്ക് കടന്നുവന്ന ഔദ്യോഗിക തൊഴിൽ മേഖലയിലെ വിവേചനത്തിന്റെ കാര്യത്തിൽ പൂർണമായ പരിഹാരമായി എന്നും പറയാൻ കഴിയില്ല. പ്രവർത്തിക്കുന്ന ലാവണത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യർക്കിടയിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ട്. ചില സ്വകാര്യ സ്ഥാപനങ്ങളിൽ എന്നാൽ ഉയർച്ചതാഴ്ചകൾക്കതീതമായി ഒരേ വസ്ത്രധാരണവും, ഒന്നിച്ച് ഒരിടത്തിരുന്നുള്ള ഭക്ഷണവും ഒറ്റപ്പെട്ട അനുഭവമാണ്.

 


ഇതുകൂടി വായിക്കൂ: ദൈവങ്ങള്‍ കൂടുതുറന്ന് പുറത്തേക്ക്!


ഇത്രയും പറത്തത് അടുത്ത കാലത്തെ നമ്മുടെ വാർത്തകളിൽ ഇടംപിടിക്കുന്ന ബന്ധങ്ങളിലെ വ്യതിചലനം കണ്ടതുകൊണ്ടാണ്. ബന്ധങ്ങളെ സംബന്ധിച്ച് തത്വശാസ്ത്രപരവും ധാർമ്മികവും പ്രായോഗികവും ഒക്കെ ആയ ധാരാളം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അതാതു കാലങ്ങളിൽ പരിഷ്കരണത്തിനും പുതുക്കത്തിനും വിധേയമായിട്ടുമുണ്ട്. ഒരുപക്ഷെ ക്രമീകൃതമായ വിവരണം യവന തത്വചിന്തയുടെ സംഭാവനയാണ് എന്ന് പറയാം. ഒന്ന് മറ്റൊന്നിനോട് എങ്ങനെ എല്ലാം ഏതെല്ലാം അടിസ്ഥാനത്തിൽ പാരസ്പര്യം പുലർത്തുന്നു എന്നതാണ് ചോദ്യം. പ്രാഥമികമായി ദൂരപരം, കാരണ-ഫലപരം, സാമ്യ‑വ്യത്യസ്തതാപരം, ഒക്കെ ആയ മാനദണ്ഡങ്ങളാണ് ബന്ധങ്ങളെ വിലയിരുത്താൻ ഉപയോഗിച്ചിരുന്നത്. ഈ കുറിപ്പിൽ പരിഗണിക്കപ്പെടുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങൾ മാത്രമാണ്. എന്റെ വിലയിരുത്തലിൽ രണ്ട് വിധം ബന്ധങ്ങളാണ് നമുക്കിടയിൽ കാണാൻ കഴിയുന്നത്. ഒന്നാമത്തേത് സ്വാഭാവികവും രണ്ടാമത്തേത് സാഹചര്യപരവും. മാതാവും മക്കളും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. രണ്ടാമത്തേത് വി­വാഹബന്ധം പോലെയൊ ഒന്നിച്ച് പ്രവർത്തിക്കുന്നവർ തമ്മിലുള്ള ബന്ധം പോലെയോ ഉള്ളതാണ്. സാഹചര്യപരം ചിലപ്പോൾ സ്വാഭാവികപരതയിലേക്ക് പരിവർത്തനപ്പെടാം, ഒരു സൗഹൃദമോ കൂടിയാലോചനയോ വിവാഹബന്ധത്തിലേക്ക് എത്തുന്നതുപോലെ. എന്നാൽ ഇത് തിരിച്ച് ഒരു മോചനത്തിലൂടെ സാഹചര്യപരവും ആകാവുന്നതാണ്.

എന്നാൽ മുൻപ് പറഞ്ഞതുപോലെ അടുത്തകാലത്തെ വാർത്തകളിൽ കാണുന്നത് സ്വാഭാവിക ബന്ധത്തിന് പുതിയ നിർവചനം ലഭിക്കുന്നു എന്നതോടൊപ്പം സാഹചര്യപര ബന്ധം അപകടകരവും നാശകരവും ആകുന്നു എന്നുമാണ്. മരണപ്പെട്ട സഹോദരിയുടെ സ്വത്ത് മറ്റു മക്കൾക്ക് വിഭജിച്ച് ലഭിക്കാത്തതിന് സ്വന്തം മാതാവിനെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവം ആദ്യത്തേതിന് ഉദാഹരണമാണ്. അതുപോലെ ഒന്നിച്ച് പഠിക്കുന്നവരിൽ ഒരാൾ മറ്റൊരാളെ അരുംകൊല ചെയ്ത് തങ്ങളുടെ നിലപാട് സ്ഥാപിക്കാൻ ശ്രമിക്കുന്നത് രണ്ടാമത്തെ വിഭാഗത്തിലും പെടുത്താം. ഒന്നാമത്തെ വിഭാഗത്തിൽ ഇനിയുമുണ്ട് ഉദാഹരണങ്ങൾ വേണ്ടുവോളം.

 


ഇതുകൂടി വായിക്കൂ: കരുണയുടെ ‘കുവി’ക്ക് കരുതല്‍


മാതൃ-ശിശു ബന്ധം ജൈവവും സ്വാഭാവികവുമായിരിക്കുമ്പോൾ കാമുകന്റെ ആഭിമുഖ്യം നേടാൻ ഒരമ്മ പ്രസവിച്ച കുഞ്ഞിനെ മോഷ്ടിച്ച് അമ്മയായി അഭിനയിക്കാൻ മറ്റൊരുസ്ത്രീ മുതിർന്ന വാർത്തയും നാം കാണുകയും കേൾക്കുകയും ചെയ്തു. ഒന്നിച്ച് താമസിച്ചിരുന്ന സഹോദരിമാരിൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയിട്ട് ഒളിവിൽ പോയതും മറ്റൊരുദാഹരണമാണ്. ഇവിടെ വൈകാരികവും മാനസികവുമായ വ്യതിചലനം കാണാൻ കഴിയും. ഇതിനൊക്കെ മുകളിൽ ഗൗരവതരമായ ഒന്നാണ് ഭാര്യമാരെ പങ്കിടുന്നു എന്ന വാർത്ത. ഇതിൽ ഒരേസമയത്ത് സാമ്പത്തികവും അതേസമയം വൈകാരികവുമായ ഘടകങ്ങൾ ഉണ്ട്. സാഹചര്യപരമായ ബന്ധം വിവാഹം എന്ന സ്വാഭാവികതയിലേക്ക് പരിവർത്തനപ്പെട്ട് പുതി­യ സ്വാഭാവിക ബന്ധങ്ങൾക്ക് ആധാരമായി തീരേണ്ടപ്പോൾ പക്ഷെ ഏറ്റവും വഷളായ ഒരു ബ­ന്ധത്തിലേക്ക് വഴുതിപ്പോകുന്നു എന്ന അതീവ ജുഗുപ്സാവഹമായ അവസ്ഥയാണുണ്ടാകുന്നത്. തീരെ സഹിക്കാൻ വയ്യാതായപ്പോഴാണ് ഒരു വനിത പൊലീസിനെ അറിയിച്ചുകൊണ്ട് പ്രതികരിക്കാൻ തയാറായത്. ഇത് ആ വനിതയുടെ മാത്രമല്ല സമാനാവസ്ഥയിലുള്ള അനേകരുടെ വിമോചനത്തിന് കാരണമാകും.

ബന്ധങ്ങൾ, അത് സ്വാഭാവികമായാലും സാഹചര്യപരമായാലും വിമോചനാത്മകവും സംവാദാത്മകവും സൃഷ്ടിപരവും ആയിരിക്കണം. ഒരാൾ മറ്റൊരാളെ എങ്ങനെ മനസിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതും നിലനില്ത്തുന്നതും വളരുന്നതും. മാതാവും മക്കളും എന്നത് സ്വാഭാവിക ബന്ധമാണ്. അത് സൃഷ്ടിക്കപ്പെടുന്നതല്ല, നിലനിൽക്കുന്നതും വളരുന്നതുമാണ്. അതോടൊപ്പം സാഹചര്യ സൃഷ്ടികളായ ബന്ധങ്ങളും പരസ്പരാന്വേഷണത്തിന്റെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിൽ നിലനിൽക്കുകയും വളരുകയും ചെ­യ്യേണ്ടതാണ്. ഈ നിലനിൽപ്പും വളർച്ചയും ബ­ന്ധത്തിലുള്ള ഘടകങ്ങളുടെ വിമോചനാത്മകത ഉറപ്പാക്കണം. വിമോചനം ബന്ധത്തിലല്ല ബന്ധത്തിന്റെ സ്വഭാവത്തിലാണുണ്ടാകേണ്ടത്. ഈ പുതുമേഖലകൾ സമൂഹത്തിന്റെ പുതുക്കത്തെ സ്വാധീനിക്കും. ഇത് നമുക്കിടയിൽ സംഭവിച്ചിട്ടുണ്ട്. മുൻപ് പറഞ്ഞതുപോലെ കുടുംബങ്ങളുടെ സമാധാനവും നിലനിൽപ്പും വലിയൊരളവുവരെ സ്ത്രീകളുടെ സഹനത്തിലും സ്വയം നിഷേധിക്കലിലും ആയിരുന്നു. അവർക്ക് ലഭിച്ച വിദ്യാഭ്യാസവും, തൊഴിൽ സാധ്യതയും കൊണ്ട് അത് പരിവർത്തനപ്പെട്ട് അവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്താനും അത് മറ്റുള്ളവർ അംഗീകരിക്കുന്നു എന്ന സാഹചര്യം സൃഷ്ടിക്കപ്പെടാനും ഇടയായിട്ടുണ്ട്. പ്രധാനമായും സ്ത്രീയുടെ തങ്ങളെക്കുറിച്ചുള്ള ബലഹീനതാഭാവം വലിയൊരളവുവരെ തിരുത്തപ്പെട്ടിട്ടുണ്ട്. ഇത് തുടരേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ: ആധിപത്യം പുലര്‍ത്തുന്ന വിശ്വാസധാരകളെ ചോദ്യം ചെയ്യാതെ സ്ത്രീസുരക്ഷ അസാധ്യം


ചില സിനിമകളിലെ സംഭാഷണത്തിൽ കേൾക്കുന്ന, “എന്തൊക്കെ ആയാലും നീ ഒരു പെണ്ണാണ്” എന്ന പ്രയോഗം ഇപ്പോഴും പൂർണമായി നമുക്കിടയിൽ നിന്നും അപ്രത്യക്ഷമായിട്ടില്ല എങ്കിലും കാര്യങ്ങൾ മുൻപിലത്തേക്കാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ. സിനിമാ മേഖലയിൽതന്നെ ഇപ്പോൾ നടക്കുന്ന സംവാദങ്ങളും ഡബ്ല്യുസിസിയും ഈ വളർച്ചയുടെ ഉദാഹരണങ്ങളാണ്. ഇക്കാര്യത്തിൽ സമൂഹം ഇനിയും കൂടുതൽ അഭ്യസ്തമാകുന്നതോടൊപ്പം സ്ത്രീയുടെ ധാരണയും പരിവർത്തനപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള പരിവർത്തനം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലും, തൊഴിൽ മേഖലയിലും മറ്റിടങ്ങളിലും തീർച്ചയായും ഉണ്ടായിട്ടുണ്ട്. ഇത് ഇനിയും കാതങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനിടയിലാണ് പിന്നോട്ട് നയിക്കുന്ന പ്രവണതകൾ രംഗപ്രവേശം ചെയ്യുന്നത്. ഇവ തുടക്കത്തിലേ തിരുത്തപ്പെടേണ്ടവയാണ്.

ഈ തിരുത്തൽ മൂന്ന് തലങ്ങളിലായി ലഭിക്കുന്ന പ്രചോദനത്താലും ബോധവൽക്കരണത്താലും ഉണ്ടാകേണ്ടതാണ്. ഒന്നാമത് കുടുംബത്തിലും രണ്ടാമത് പാഠശാലയിലും മൂന്നാമത് സമൂഹത്തിന്റെ പൊതു ഇടങ്ങളിലും പ്രകൃതിയിലും നടക്കേണ്ടതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഞാൻ കാണുന്നത് കുടുംബങ്ങളിലാണ്. ഒരു കുട്ടിയുടെ തലയിലെ തന്തുക്കൾ ധാരണകൾ രൂപപ്പെടുത്തുന്ന വളർച്ചയുടെ ആദ്യ വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അവിടെ ഉണ്ടാകുന്ന ധാരണകൾ മനസിന്റെ അടിത്തട്ടിൽ രൂഢമൂലമാകാൻ സാധ്യതയുണ്ട്. ഉണ്ടാകേണ്ട ധാരണയിൽ ഏറ്റവും പ്രധാനപ്പെട്ടത്, സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ളതാണ്. അതോടൊപ്പം മറ്റുള്ളവരോടുള്ള സമീപനത്തിൽ നിലനിർത്തേണ്ട ഉത്തരവാദിത്തബോധവും ആദരണീയതയും തുറന്ന സമീപന സ്വഭാവവും ഭാവിയിൽ നിർണായകമാവുന്നവയാണ്. അതിന് കുടുംബത്തിൽ തന്നെ സംവാദാത്മകമായ ഒരു അന്തരീക്ഷം ഉണ്ടാകണം. ശുദ്ധമായ ധാരണകളെക്കുറിച്ച് ആശയവിനിമയം നടത്തുന്നതോടൊപ്പം സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ബന്ധങ്ങളിലെ ശുദ്ധ ഭാവങ്ങളെക്കുറിച്ചും ബന്ധങ്ങളിലെ തിരുത്തലുകളെക്കുറിച്ചും ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് സംവദിക്കാൻ അവസരമുണ്ടാകണം. ശുദ്ധമായ ധാരണകൾ സൃഷ്ടിക്കപ്പെടേണ്ടിടത്ത് കുട്ടികളിൽ ബുദ്ധിമുട്ടുകൾ കാണപ്പെട്ടാൽ അവിടെത്തന്നെ ആഭ്യന്തരമായോ അഥവാ ബാഹ്യമായോ തിരുത്തൽ പ്രക്രിയക്കുള്ള സാഹചര്യവും ഉണ്ടാകണം. ജനിക്കുമ്പോൾ ഏതെങ്കിലും ശരീരാവയവത്തിന് വൈകല്യമുള്ളപക്ഷം പരിഹാരത്തിന് വൈദ്യ സഹായം തേടുന്നതുപോലെ, ധാരണകളിലെ പോരായ്മകൾക്കും പരിഹാരം തേടേണ്ടതാണ്. ശാരീരികപോരായ്മ ഉണ്ടായാൽ പോലും മാനസികവും വൈകാരികവും, ധാരണാപരവുമായ പക്വതയുള്ള വ്യക്തികളെയാണ് സമൂഹത്തിനാവശ്യം.

 


ഇതുകൂടി വായിക്കൂ: സിനിമയിലെ കറുപ്പും വെളുപ്പും


പാഠശാലകളിൽ നിർദ്ദിഷ്ട വിഷയങ്ങളോടൊപ്പം അതാത് സന്ദർഭങ്ങളിൽ ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ടതുമായ സംഭവങ്ങളും ചർച്ചാ വിഷയമാകേണ്ടതും വ്യക്തമായ ധാരണകൾ രൂപപ്പെടാൻ സാഹചര്യം ഒരുക്കേണ്ടതുമാണ്. ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഈ ദിശയിലെ നല്ലൊരു കാൽവയ്പ്പാണ്. അതോടനുബന്ധിച്ചുണ്ടായ പെൺകുട്ടികളുടെ ആഹ്ലാദപ്രകടനം അവരുടെ വിമോചന പ്രഖ്യാപനമായിട്ടാണ് ഞാൻ കാന്നുന്നത്. ഇത് തന്നെയാണ് പൊതു സമൂഹത്തിലും നടക്കേണ്ടത്.

ബന്ധങ്ങളുടെ മേഖലയിൽ ഉണ്ടാകുന്ന വ്യതിചലനങ്ങളെ പൊതുസമൂഹം മതത്തിന്റെയും വർഗത്തിന്റെയും സമ്പത്തിന്റെയും കണ്ണിലൂടെ അല്ലാതെ കാണുകയും തിരുത്തേണ്ടവയെ സമൂഹം ഒറ്റക്കെട്ടായി ഉറച്ച ശബ്ദത്തിൽ തന്നെ തിരുത്തുകയും വേണം. അതോടൊപ്പം അഭികാമ്യമായവയെ പ്രോത്സാഹിപ്പിക്കാനും കഴിയണം. 2018 ലെ പ്രളയ നാളുകളിൽ അനേകം ആളുകൾ നിർവഹിച്ച സേവന തല്പരത പോലുള്ള ഉദാഹരണങ്ങൾ നിരന്തരമായ പരാമർശനത്തിന് വിധേയമാകണം. ഇതോടൊപ്പം സാംസ്കാരിക സമൂഹങ്ങൾ, പ്രത്യേകിച്ചും മതങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. മതങ്ങൾ അവരുടെ തത്വങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം മാനുഷിക ഭാവങ്ങളെക്കൂടെ പ്രാധാന്യത്തോടെ പഠിപ്പിക്കാൻ തയാറാകണം.

അത്യന്തികമായി മനുഷ്യനാണ്, മനുഷ്യബന്ധങ്ങളാണ് പ്രധാനം, മനുഷ്യബന്ധങ്ങളിലാണ് ആത്മീയതയുടെ ഉള്ളടക്കം, ഈ ബന്ധങ്ങളിലാണ് ദൈവത്തിന്റെ നിലനിൽപ്പ് എന്ന് ചെറുപ്രായത്തിലേ കുട്ടികൾ അറിയണം. നമുക്ക് പിന്നോട്ട് പോകാൻ കഴിയില്ല, മുന്നോട്ട് തന്നെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. മനുഷ്യസമൂഹം നിരന്തരമായി പ്രായപക്വത നേടേണ്ടതുണ്ട്. ഇപ്പോൾ നമുക്കായി സമുദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന 2022 എന്ന പുതുവർഷം ഈ ദിശയിൽ കാതങ്ങൾ മുന്നോട്ട് പോകാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാകട്ടെ; നമ്മുടെ ബന്ധങ്ങൾ കൂടുതൽ വിമോചിതരൂപം നേടട്ടെ, ബന്ധങ്ങളിലെ പ്രതിലോമത ഇല്ലാതാകട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.