ജെ എൻ യു വിദ്യാർത്ഥികളെ രാജദ്രോഹികളെന്ന് വിധിച്ച ജില്ലാ ജഡ്ജിയെ കേന്ദ്ര നിയമ സെക്രട്ടറിയാക്കി

Web Desk

ദില്ലി

Posted on October 16, 2019, 2:00 pm

ദില്ലിയിലെ കര്‍ക്കാര്‍ഡൂമ കോടതിയിലെ സിറ്റിംഗ് ജില്ലാ, സെഷന്‍സ് ജഡ്ജിയെ (നോര്‍ത്ത് ഈസ്റ്റ്) പുതിയ കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിച്ചു. ജെ എൻ യു വിദ്യാർത്ഥികളെ രാജദ്രോഹികളെന്ന് വിധി പ്രസ്താവിച്ച സിറ്റിംഗ് ജില്ലാ ജഡ്ജി അനൂപ് കുമാര്‍ മെന്‍ഡിറട്ടയെയാണ്  പുതിയ കേന്ദ്ര നിയമ സെക്രട്ടറിയായിനിയമിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതാദ്യമായാണ് സിറ്റിംഗ് ജഡ്ജിയെ നിയമ സെക്രട്ടറിയായി നിയമിക്കുന്നത്.

കര്‍ക്കാര്‍ഡൂമയില്‍ ജോലി ചെയ്യുന്നതിനുമുമ്പ് മെന്‍ഡിറട്ട 2019 മെയ് വരെ സാകേത് ജില്ലാ കോടതിയില്‍ കുടുംബ കോടതികളുടെ പ്രിന്‍സിപ്പല്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹം ദില്ലി സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി (നിയമം) സേവനമനുഷ്ഠിച്ചു.

നിയമകാര്യങ്ങളില്‍ മന്ത്രാലയങ്ങള്‍ക്ക് ഉപദേശം നല്‍കല്‍, ഹൈക്കോടതികളിലും സബോര്‍ഡിനേറ്റ് കോടതികളിലും ഇന്ത്യാ യൂണിയനുവേണ്ടി ഹാജരാകാനുള്ള ഉപദേശങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവ നിയമ സെക്രട്ടറിയുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. അറ്റോര്‍ണി ജനറല്‍, ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍, കേന്ദ്രത്തിലെ മറ്റ് നിയമ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉപദേശം നല്‍കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.