പാമ്പു കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: സ്കൂളും പരിസരവും പരിശോധന നടത്തി, ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയെന്ന് ജില്ലാ ജഡ്ജി

വയനാട്: പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയെന്ന് ജില്ലാ ജഡ്ജി എ. ഹാരിസ്. ബത്തേരി സര്‍വജന സ്കൂൾ ജില്ലാ ജഡ്ജി സന്ദർശിച്ചു. സംഭവം നടന്ന ക്ലാസ് റൂമിലും സ്കൂളിന്റെ മറ്റ് പരിസരങ്ങളിലും ജഡ്ജി പരിശോധന നടത്തി. ശോചനീയാവസ്ഥയാണെന്നും വീഴ്ചയുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ജഡ്ജി താക്കീത് നൽകി.
സംഭവത്തേക്കുറിച്ച് ഹൈക്കോടതി ജഡ്ജി തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിൻറെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് താൻ നേരിട്ടെത്തിയതെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്കൂളിൻറെ പ്രധാന അധ്യാപകനോട് യോഗത്തിന് നിർബന്ധമായും എത്തണമെന്നു നിർദേശിച്ചു.
അതേസമയം വയനാട് ബത്തേരിയില്‍ പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി.