കേരള കോണ്‍ഗ്രസിലെ രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനായി ഉന്നതനേതാക്കളുടെ യോഗം തന്‍റെ വസതിയില്‍ ചെയര്‍മാന്‍ പി ജെ ജോസഫ് വിളിച്ചു കൂട്ടിയിരുന്നു. എന്നാല്‍ പരസ്പരമുള്ള ആരോപണ‑പ്രത്യാരോപണങ്ങളില്‍ നിസ്സഹായനായി നില്‍ക്കേണ്ട അവസ്ഥയാണ് പി.ജെ ജോസഫിനുണ്ടായത്. ഒരു വശത്ത് മോന്‍സ്ജോസഫും, മറു വശത്ത്ഫ്രാന്‍സിസ് ജോര്‍ജ്ജും നിന്നാണ് കൊമ്പ് കോര്‍ത്തത്. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ജോണിനെല്ലൂര്‍,തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നീ മുതിര്‍ന്ന നേതാക്കളാണുള്ളത്. മോന്‍സ് ജോസഫും, ജോയ് ഏബ്രഹാമുമാണ് മറു വശത്തും. പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഭാരവാഹികളെ സൃഷ്ടിക്കുകയാണ് മോന്‍സും, ജോയ് ഏബ്രാഹാമും ചെയ്യുന്നതെന്ന പരാതിയാണ് മറ്റുള്ളവര്‍ക്ക്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാര്‍ഡ് തലത്തില്‍ നടത്താമെന്നു ചെയര്‍മാന്‍ പി ജെ ജോസഫ് അഭിപ്രായപ്പെട്ടതും, നിലവിലുള്ള എക്സിക്യുട്ടീവ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പദവി താല്‍ക്കാലികമാണെന്നു പറഞ്ഞതോടെ രംഗം തല്‍ക്കാലം ശാന്തമാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇരു കൂട്ടരും പരസ്പരം അകന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എന്തും സംഭവിക്കാവുന്ന തരത്തിലാണ് അകല്‍ച്ച ഉണ്ടായിരിക്കുന്നത്, ഇതിനിടയിലാണ് മറ്റൊരു നിര്‍ണ്ണായക യോഗം കൂടുന്നത്. കോട്ടയത്ത് ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിൽ വിഭാഗീയത മറനീക്കി പുറത്തുവരും എന്നാണ് സൂചനകൾ. ഇതോടെ കേരള കോൺഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാൻ കേരള കോൺഗ്രസ് എമ്മും തയ്യാറെടുത്ത് കഴിഞ്ഞു.
മാതൃസംഘടനയിലേക്ക് വരുന്നവരെ കയ്യൊഴിയില്ലെന്ന് ജോസ് കെ. മാണിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരള കോൺഗ്രസിൽ അസംതൃപ്തരായി നിൽക്കുന്നവർക്ക് കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ വഴിയൊരുങ്ങുന്നത്. ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് കേരള കോൺഗ്രസ് വിട്ടുവരുന്നവരെ അർഹമായ പരിഗണന നൽകി ഉൾക്കൊള്ളാം എന്ന തീരുമാനത്തിൽ കേരള കോൺഗ്രസ് എം എത്തിയത്. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തിൽ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് വിലയിരുത്തുന്ന വലിയൊരു വിഭാഗമാണ് ജോസ് വിഭാഗവുമായി നീക്കുപോക്കിന് ശ്രമിക്കുന്നത്. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും അറയ്ക്കൽ ബാലകൃഷ്ണപിള്ളയുമാണ് ജോസഫിനെക്കണ്ട് അതൃപ്തി പ്രകടിപ്പിച്ചത്. അതൃപ്തരായവരെ പൂർണമായും അംഗീകരിക്കാൻ മോൻസും ജോയ് എബ്രഹാമും തയാറല്ലെന്നാണ് വിവരം. ഇതോടെ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായേക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലാ പ്രസിഡൻറുമാരുടെ യോഗം കോട്ടയത്ത് ചേരുന്നത്.
പി ജെ ജോസഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കള്‍ കൂട്ടത്തോടെ കേരള കോൺഗ്രസ് എമ്മിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പി ജെ ജോസഫിനൊപ്പം നിൽക്കുന്ന പല നേതാക്കളും ജോസ് കെ മാണിയുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഈ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് യൂഡിഎഫിനെ കൂടുതല്‍ ദുര്‍ബലമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയവും തെരഞ്ഞെടുപ്പിന് ശേഷവും മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിൽ നടക്കുന്ന തർക്കങ്ങളുമാണ് ജോസഫിനൊപ്പം നിൽക്കുന്ന നേതാക്കളെ പാർട്ടി മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിലെ ഇടത് മുന്നണിയെ എതിർത്ത് പരാജയപ്പെടുത്താനുള്ള ശക്തി യുഡിഎഫിനില്ലെന്നും ഉടനൊന്നും ആ ശക്തി ആർജ്ജിക്കാൻ മുന്നണിക്ക് കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് നേതാക്കൾ ജോസ് കെ മാണിയുമായി ചർച്ച നടത്തിയത്. എന്നാൽ, തിരികെ എത്തുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
english summary; District Presidents’ Meeting of Kerala congress at kottaym
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.