19 April 2024, Friday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024

ഓണത്തിന് മുൻപ് കോൺഗ്രസിന് ജില്ലാ അധ്യക്ഷന്മാർ ; കെപിസിസി തീരുമാനം പാളി, ഭാരവാഹി പട്ടിക പുറത്തുവിട്ടത് സുധാകരന്റെ മരുമകൻ

Janayugom Webdesk
തിരുവനന്തപുരം
August 22, 2021 10:08 pm

ഓണത്തിന് മുൻപ് കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്ന കെപിസിസി നേതൃത്വത്തിന്റെ തീരുമാനം പാളി. ഹൈക്കമാൻഡിനുമേൽ സമ്മർദ്ദവും പരാതി പ്രളയവുമായി എ, ഐ ഗ്രൂപ്പു നേതാക്കൾ. ഇരു വിഭാഗത്തിലെയും നേതാക്കളെ അനുനയിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന് കോൺഗ്രസ് അധ്യക്ഷ ചുമതല നൽകി. എ, ഐ ഗ്രൂപ്പുകൾ നൽകിയ പട്ടിക പരിഗണിക്കാതെ ചർച്ചയില്ലെന്ന് ഗ്രൂപ്പു നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചതോടെ ഡിസിസി പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിർദ്ദേശാനുസരണം കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തയ്യാറാക്കിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാൻഡിന് നൽകിയിട്ട് 10 ദിവസം പിന്നിട്ടു. കേരളത്തിലെ ഔദ്യോഗിക നേതൃത്വം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ സമവായ ചർച്ചയിൽ ഗ്രൂപ്പു നേതാക്കൾ നൽകുന്ന പട്ടികയിൽ നിന്നും പൊതു സ്വീകാര്യതയുള്ളവരെ ഡിസിസി പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് ധാരണയായത്. എന്നാൽ പട്ടിക ഡൽഹിയിൽ എത്തിയതോടെ കീഴ്മേൽ മറിഞ്ഞു. ഇതോടെയാണ് കലാപക്കൊടി ഉയർത്തി ഇരു ഗ്രൂപ്പുനേതാക്കളും ഹൈക്കമാൻഡിനെ സമീപിച്ചത്.

ഗ്രൂപ്പ് നേതാക്കളും ഔദ്യോഗിക പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ വീണ്ടും മാറ്റംവരുത്തിയ ഭാരവാഹി പട്ടിക കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മരുമകൻ പുറത്തുവിട്ടു. കെ എസ് ബ്രിഗേഡെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഡിസിസി ഭാരവാഹിപ്പട്ടികയെന്ന പേരിലാണ് നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് കെ സുധാകരന്റെ മരുമകനാണെന്ന് നേതാക്കൾ തിരിച്ചറിയുകയും ചെയ്തു. ഇതോടെ ഇരുഗ്രൂപ്പുകളിലെയും എംഎൽഎമാരും എംപിമാരും കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ഹൈക്കമാൻഡിനെയും അതൃപ്തിയറിയിച്ചു. പട്ടിക ചോർന്നത് വൻ വിവാദമായതോടെ വാർത്ത നിഷേധിച്ച് കെപിസിസി പ്രസിഡന്റ് വാർത്താക്കുറിപ്പിറക്കി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണ്. അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞു.

കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാൾ കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയെന്നും കോട്ടയത്തു പരിഗണിക്കുന്നയാൾ ഉമ്മൻ ചാണ്ടിയുടെ അനുയായി ആണെന്നും ആരോപിച്ച് സേവ് കോൺഗ്രസ് ഫോറം പോസ്റ്ററുകൾ രണ്ടു ജില്ലകളിലും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. എല്ലാവരെയും തൃപ്തിപ്പെടുത്തി ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കാനാവില്ലെന്ന് കെ മുരളീധരൻ എംപിയും കഴിഞ്ഞ ദിവസം തുറന്നടിച്ചതോടെ ഡിസിസി പുനഃസംഘടന സംബന്ധിച്ച തർക്കം ഉറ്റുനോക്കുകയാണ് ഏവരും.

Eng­lish sum­ma­ry; Dis­trict pres­i­dents of the Con­gress before Onam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.