ഡിവോഴ്സ് മാട്രിമോണിയൽ; എർവിന്റെ കെണിയിൽപ്പെട്ടത് ഒൻപത് സ്ത്രീകൾ, ഇരകളെ കണ്ടെത്തുന്നത് ഇങ്ങനെ: ഇരകളിൽ ഭൂരിഭാഗവും ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകൾ

Web Desk
Posted on November 13, 2019, 2:24 pm

കൊച്ചി: ഡിവോഴ്സ് മാട്രിമോണിയലിന്റെ മറവിൽ വിവാഹവാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഇടുക്കി സ്വദേശി എർവിൻ അറസ്റ്റിൽ. ഒന്പത് സ്ത്രീകളാണ് എര്‍വിന്റെ കെണിയിൽ അകപ്പെട്ടത്.

തട്ടിപ്പിന് ഇരകളായവരിൽ ഭൂരിഭാഗവും ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ്. തൃപ്പൂണിത്തുറയിലെ ഒരു ഡോക്ടറും ഇയാളുടെ തട്ടിപ്പിനിരയായി. എർവിൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകളും പൊലീസിന് വിവരം നൽകിയിട്ടുണ്ട്.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് എർവിൻ. മാട്രിമോണിയലിൽ പല പേരുകളിലായി പേര് രജിസ്റ്റർ ചെയ്താണ് ഇയാൾ സ്ത്രീകളെ കുരുക്കിലാക്കുന്നത്. വിവാഹത്തിൽ താൽപര്യവുമായി എത്തുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാൻ ആവശ്യപ്പെടും.

തുടർന്ന്, വിവാഹം നടത്താൻ ഒരുക്കമാണെന്നും അടുത്ത ബന്ധുക്കൾ ഗൾഫിൽനിന്ന് നാട്ടിലെത്താൻ സാവകാശം വേണമെന്നും പറയും. പിന്നീട്, തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റർ ചെയ്തെടുക്കാൻ അൽപം സാമ്ബത്തികം ആവശ്യമുണ്ടെന്ന് സ്ത്രീകളെ ധരിപ്പിക്കും. ഇതോടെ, ഇവർ പണം നൽകാൻ തയ്യാറാകും. ചിലർ പണത്തിന് പകരം പണയം വെക്കാൻ സ്വർണാഭരണങ്ങളും നൽകി. പണം കൈയിലെത്തിയശേഷം ഇയാൾ മൊബൈൽഫോണും ഫേസ്ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീടാണ് പുതിയ ഇരയെ തേടും.