സാമ്പത്തിക പ്രതിസന്ധി ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കും

Web Desk
Posted on October 14, 2019, 10:30 pm

മുംബൈ: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയ തീരുമാനങ്ങള്‍ വ്യവസായ മേഖലയുടെ നട്ടെല്ലൊടിച്ചു. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി ദീപാവലിക്ക് പോലും കച്ചവടം ഇല്ലാത്ത അവസ്ഥയിലെത്തിച്ചാണ് ഡല്‍ഹിയിലെ വ്യാപാരികളും കച്ചവടക്കാര്‍പോലും പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ദീപാവലി കച്ചവടം ഇനി ഓര്‍മ്മ മാത്രമാകുമെന്നാണ് ഡല്‍ഹി കരോള്‍ ബാഗിലെ പഞ്ചാബ് ടെക്‌സ്‌റ്റൈല്‍സ് ഉടമ ജെ എച്ച് അറോറയുടെ ഭാഷ്യം. ജിഎസ് ടി നടപ്പാക്കിയശേഷം കച്ചവടത്തില്‍ 25 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ദീപാവലിയോട് അടുത്തുള്ള ദിവസങ്ങളില്‍ നടന്ന കച്ചവടത്തിന്റെ 30 ശതമാനം പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നാണ് അറോറ സാക്ഷ്യപ്പെടുത്തുന്നത്.

വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും സോപ്പ് പൊടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് 28 ശതമാനവുമാണ് ഇപ്പോഴത്തെ ജിഎസ് ടി നിരക്ക്. നികുതി നിരക്ക് വര്‍ധിച്ചതോടെ ജീന്‍സ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുടെ ഉല്‍പ്പാദന ചെലവ് ഗണ്യമായി ഉയര്‍ന്നു. ദീപാവലി, ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 67 ശതമാനത്തോളം വര്‍ധനയാണ് കഴിഞ്ഞ കാലങ്ങളില്‍ കച്ചവടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 50 ശതമാനത്തോളം കച്ചവടം കുറഞ്ഞതായി ചാന്ദിനി ചൗക്കിലെ വസ്ത്ര വ്യാപാരിയായ ഹര്‍വിന്ദര്‍ സിങ് പറയുന്നു. ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചെറുകിട വസ്ത്ര നിര്‍മ്മാണ കമ്പനികള്‍ക്ക് ഭീഷണിയാകുന്നു. ഡല്‍ഹിയിലെ നൂറുകണക്കിന് ചെറുകിട വസ്ത്ര നിര്‍മ്മാണ യൂണിറ്റുകള്‍ ഇതിനകം താഴിട്ടു. ആയിരങ്ങളുടെ ജീവനോപാധിയാണ് ഇതോടെ നഷ്ടമായതെന്നും ഹര്‍വിന്ദര്‍ സിങ് പറയുന്നു.

ചാന്ദിനി ചൗക്, സദര്‍ ബസാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കും തിളക്കമില്ലാത്ത ദീപാവലിയായിരിക്കും ഈ വര്‍ഷത്തേത്. ഇക്കുറി സന്തോഷമില്ലാത്ത ദീപാവലിയാണ് മോഡി സര്‍ക്കാര്‍ തങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്ന് ചാന്ദിനി ചൗക്കിലെ പലചരക്ക് വ്യാപാരിയായ മുകുള്‍ ഗുപ്ത പറയുന്നു. വന്‍കിട ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലുവരെയുള്ള തീയതികളില്‍ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് എന്നീ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ 19,000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ചാന്ദിനി ചൗക്കിലെ ചില ചെറിയ കടകളില്‍ 190 രൂപയുടെ കച്ചവടം പോലും ദിനംപ്രതി നടക്കുന്നില്ല. വെണ്ണ, മുട്ട, റൊട്ടി തുടങ്ങിയ സാധനങ്ങള്‍ പോലും വന്‍ വിലകുറവിലാണ് ഇ കൊമേഴ്‌സ് വില്‍ക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അഞ്ച് ശതമാനം ലാഭം മാത്രമാണ് കമ്പനികള്‍ നല്‍കുന്നത്. ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുകുള്‍ ഗുപ്ത ആശങ്കപ്പെടുന്നു. രാജ്യത്തെ 12 കോടിയോളം വരുന്ന ചില്ലറ വ്യാപാരികളും നിലനില്‍പ്പിനായി പോരാടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മുകുള്‍ ഗുപ്ത പറയുന്നു. ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുമെന്ന ബിജെപിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് വോട്ട് ചെയ്തത്. എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് 1.45 ലക്ഷം കോടിയുടെ നികുതി ഇളവ് നല്‍കി. തങ്ങളെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടുകളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷക ആത്മഹത്യകള്‍ പോലെ ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന കാലം വിദൂരമല്ലെന്നും മുകുള്‍ ഗുപ്ത ആശങ്കപ്പെടുന്നു.

പ്രതിവര്‍ഷം 500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കരോള്‍ ബാഗിലെ ഡ്രൈ ഫ്രൂട്‌സ് വ്യാപാരം ആകെ തകിടം മറിഞ്ഞു. ദീപാവലി വേളയിലാണ് കച്ചവടം കൂടുതല്‍ നടക്കുന്നത്. ദീപാവലി കച്ചവടത്തിനായി വാങ്ങിയ ആപ്രിക്കോട്ട്, വാല്‍നട്ട്, നിലക്കടല എന്നിവ വില്‍പ്പനയില്ലാതെ നശിക്കുമെന്ന അവസ്ഥയിലാണെന്ന് വ്യാപാരിയായ അമിര്‍ഷ് ഗുലാത്തി പറയുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കരോള്‍ ബാഗില്‍ കച്ചവടം നടത്തുന്നു എന്നാല്‍ കമ്പോളം ഇത്ര തിരക്കൊഴിഞ്ഞ അവസ്ഥയില്‍ എത്തിയിട്ടില്ലെന്ന് വ്യാപാരിയായ നസീര്‍ ഖാന്‍ പറയുന്നു.

മൊത്ത വ്യാപാര കമ്പോളങ്ങളിലും തിരക്കില്ല. തികച്ചും മൂകമായ അന്തരീക്ഷം. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഉത്സവ സീസണ്‍ കഴിയുമ്പോള്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വ്യാപാരിയായ വികാസ് ധന്തന പറയുന്നു. പ്രതിമാസം മൂന്ന് ലക്ഷം രൂപ വൈദ്യുതി ചാര്‍ജ് നല്‍കണം. ഇതിനായി 20 ലക്ഷം രൂപയുടെ വ്യാപാരം നടക്കണം. ഇപ്പോല്‍ അഞ്ച് ലക്ഷം രൂപയുടെ വ്യാപാരം പോലും പ്രതിമാസം നടക്കുന്നില്ല. അതുകൊണ്ടുതന്നെ സ്ഥാപനം അടച്ചിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ധന്തന പറയുന്നത്.